ഇടുക്കി: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ആലോചനാ യോഗം ചേർന്നു.
ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്ന് (ഒക്ടോബർ 2) രാവിലെ 8.30 ന് സിവിൽ സ്റ്റേഷൻ വളപ്പിലെ ഗാന്ധി പ്രതിമയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ പുഷ്പാർച്ചന നടത്തും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു.പി ജേക്കബ്, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് ഗാന്ധിജയന്തി വാരാഘോഷം ജില്ലാതല പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞവും അന്നേദിവസം രാവിലെ 9 ന് പൈനാവ് ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനിൽ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്തംഗം കെ. ജി സത്യൻ, ബ്ളോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, നൗഷാദ് ടി. ഇ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
ഒക്ടോബർ 2 മുതൽ 8 വരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കും. സേവനവാരത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ റാലി, ക്വിസ് മത്സരം, സ്‌കിറ്റുകൾ തുടങ്ങിയവ സംഘടിപ്പിക്കും. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഓൺലൈൻ ക്വിസ്, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കും. കൂടാതെ എ ഐ വീഡിയോ ക്രിയേഷൻ, ഡിജിറ്റൽ പോസ്റ്റർ ഡിസൈനിംഗ്, ദേശഭക്തി ഗാനാലാപം, കാർട്ടൂൺ രചന തുടങ്ങിയ മത്സരങ്ങളുമുണ്ടാകും. വിജയികൾക്ക് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
ഹരിത കർമ്മസേനയുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവൃത്തികൾ സംഘടിപ്പിക്കും. ശുചിത്വോൽസവം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ശുചിത്വ റാലി,പ്രതിജ്ഞ, മറ്റു മത്സരങ്ങൾ എന്നിവ നടത്തും. കുടുംബശ്രീയുമായി ചേർന്ന് എക്സൈസ് വകുപ്പ് താലൂക്ക് തലങ്ങളിൽ പ്രതിരോധം കുടുംബശ്രീയിലൂടെ എന്ന ബോധവൽക്കരണ പരിപാടികളും കുടുംബശ്രീ വനിതകൾക്കായി സെമിനാറുകളും ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ അവബോധ ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ മൽസരങ്ങളും നടത്തും. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ സ്‌കൂൾ പരിസരങ്ങൾ വൃത്തിയാക്കൽ, ലഹരി വിരുദ്ധ ബോധവൽക്കരണം, പ്രതി്ജ്ഞ, ബ്രോഷർ രചന, ഫ്ളാഷ്മോബ് എന്നിവയും നടക്കും. ലഹരി വിരുദ്ധ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ലൈബ്രറി കൗൺസിൽ ലൈബ്രറികൾ ശുചീകരിക്കും.






