Timely news thodupuzha

logo

ഓണവിപണിക്ക് നിറമേകാൻ വെള്ളിയാമറ്റം കാർഷിക കർമ്മ സേനയുടെ വക പൂക്കളും പച്ചക്കറികളും

പന്നിമറ്റം: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത് കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമ്മ സേനയെ ശാക്തീകരിക്കുന്നതിനായി മഴമറയിൽ നടത്തിയ പച്ചക്കറികളുടെയും പൂക്കളുടെയും ആദ്യ വിളവെടുപ്പ് ഉദ്ഘാടനം വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോഹൻദാസ് പുതുശ്ശേരി നിർവ്വഹിച്ചു. മഴമറയിലെ പച്ചക്കറികളുടെ ആദ്യ വിളവ് വെള്ളിയാമറ്റം കൃഷിഭവനിലെ ഓണവിപണിയിലേക്കും, ചെണ്ടുമല്ലി പൂക്കൾ പഞ്ചായത്തിൻ്റെ പൂക്കളമൊരുക്കാനും നൽകി കാർഷിക കർമ്മ സേന പുതിയൊരു തുടക്കം കുറിച്ചു.

കൃഷിവകുപ്പ് നടത്തുന്ന ഓണവിപണി സെപ്തംബർ 1 മുതൽ 4 വരെ കൃഷിഭവന് സമീപം പ്രവർത്തിക്കും. മഴമറയിൽ നിന്ന് വിളവെടുത്ത വെണ്ടക്ക, സാലഡ് കുക്കുമ്പർ, അച്ചിങ്ങാ പയർ, പച്ചമുളക്, തക്കാളി എന്നിവ ഓണവിപണിയിൽ എത്തി. പഞ്ചായത്തിലെ കാർഷിക മേഖലയ്ക്ക് കർമ്മ സേനയുടെ കൂട്ടായുള്ള പ്രവർത്തനങ്ങൾ ഒരു മുതൽകൂട്ടാകും എന്നും കർമ്മ സേനയ്ക്ക് വേണ്ടി സ്വന്തമായി ഒരു മഴമറ, ഡ്രയർ യൂണിറ്റ്, ഗ്രാമ ചന്ത എന്നിവ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സജ്ജീകരിച്ച് നൽകുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ് എന്നും പഞ്ചായത്ത് പ്രസിഡൻ്റ് മോഹൻദാസ് പുതുശ്ശേരി അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷേർളി ജോസുകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കൃഷി ഓഫീസർ നിമിഷ അഗസ്റ്റിൻ സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്തംഗം ടെസിമോൾ മാത്യു, ഗ്രാമ പഞ്ചായത്തംഗം അഭിലാഷ് രാജൻ, കർമ്മ സേനാ സൂപ്പർവൈസർ ജോൺസൺ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. മഴമറയിൽ നടത്തിയ പച്ചക്കറികളുടെയും പൂക്കളുടെയും കൃഷി തങ്ങൾക്ക് ഒരു വേറിട്ട അനുഭവമായി മാറി കൂടുതൽ ആത്മവിശ്വാസം നൽകുന്നു എന്നും ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അടുത്ത കൃഷിയുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത് എന്നും കാർഷിക കർമ്മ സേനയെ പ്രതിനിധീകരിച്ച് ഉഷാകുമാരി ലാൽ സംസാരിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ ജയ്‌നമ്മ കെ.ജെ., മഴമറയുടെ ഉടമ അബ്രഹാം കൂട്ടുങ്കൽ, കാർഷിക കർമ്മ സേനാംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷിഭവൻ ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മോഹൻദാസ് പുതുശ്ശേരി
പഞ്ചായത്ത് പ്രസിഡൻ്റ്
ഫോൺ : 9746483112

Leave a Comment

Your email address will not be published. Required fields are marked *