Timely news thodupuzha

logo

പി.എം കുസും പദ്ധതി; കേരളത്തിലെ നടക്കുന്നത് വൻ അഴിമതിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ കർഷകർക്ക് സൗരോർജ പമ്പുകൾ നൽകാനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസും പദ്ധതി കേരളത്തിൽ അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ അഴിമതികളിൽ ഒന്നായി മാറുകയാണ്.

കേരളത്തിലെ കർഷകർക്ക് രണ്ടു കിലോവാട്ട് മുതൽ പത്ത് കിലോവാട്ട് വരെ ഉള്ള സൗരോർജ പ്‌ളാന്റുകൾ പമ്പുകൾ പ്രവർത്തിക്കുന്നതിനായി സൗജന്യമായി വെച്ചു നൽകാനുള്ള പദ്ധതിയാണിത്. ഇതിനെ അഴിമതിയുടെ കൂത്തരങ്ങായി മാറ്റിയിരിക്കുകയാണ് വൈദ്യുത മന്ത്രിയും അനർട്ടും. 240 കോടി രൂപയുടെ പദ്ധതിയിൽ 100 കോടിയിൽ പരം വരുന്ന ക്രമക്കേടും അഴിമതിയുമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

സർക്കാരിന്റെ കയ്യിൽ പണമില്ലാത്തതു കൊണ്ട് 175 കോടി രൂപ നബാർഡിൽ നിന്നു 5.25 ശതമാനം പലിശ നിരക്കിൽ 7 വർഷ കാലാവധിയിൽ വായ്പയായി എടുത്താണ് ഈ 100 കോടി രൂപയുടെ വെട്ടിപ്പ് നടത്തുന്നത് എന്നതാണ് ഏറ്റവും അവിശ്വസനീയം. പണമില്ലെങ്കിലും അഴിമതി ഏതുവിധേയനെയും നടത്തും എന്നവസ്ഥയാണിത്.

അഞ്ചു കോടി രൂപ വരെ ടെൻഡർ വിളിക്കാൻ അനുമതിയുള്ള അനർട്ട് സിഇഒ 240 കോടി രൂപയുടെ ടെൻഡർ വിളിച്ചതു മുതൽ ക്രമക്കേടുകൾ ആരംഭിക്കുന്നു. സർക്കാരിന്റെ രേഖാമൂലമായ അനുമതിയില്ലാതെ എങ്ങനെയാണ് ഇത്രയും ഉയർന്ന തുകയ്ക്ക് ടെൻഡർ വിളിക്കാൻ സാധിക്കുന്നത് എന്നു വ്യക്തമാക്കണം. തന്റെ അധികാരപരിധിക്ക് അപ്പുറമുള്ള കാര്യങ്ങൾ ചെയ്യാൻ അനർട്ട് സിഇഒയ്ക്ക് ധൈര്യം ലഭിച്ചത് എവിടെ നിന്നാണ്. മന്ത്രിയുടെ രഹസ്യ നിർദേശമില്ലാതെ ഇത്തരമൊരു കാര്യം ഒരുദ്യോഗസ്ഥന് ചെയ്യാൻ എങ്ങനെയാണ് ധൈര്യം വരുന്നത്.

ഇത് വൈദ്യുത മന്ത്രിയുടെ മൗനാനുവാദത്തോടെ നടന്ന ക്രമക്കേടാണ് എന്നതു വ്യക്തമാക്കുന്നു. ഗ്രേഡിങ് ഇല്ലാത്ത കമ്പനികൾക്കടക്കം ഉയർന്ന തുകയിൽ കോൺട്രാക്ട് നൽകി വൻ വെട്ടിപ്പാണ് നടക്കുന്നത്. എവിടെതൊട്ടാലും അഴിമതി എന്ന നിലയിലേക്ക് കേരളത്തിലെ ഇടതുപക്ഷ സർക്കാർ തരം താണിരിക്കുന്നു.

പിഎം കുസും പദ്ധതി പ്രകാരം സോളാർ പമ്പ് സ്ഥാപിക്കാനുള്ള പ്രോജക്ടിൽ അനെർട്ട് നടത്തിയ കള്ളക്കളിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്.

