തിരുവനന്തപുരം: വ്യാജ ലോൺ ആപ്പുകൾ സാമ്പത്തിക തട്ടിപ്പുകൾക്കും വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗത്തിനും കാരണമാകാമെന്നും ഇത്തരം തട്ടിപ്പുകളിൽ പ്പെടാതിരിക്കുവാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പോലീസ് അധികൃതർ അറിയിച്ചു.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്: സ്ഥാപനത്തിന്റെ RBI അംഗീകാരം ഉറപ്പാക്കുക. ആപ്പ് നൽകുന്ന സ്ഥാപനം RBI അംഗീകാരമുള്ള ബാങ്കോ (Bank) അല്ലെങ്കിൽ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയോ (NBFC) ആണോ എന്ന് പരിശോധിക്കുക. ആപ്പിന്റെ വിവരങ്ങൾ റിവ്യൂകളും റേറ്റിംഗുകളും ശ്രദ്ധിക്കുക. ധാരാളം നെഗറ്റീവ് റിവ്യൂകളോ വ്യാജമായതോ ആയവ ഒഴിവാക്കുക. ഡെവലപ്പർ വിവരങ്ങൾ പരിശോധിക്കുകയും, അറിയപ്പെടാത്ത ഡെവലപ്പർമാരുടെ ആപ്പുകൾ ഒഴിവാക്കുകയും ചെയ്യുക. ലോണിന് ആവശ്യമില്ലാത്ത പെർമിഷനുകൾ (കോൺടാക്റ്റുകൾ, ഗാലറി, ലൊക്കേഷൻ) ആവശ്യപ്പെട്ടാൽ ഉപയോഗിക്കാതിരിക്കുക. ലോൺ വ്യവസ്ഥകൾ അമിതമായ പലിശയും ഫീസും ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. വേഗത്തിലുള്ള പ്രോസസ്സിംഗ് (ഒരു മിനിറ്റ് ലോൺ) വാഗ്ദാനം ചെയ്യുന്നവ പലപ്പോഴും വ്യാജമാണ്. ലോണിന് മുൻപ് പണം (പ്രോസസ്സിംഗ് ഫീസ്, ഇൻഷുറൻസ്) ആവശ്യപ്പെടുകയാണെങ്കിൽ അത് തട്ടിപ്പാണ്, കാരണം നിയമപരമായ സ്ഥാപനങ്ങൾ മുൻകൂട്ടി പണം ആവശ്യപ്പെടില്ല. പരിചയമില്ലാത്ത ലിങ്കുകളിൽ (ഇമെയിൽ/SMS/WhatsApp വഴി) ക്ലിക്ക് ചെയ്യരുത്. ബാങ്ക് അക്കൗണ്ട് പാസ്‌വേർഡ്, OTP, പിൻ നമ്പറുകൾ (PIN) എന്നിവ ആരുമായും പങ്കിടാതിരിക്കുക. സംശയമുണ്ടെങ്കിൽ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോയി വിവരങ്ങൾ സ്ഥിരീകരിക്കുക.


ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം ഈ വിവരം സൈബർ ഹെല്പ് ലൈൻ നമ്പറായ 1930 ലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ അറിയിക്കുക.





