All Categories

Uploaded at 1 week ago | Date: 20/07/2021 22:21:16

ബിജെപി നേതാക്കളെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് രാജ്യദ്രോഹം ചുമത്തി അന്യായമായി തടങ്കലിലിട്ടതില്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യപ്പെട്ട് മണിപ്പൂരി ആക്ടിവിസ്റ്റ് എറന്‍ദ്രോ ലെയ്‌ച്ചോംബാം സുപ്രീംകോടതിയില്‍. ലെയ്‌ച്ചോംബാമിനെതിരായ കുറ്റം നിലനില്‍ക്കില്ലെന്നും അദ്ദേഹത്തെ ഉടന്‍ ജയില്‍ മോചിതനാക്കണമെന്നും തിങ്കളാഴ്ച്ചയാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലെയ്‌ച്ചോംബാം കോടതിയെ സമീപിച്ചത്.

കൊവിഡ് കാലത്തും ചാണകത്തിനും ഗോമൂത്രത്തിനും വേണ്ടി വാദിക്കുന്ന ബിജെപി നേതാക്കളെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് ലെയ്‌ച്ചോംബാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. എന്നാല്‍ ഇത് വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിയ കോടതി തിങ്കളാഴ്ച്ച വൈക്കിട്ട് അഞ്ച് മണിക്ക് മുമ്പായി ഇദ്ദേഹത്തെ ജയില്‍ മോചിതനാക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും എം ആര്‍ ഷായുമടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.

ജയില്‍ മോചിതനായതിന് പിന്നാലെ സുപ്രീംകോടതിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലെയ്‌ച്ചോംബാം സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി മണിപ്പൂര്‍ സര്‍ക്കാരിന് നോട്ടിസ് അയച്ചു. ഹര്‍ജിയുടെ ഗൗരവം ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കരിന് നിലപാട് വ്യക്തമാക്കാന്‍ രണ്ടാഴ്ച്ച സമയം അനുവദിച്ചു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളില്‍ ഒന്നില്‍ പോലും പൊലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ലെയ്‌ച്ചോംബാം ചൂണ്ടിക്കാട്ടി. അതേസമയം സുപ്രീം കോടതിയുടെ നിര്‍ദ്ദേശം ലഭിച്ച ഉടന്‍ തന്നെ അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയെന്ന് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

മണിപ്പൂര്‍ ബിജെപി അധ്യക്ഷനായിരുന്ന എസ് ടിക്കേന്ദ്ര സിംഗ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതിന് പിന്നാലെ സമൂഹമാധ്യത്തിലിട്ട ഒരു പോസ്റ്റിന്റെ പേരില്‍ മെയ് 13നാണ് ലെയ്‌ച്ചോംബാമിനെ അറസ്റ്റ് ചെയ്യുന്നത്. ‘കൊവിഡിനെതിരായ ചികിത്സ ചാണകവും ഗോമൂത്രവുമല്ല. ചികിത്സ ശാസ്ത്രവും സാമാന്യബോധവുമാണ്’ എന്നായിരുന്നു ടിക്കേന്ദ്ര സിങ്ങിന് അനുശോചനമറിയിച്ചുകൊണ്ട് ലെയ്‌ച്ചോംബാം ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ലെയ്‌ച്ചോംബാമിന്റെ കുറിപ്പിലെ പരാമര്‍ശങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി മണിപ്പൂര്‍ ബിജെപി പ്രസിഡണ്ട് ഉഷം ദേബന്‍ സിങ് നല്‍കിയ പരാതിയിലാണ് മണിപ്പൂര്‍ പൊലീസ് 40കാരനായ ആക്ടിവിസ്റ്റിനെ അറസ്റ്റ് ചെയ്തത്.

ഇംഫാല്‍ വെസ്റ്റിലെ ജില്ലാ മജിസ്‌ട്രേറ്റ് കിരണ്‍കുമാറാണ് മെയ് 17ന് ലെയ്‌ച്ചോംബാമിനെതിരെ ദേശസുരക്ഷാ നിയമം ചുമത്താന്‍ നിര്‍ദേശിച്ചത്. ഇതിനെതിരെ ലെയ്‌ച്ചോംബാമിന്റ പിതാവ് രഘുമണി സിങ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. കൊവിഡിന് മരുന്നായി ചാണകവും പശുമൂത്രം ഉപയോഗിക്കാമെന്ന് വിവിധ ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയാണ് ലെയ്‌ച്ചോംബാമിന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്നുമാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്.മണിപ്പൂരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പട്ടാളനിയമങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് ലെയ്‌ച്ചോംബാം. സാമൂഹ്യ പ്രവര്‍ത്തകയായ ഇറോം ശര്‍മിളയുടെ ഒപ്പം നിന്ന് ജനവിരുദ്ധ നടപടികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഹാവഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് എംബിഎ ബിരുദം നേടിയത്.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.