കൊച്ചി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. മാർക്ക് ഷീറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെയുള്ള പ്രധാന അക്കാദമിക് രേഖകളുടെ ഡിജിറ്റൽ പതിപ്പുകൾ ആക്‌സസ് ചെയ്യുന്നതിന് ആവശ്യമായ ഡിജിലോക്കർ സുരക്ഷാ പിന്നുകൾ അതായത് ‘ആക്‌സസ് കോഡുകൾ’ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
ഡിജിലോക്കർ സ്കൂൾ അക്കൗണ്ടുകൾ വഴി സ്കൂളുകളിലേക്ക് വിദ്യാർത്ഥികളുടെ ഡിജിലോക്കർ ആക്സസ് കോഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് സിബിഎസ്ഇ അറിയിച്ചു. ഈ കോഡുകൾ വിദ്യാർത്ഥികളുമായി നൽകണമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, 2025 ലെ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലങ്ങൾ തയ്യാറാക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണെന്നും ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്. ഫലം പ്രഖ്യാപനം വന്നുകഴിഞ്ഞാൽ, വിദ്യാർത്ഥികൾക്ക് results.cbse.gov.in, cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം പരിശോധിക്കാം.
അംഗീകൃത ഉപയോക്താക്കൾക്ക് മാത്രമായി വ്യക്തിഗത അക്കാദമിക് രേഖകളിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്തുന്നതിനായി സിബിഎസ്ഇ അവതരിപ്പിച്ച 6 അക്ക സുരക്ഷാ പിൻ ആണ് ആക്‌സസ് കോഡ്. നാഷണൽ ഇ-ഗവേണൻസ് ഡിവിഷനുമായി (NeGD) സഹകരിച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്.
സിബിഎസ്ഇ ഫലങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞാൽ, ആവശ്യമായ വിവരങ്ങളും നൽകി ആക്‌സസ് കോഡും ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് ഡിജിലോക്കറിൽ ലോഗിൻ ചെയ്യാൻ കഴിയും. സിബിഎസ്ഇ ഡിജിലോക്കർ ലോഗിൻ വിശദാംശങ്ങൾ വിദ്യാർത്ഥികൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് എസ്എംഎസ് വഴി അയയ്ക്കും. ഈ പ്ലാറ്റ്‌ഫോമിലൂടെ വിദ്യാർത്ഥികൾക്ക് അക്കാദമിക്, കരിയർ ആവശ്യങ്ങൾക്കായി അവരുടെ മാർക്ക് ഷീറ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും ഡിജിറ്റൽ പകർപ്പുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും.