ദേവികുളം: എസ്.എസ്.പി.ഡി.എൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കല്ലാർ വാലി എസ്റ്റേറ്റിലെ ജീവനക്കാരെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച് കൊല പെടുത്താൻ ശ്രമിച്ച പ്രതികളിൽ എട്ടാം പ്രതിയായ കട്ടപ്പന, കടമക്കുഴി, വാലുമ്മേൽ വീട്ടിൽ ബിനോയി വർഗീസിന്റെ കട്ടപ്പനയിലുള്ള സ്ഥലവും വീടും ജപ്തി ചെയ്ത് കട്ടപ്പന സബ് കോടതി ഉത്തരവിറക്കി.
2021ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എസ്.എസ്.പി.ഡി.എൽ റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ 288 ഏക്കർ കല്ലാർവാലി എസ്റ്റേറ്റ് ബിനോയി വർഗീസ് പാട്ടത്തിന് എടുത്തിരുന്നു. പിന്നീട് കമ്പനിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് കമ്പനിയുടെ തന്നെ ഉടമസ്ഥയിലുള്ള 14. 5 ഏക്കർ സ്ഥലവും അതിനുള്ള എസ്റ്റേറ്റ് ബംഗ്ലാവും കമ്പനിയുടെ അനുവാദമില്ലാതെ അതിക്രമിച്ച് കയ്യേറുകയും ബിനോയി വർഗീസിന്റെ ജീവനക്കാർ അവിടെ താമസിക്കുകയും ചെയ്യുകയായിരുന്നു.
ഈ വിഷയം സംസാരിച്ച് പരിഹരിക്കുന്നതിനായി കമ്പനിയുടെ ഭാഗത്ത് നിന്നും എസ്റ്റേറ്റ് ഡെപ്യൂട്ടി മാനേജർ ബിനോയി മാലാക്കി, സെക്യൂരിറ്റി ഓഫീസർ ബെന്നി തോമസ്, മാനേജറുടെ ഡ്രൈവർ രതീഷ്, ജീവനക്കാരൻ സജീവൻ എന്നിവർ പ്രശ്നം രമ്യതയിൽ പറഞ്ഞു പരിഹരിക്കുന്നതിനായി കമ്പനി ബംഗ്ലാവിൽ ചെന്നപ്പോൾ കമ്പനി ബംഗ്ലാവിൽ അനധികൃതമായി കൈവശംവെച്ച് അവിടെ താമസിച്ചിരുന്ന ബിനോയ് വർഗീസിന്റെ ആളുകൾ മാരകായുധങ്ങളുമായി ഇവരെ വെട്ടിപ്പരിക്കയും ദീർഘകാലം ഈ ജീവനക്കാർ തീവ്ര ചികിത്സയിലും ആയിരുന്നു.
കാര്യങ്ങൾ പറഞ്ഞു പരിഹരിക്കുന്നതിന് വന്ന കമ്പനി ജീവനക്കാരെ കൊലപ്പെടുത്തുക എന്നതായിരുന്നു ബിനോയ് വർഗീസിന്റെ വർഗീസിന്റെ ജീവനക്കാരുടെ ലക്ഷ്യം. തുടർന്ന് അടിമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കൊലപാതകശ്രമത്തിലും അതിക്രമത്തിലും മാരകമായി പരിക്കേറ്റ നാല് പരാതിക്കാരാണ് ഒന്നേകാൽ കോടി രൂപയുടെ നഷ്ടപരിഹാരത്തിനായി ദേവികുളം സബ് കോടതിയിൽ കേസ്കൾ ഫയൽ ചെയ്തത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവികുളം സബ് കോടതി എട്ടാം പ്രതി ബിനോയ് വർഗീസിന്റെ വീടും സ്ഥലവും ജപ്തി ചെയ്യുന്നതിനുള്ള ഉത്തരവിട്ടത്. വാദികൾക്കു വേണ്ടി തൊടുപുഴ എം.എസ് അസോസിയേറ്റ്സിലെ അഡ്വ. എം.എസ് വിനയരാജ്, അഡ്വ. ഗിരിമോൻ റ്റി.എൻ, അഡ്വ. ഹർഷൻ ജി, അഡ്വ. ബാബു പള്ളിപ്പാട്ട്, അഡ്വ. കെവിൻ ജോർജ്, അഡ്വ. ജോസഫ് ഐ.ജെ എന്നിവർ ഹാജരായി.