എന്താണ് ഈ 100 കോടിയുടെ ക്രമക്കേട്: സൗരോർജ്ജ പമ്പുകൾ സ്ഥാപിക്കാനായി കേന്ദ്രസർക്കാർ നിശ്ചയിച്ച ബെഞ്ച് മാർക്ക് റേറ്റിന്റെ ഇരട്ടിയിലേറെ റേറ്റിന് കേരളത്തിൽ ടെൻഡർ നൽകി. 60 ശതമാനം മുതൽ 147 ശതമാനം വരെ റേറ്റ് വർധനയാണ് ഉണ്ടായത്. ഇത് മൊത്തം ഇടപാടിൽ ഏതാണ്ട് 100 കോടി രൂപയുടെ വ്യത്യാസമാണ് വരുത്തിയിരിക്കുന്നത്.

ഇതു കൂടാതെ ഗ്രേഡിങ് ഇല്ലാത്ത കമ്പനികൾക്കും ഇതേ നിരക്ക് അനുവദിച്ചു. ഇത് പല കേസിലും അവർ ക്വോട്ട് ചെയ്ത തുകയേക്കാൾ കൂടുതലാണ്.

ക്രമക്കേട് ഒന്ന് – അഞ്ചു കോടി രൂപയ്ക്കു മാത്രം ടെൻഡർ വിളിക്കാൻ അധികാരമുള്ള അനർട്ട് സിഇഒ 240 കോടിയുടെ ടെൻഡർ വിളിച്ചു.

ക്രമക്കേട് രണ്ട് – ആദ്യ ടെൻഡറിൽ, കേന്ദ്രസർക്കാർ നിശ്ചയിച്ച ബെഞ്ച് മാർക്ക് നിരക്കിൽ നിന്ന് അധികം വ്യത്യാസമില്ലാതെ നിരക്ക് സമർപ്പിച്ച കമ്പനിയെ നീക്കം ചെയ്ത് വീണ്ടും ബിഡ് നടത്താൻ തീരുമാനിച്ചു.

240 കോടി രൂപയുടെ ആദ്യ ടെൻഡർ 2022 ആഗസ്റ്റ് 10 ന് ക്ഷണിച്ചു. 13 കമ്പനികളാണ് പങ്കെടുത്തത്. ഇതിൽ യോഗ്യമായ ടെക്നിക്കൽ ബിഡ് സമർപ്പിച്ച 6 കമ്പനികളുടെ ഫിനാൻസ് ബിഡ് ഓപ്പൺ ചെയ്തു. ഇതിൽ അഥിതി സോളാർ എന്ന കമ്പനിയാണ് കുറഞ്ഞ തുക രേഖപ്പെടുത്തിയിരുന്നത്. ഇവർ വെച്ച ടെൻഡർ പ്രകാരമുള്ള തുക കേന്ദ്രസർക്കാർ തീരുമാനിച്ച തുകയായ കിലോവാട്ട് ഒന്നിന് ജിഎസ്ടി അട്ക്കം 50,472 ൽ നിന്ന് ഏതാണ്ട് 16,000 രൂപയുടെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു.

എന്നാൽ കുറഞ്ഞ തുക ടെൻഡർ ചെയ്ത ഈ കമ്പനി മെയിൽ മുഖേന അവരെ ഇതിൽ പരിഗണിക്കേണ്ടതില്ല എന്ന് അറിയിച്ചതായി ഡിസംബർ 3 ന് അനെർട്ട് സി.ഇ.ഒ ഫയലിൽ രേഖപ്പെടുത്തി. എന്നാൽ ഇത് സംബന്ധിച്ച മെയിലിന്റെ പകർപ്പ് ഫയൽ രേഖകളിൽ ഇല്ല. അതായത് ഈ കമ്പനി തങ്ങൾ സ്വയം ഒഴിവായി എന്നു പറഞ്ഞോ എന്ന കാര്യത്തിൽ വേണ്ട രേഖകൾ സിഇഒ ഹാജരാക്കിയിട്ടില്ല.

