തൊടുപുഴ: അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെത്തുന്നതിലുള്ള അധികൃതരുടെ വാഗ്ദാന ലംഘനത്തെ തുടർന്ന് ഇടുക്കി ബി.എസ്.സി നഴ്‌സിങ് കോളജിൽ വീണ്ടും പ്രതിസന്ധി. പ്രശ്‌നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാര സമരത്തിനും നിയമ നടപടികൾക്കുമൊരുങ്ങി വിദ്യാർഥികളും പി.റ്റി.എ ഭാരവാഹികളും. കോളേജുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും ഉന്നയിച്ചത്. കുടിവെള്ളം പോലും ലഭിക്കാതെ കടുത്ത ദുരിതമാണ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾ അനുഭവിക്കുന്നത്.

പ്രതിസന്ധി പരിഹരിക്കുമെന്ന സർക്കാർ വാഗ്ദാനം പാഴായി. ഡി.എം.ഇക്ക് പലതവണ പരാതി നൽകിയിട്ടും പരിഹാരമായില്ല. പുതിയ ബാച്ചിന്റെ ഉദ്ഘാടന സമയത്ത് ക്ലാസ് റൂമിന്റെ നവീകരണം നടപ്പാക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം നടപ്പായില്ല. കെ.എൻ.എം.സി ഫണ്ടിൽ നിന്നും ഫണ്ട് അനുവദിച്ചിട്ടും കോളേജ് ബസ് ലഭ്യമായിട്ടില്ല. സ്വന്തം ചിലവിലും പിറ്റിഎ ഫണ്ടിൽ നിന്നും തുക ചിലവഴിച്ചും ക്ലിനിക്കൽ പ്രാക്ടിസിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകേണ്ട ദുരവസ്ഥയിലാണ് വിദ്യാർത്ഥികൾ. രോഗികളോടൊപ്പം ഐ.പി ബ്ലോക്കിലും ഐസലേഷൻ – ഗൈനക്കോളജി വാർഡുകളിലും ഇരുന്ന് പഠിക്കേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ. ഒരാഴ്ചക്കകം പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ നിരാഹാര സമരം തുടങ്ങുമെന്ന് വിദ്യാർഥികളും പി.റ്റി.എ ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.





