തൊടുപുഴ: തൊടുപുഴ നിയോജകമണ്ഡലത്തിലെ കുമാരമംഗലം പഞ്ചായത്തിൽ പയ്യാവ് മേഖലയിൽ കാട്ടാന ഇറങ്ങിയത് ജനങ്ങളിൽ ഭീതി ഉളവാക്കിയിരിക്കുകയാണെന്ന് കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ബ്ലെയ്സ് ജി വാഴയിൽ അഭിപ്രായപ്പെട്ടു. ഇന്നലെ രാത്രി മുള്ളരിങ്ങാട് മേഖലയിൽനിന്ന് പൈങ്ങോട്ടൂർ, കടവൂർ വഴി കലൂർ പുഴ കടന്നാണ് കാട്ടാനകൾ പയ്യാവ് മേഖലയിൽ എത്തിയിരിക്കുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരും വനം വകുപ്പും നിസംഗത തുടരുകയാണെന്നും അടിയന്തരമായി മുള്ളരിങ്ങാട് മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ അവിടെ നിന്നും ഉൾവനത്തിലേക്ക് ഓടിച്ചു വിടണമെന്നും ബ്ലെയ്സ് ആവശ്യപ്പെട്ടു. എംഎൽഎയുടെയും എംപി യുടെയും ഫണ്ട് ഉപയോഗിച്ച് വൈദ്യുതി വേലി പണി നടക്കുന്നുണ്ടെങ്കിലും തുക കുറവാണെന്നും അടിയന്തരമായി ഇടുക്കി പാക്കേജിൽ നിന്നും ആവശ്യമുള്ള തുക അനുവദിച്ച്, വൈദ്യുതി വേലിയുടെ നിർമ്മാണം പൂർത്തീകരിക്കണമെന്ന് ബ്ലെയ്സ് ജി. വാഴയിൽ ആവശ്യപ്പെട്ടു.





