തൊടുപുഴ: കെ.പി.സി.സി പ്രസിഡന്റായി പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫിനെ നിയോഗിച്ചതിലൂടെ ഇടുക്കി ജില്ലയ്ക്കും ഇത് അഭിമാന നിമിഷം. തൊടുപുഴയ്ക്ക് സമീപം മൈലക്കൊമ്പിലായിരുന്നു സണ്ണി ജോസഫ് ജനിച്ചു വളര്‍ന്നത്.
തൊടുപുഴ മൈലക്കൊമ്പില്‍ നിന്നും കണ്ണൂരിലേക്ക് കുടിയേറിയതാണ് സണ്ണി ജോസഫിന്റെ വടക്കേക്കുന്നേല്‍ കുടുംബം. തൊടുപുഴ ന്യൂമാന്‍ കോളജില്‍ നിന്നും 1968 -70 ല്‍ പി.ഡി.സിയും 1970-73ല്‍ ബി.എ ഇക്കണോമിക്‌സ് വിദ്യാഭ്യാസവും പൂര്‍ത്തീകരിച്ചു. ഇക്കാലയളവില്‍ കെ.എസ്.യുവിലൂടെ വിദ്യാര്‍ഥി സംഘടനാ രംഗത്ത് സജീമായി.
കെ.എസ്.യു യൂണിറ്റ് ജനറല്‍ സെക്രട്ടറിയായാണ് വിദ്യാര്‍ഥി സംഘടനാ രംഗത്തേയ്ക്ക് എത്തുന്നത്. കോളജ് പഠനകാലത്താണ് സണ്ണി ജോസഫിന്റെ കുടുംബം മലബാറിലേയ്ക്ക് ചേക്കേറിയത്. കുടുംബം കണ്ണൂര്‍ക്ക് കുടിയേറിയെങ്കിലും കൊടുവേലിയില്‍ ബന്ധുവീട്ടില്‍ നിന്ന് ന്യൂമാന്‍ കോളജിലെ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷമാണ് സണ്ണി ജോസഫ് കണ്ണൂര്‍ക്ക് പോയത്.
ഡിഗ്രി പഠിക്കുമ്പോള്‍ കോളജ് യൂണിയന്‍ ഭാരവാഹി ആയി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ മികച്ച സംഘാടകനും പ്രാസംഗികനുമായിരുന്നു.
ബിരുദ പഠനത്തിന് ശേഷം കോഴിക്കോട് ലോകോളജില്‍ പ്രവേശനം നേടിയ സണ്ണി ജോസഫ് കോഴിക്കോട് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായി. കെ.എസ്.യു.-യൂത്ത് കോണ്‍ഗ്രസിലൂടെ വളര്‍ന്ന് കണ്ണൂര്‍ ഡി.സി.സി.പ്രസിഡന്റായി. പടി.കോടിക്കുളം മുണ്ടയ്ക്കാമറ്റത്തില്‍ കുടുംബാംഗമാണ് മാതാവ്. ന്യൂമാന്‍ കോളജ് അലുമ്നി അസോസിയേഷന്‍ മീറ്റിംഗുകളില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ നിന്നും അദ്ദേഹം എത്താറുണ്ട്.