Document – 1 (കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനി മെയിൽ മുഖേന അവരെ പരിഗണിക്കേണ്ടതില്ല എന്ന് അറിയിച്ചതായി അനെർട്ട് സി.ഇ.ഒ രേഖപ്പെടുത്തിയ 03-12-2022 ലെ ഫയലിൽ കോപ്പി)

അതിനുശേഷം യോഗ്യരായ 6 കമ്പനികളെയും പങ്കെടുപ്പിച്ച് ഡിസംബർ 6 ന് അനർട്ട് സിഇഒ ഓൺ ലൈൻ മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. ഈ മീറ്റിംഗിൽ വെച്ച് ടെൻഡർ ക്യാൻസൽ ചെയ്ത് റീ ടെൻഡർ ചെയ്യാൻ തീരുമാനിച്ചു. യോഗ്യമായ കമ്പനികളുടെ എണ്ണത്തിലുള്ള കുറവും, രേഖപ്പെടുത്തിയ തുക കൂടുതലും പദ്ധതിയെ ബാധിക്കും. നബാർഡിന്റെ വായ്പ തിരിച്ചടവ് കാലാവധി ഇത് കാരണം നീളുന്നത് കർഷകരെ ബാധിക്കും. ബെഞ്ച്മാർക്ക് വിലയെക്കാൾ വളരെ കൂടുന്നത് എം.എൻ.ആർ.ഇ യുടെ ശ്രദ്ധയിൽ വരും എന്നൊക്കെയാണ് അനെർട്ട് സി.ഇ.ഒ ഈ യോഗത്തിൽ പറഞ്ഞത്.

Document – 2 (ആദ്യ ടെൻഡർ ക്യാൻസൽ ചെയ്യാൻ അനെർട്ട് സി.ഇ.ഒ തീരുമാനിച്ച 06-12-2022 ന് കമ്പനിക്കാരെ പങ്കെടുപ്പിച്ച് നടത്തിയ മീറ്റിംഗ് മിനിറ്റ്‌സ്)

ക്രമക്കേട് മൂന്ന് – എന്നാൽ റീ ടെൻഡറിൽ 8 കമ്പനികൾ മാത്രമാണ് പങ്കെടുത്തത്. എന്നാൽ റീടെണ്ടറിൽ ബെഞ്ച് മാർക്ക് തുകയേക്കാൾ ഇരട്ടിയിലേറെ തുകയാണ് കമ്പനികൾ ക്വോട്ട് ചെയ്തത്. ഇതിൽ ഒരു കമ്പനിക്ക് ഇ ടെൻഡർ തുറന്ന ശേഷം മാറ്റങ്ങൾ വരുത്താൻ അനുവദിക്കുകയും ചെയ്തു. ടെക്നിക്കൽ ഗ്രേഡിങ്ങിൽ പുറത്തായ കമ്പനികൾക്കു വരെ കരാർ നൽകി.

ക്രമക്കേട് നാല് – സോളാർ പ്ലാന്റിനായി സംസ്ഥാനത്തിന് ഒരു അടിസ്ഥാന വില നിശ്ചയിക്കുന്നതിന് 2021 ജൂലൈ 13 ന് ഊർജ്ജ വകുപ്പ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടന്ന അനെർട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അനുമതി നൽകിയിരുന്നു. ഇതിനായി ഒരു കമ്മിറ്റിയെയും നിശ്ചയിച്ചിരുന്നു. എന്നാൽ അനെർട്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഈ തീരുമാനം ഇതുവരെയും അനെർട്ട് സി.ഇ.ഒ നടപ്പിലാക്കിയിട്ടില്ല.

ഈ കമ്മിറ്റി അടിസ്ഥാന വില നിശ്ചയിച്ചിരുന്നെങ്കിൽ അനർട്ട് മുഖേനെ കേരളത്തിൽ നടപ്പാക്കുന്ന എല്ലാ സൗരോർജ്ജ പദ്ധതികൾക്കും ഈ ഏകീകൃത റേറ്റ് നിലവിൽ വരുമായിരുന്നു. നിലവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റും വഴി നടപ്പാക്കുന്ന പദ്ധതിക്ക് ഏകീകൃത റേറ്റ് അല്ല പല റേറ്റുകളാണ് വാങ്ങുന്നത്. ഇതുവഴി ഉണ്ടാകുന്ന വൻ അഴിമതിയും തടയാൻ സാധിക്കുമായിരുന്നു.

