Timely news thodupuzha

logo

ബിഹാർ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭയിലേക്കുളള ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. 121 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധിയെഴുതുന്നത്. ഒന്നാംഘട്ടത്തിൽ 1314 സ്ഥാനാർത്ഥികളാണ് ജനഹിതം തേടുന്നത്. ഇക്കുറി ശക്തമായ പോരാട്ടത്തിനാണ് ബിഹാർ വേദിയായത്. പരസ്പരം പഴിചാരി കൊണ്ടുളള കടുത്ത മത്സരമാണ് നടന്നത്.

എൻഡിഎയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി നദ്ദ എന്നിവർ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. മഹാസഖ്യത്തിനായി രാഹുൽഗാന്ധി, കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവരും അണിനിരന്നത് ബിഹാറിന്‍റെ ചരിത്രത്തിൽ ഇടം നേടി. മോദി-രാഹുൽ വാക് പോരാട്ടം പ്രചാരണത്തെ വേറിട്ടതാക്കി. തേജസ്വി യാദവിനെയും രാഹുലിനെയും ലക്ഷ്യം വെച്ചുളള ഒളിയമ്പുകളാണ് മോദി തൊടുത്ത് വിട്ടത്. തെരഞ്ഞെടുപ്പ് അടുത്തതോടെ രണ്ട് രാജകുമാരന്മാർ കറങ്ങി നടക്കുകയാണെന്നായിരുന്നു മോദിയുടെ പരിഹാസം. രാഹുൽ ഗാന്ധി ഛേഠ് പൂജയെ അപമാനിച്ചുവെന്നായിരുന്നു മോദിയുടെ മറ്റൊരു ആരോപണം. മോദി വ്യാജ ഡിഗ്രിക്കാരനാണെന്നായിരുന്നു രാഹുലിന്‍റെ തിരിച്ചുളള ആരോപണം. വൻ വാഗ്ദാന പെരുമഴയാണ് എൻഡിഎയുടെയും മഹാസഖ്യത്തിന്‍റെ പ്രകടനപത്രികയിലുളളത്.

ഒരു വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലിയെന്നതാണ് തേജസ്വി യാദവിന്‍റെ വാഗ്ദാനത്തിലുളളത്. പത്രികയിലെ വാഗ്ദാനങ്ങൾ മനസിലാക്കിയാവും വ്യാഴാഴ്ച ജനങ്ങൾ ബൂത്തുകളിലേത്തുക. ബിഹാറിലെ ജനവിധി ബിജെപിക്ക് ഏറെ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ പരമാവധി നേതാക്കളെ ബിഹാറിലെത്തിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം.

Leave a Comment

Your email address will not be published. Required fields are marked *