തൊടുപുഴ: ആധുനിക സൗകര്യങ്ങളാണ് ഇപ്പോള്‍ ട്രഷറികളിൽ ഒരുക്കിയിട്ടുള്ളതെന്നും സോഫ്‍റ്റ്‍വയര്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ട്രഷറി പ്രവര്‍ത്തനം സൂഷ്‍മതയോടെയാണ് ഗുണഭോക്താക്കള്‍ നോക്കിക്കാണുന്നതെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കരിമണ്ണൂർ സബ് ട്രഷറി നിർമ്മണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർവർ ശക്തിപ്പെടുത്തി ബയോമെട്രിക്കും ഏർപ്പെടുത്തിയതോടെ പണം ട്രാൻസ്‌ഫർ ചെയ്‌താൽ ഫോണിൽ സന്ദേശമെത്തും. ഇവിടെ അക്കൗണ്ട് എടുക്കുന്നവർക്ക് സർക്കാരാണ് ഗ്യാരന്റി. എ.ടി.എം കാർഡ് ഇല്ലെന്നേയുള്ളു. ട്രഷറി സംവിധാനം ആധുനികവൽക്കരിച്ചതോടെ മാസാദ്യ നാളുകളിലെ ക്യൂ ഇല്ലാതായി. ട്രഷറി ഇടപാടുകൾ പൂട്ടാതെ കൊണ്ടുപോകാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

കരിമണ്ണൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പി.ജെ ജോസഫ് എം.എൽ.എ അധ്യക്ഷനായി. ദക്ഷിണ മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.പി ബിജുമോൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇളംദശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി, ട്രഷറി വകുപ്പ് ഡയറക്ടർ വി സാജൻ, ജില്ലാ ട്രഷറി ഓഫീസർ പി.എ സജു, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങയവർ സംസാരിച്ചു.
കരിമണ്ണൂർ പാലത്തിന് സമീപം മാളിയേക്കൽ എം.റ്റി ജോർജ് സൗജന്യമായി നൽകിയ 10 സെന്റിലാണ് ട്രഷറി നിർമിക്കുന്നത്. അദ്ദേഹത്തിന്റെ പരേതയായ ഭാര്യ ഡോ. റ്റി.എൻ ത്രേസ്യാമ്മയുടെ സ്‌മരണയ്‌ക്കായാണ് സ്ഥലം നൽകിയത്. 2023ൽ എം.റ്റി ജോർജും നിര്യാതനായി.