Document – 3 (അടിസ്ഥാന വില നിശ്ചയിക്കുന്നതിന് അനുമതി നൽകിയ 2021 ജൂലൈ 13 ലെ അനെർട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിട്ട്‌സ്)

ക്രമക്കേട് അഞ്ച് – ടെൻഡർ ഫയലുകൾ ഫിനാൻസ്, പർച്ചേയിസ് വിഭാഗത്തിലുള്ളവരെ കാണിച്ചിട്ടില്ല: അനെർട്ടിൽ സെക്രട്ടറിയേറ്റിലെ ഫിനാൻസ് സെക്ഷനിൽ നിന്നുള്ള ഒരു സീനിയർ അഡീഷണൽ സെക്രട്ടറി ചീഫ് ഫിനാൻസ് ഓഫീസർ ആയുള്ള ഒരു ഫിനാൻസ് വിഭാഗം ഉണ്ട്. കൂടാതെ പർച്ചേയിസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുന്നതിന് ഒരു ജൂനിയർ മാനേജർക്ക് ചുമതലയും നൽകിയിട്ടുണ്ട്. എന്നാൽ 240 കോടി രൂപ വരുന്ന ഈ പദ്ധതിയുടെ ടെൻഡർ ക്ഷണിച്ചതും, വർക്ക് ഓർഡർ നൽകിയതും ആയ ഫയലുകൾ ഈ വിഭാഗത്തിലുള്ളവരെ കാണിച്ചിട്ടില്ല.

ക്രമക്കേട് ആറ് – താല്കാലിക ജീവനക്കാർക്കാണ് പല ചുമതലകളും നല്കിയത്: 89 ദിവസത്തേക്ക് മാത്രം നിയോഗിച്ച താല്കാലിക ജീവനക്കാരെയാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്നതിനും, സ്ഥാപിച്ച പ്ലാന്റുകൾ പരിശോധിക്കുന്നതിനും ചുമതല നല്കിയിരിക്കുന്നത്. അനെർട്ടുമായി നിയമന വ്യവസ്ഥ സംബന്ധിച്ച് ഒരു കാരാറും ഒപ്പിടാത്ത ഈ ജീവനക്കാർ പല സമ്മർദ്ധങ്ങൾക്കും വിധേയമായാണ് ഫയലുകൾ കൈകാര്യം ചെയ്യുന്നതും, പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുന്നതും.

Document – 4 (പദ്ധതി സംബന്ധിച്ച് 2025 മാർച്ച് 18 ലെ 4387 നമ്പർ ചോദ്യത്തിനുള്ള നിയമസഭാ മറുപടി)

Document – 5 (പരിശോധന ചുമതല നല്കിയ ജില്ലാ എഞ്ചിനീയർമാരുടെ നിയമനം 89 ദിവസമാണ് എന്നതിനുള്ള രേഖ)

ഈ അഴിമതിയുടെ വിവരങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. എംപാനൽ ചെയ്ത രണ്ടു വലിയ കമ്പനികൾ പിൻമാറിയതായി ഇന്ന് വാർത്തയിൽ കാണുന്നു. അതായത് ഗ്രേഡിങ്ങിൽ പുറത്തായ കമ്പനികൾ വഴിയാകും ഇനിയുള്ള പ്‌ളാന്റ് സ്ഥാപിക്കൽ. ചുരുക്കത്തിൽ ഗുണനിലവാരം പേരിനു പോലുമുണ്ടാകില്ല. സംസ്ഥാനത്തെ വിവിധ കൃഷിയിടങ്ങളിൽ ഉപയോഗ ശൂന്യമായ സോളാർ പന്തലുകൾ അവശേഷിക്കുന്ന അവസ്ഥയായിരിക്കും കുറച്ചു കാലം കഴിഞ്ഞാൽ നമ്മൾ കാണുന്നത്.

ഈ ക്രമക്കേടുകളെക്കുറിച്ച് നിയമസഭാ കമ്മിറ്റിയെക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്തണം. അനർട്ടിനെ ഉപയോഗിച്ച് വൈദ്യുത മന്ത്രാലയം നടത്തുന്ന അഴിമതിയുടെ കൂടുതൽ വിവരങ്ങൾ വരുംദിനങ്ങളിൽ പുറത്തു വിടും.

Leave a Comment

Your email address will not be published. Required fields are marked *