All Categories

Uploaded at 2 months ago | Date: 30/06/2021 14:54:58

മൂന്നു വിദേശ കമ്പനികള്‍ക്ക് അദാനി ഗ്രൂപ്പിലുളള 43,500 കോടിയുടെ ഓഹരികള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി മരവിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ധനമന്ത്രി തോമസ് ഐസക്ക്. ഒരു ട്വീറ്റും പത്രറിപ്പോര്‍ട്ടും കൊണ്ടാണ് അദാനി കമ്പനികളുടെ ഷെയര്‍ 25 ശതമാനം ഇല്ലാതാക്കിയതെന്ന് തോമസ് ഐസക്ക് പറഞ്ഞു. തോമസ് ഐസക്ക് പറയുന്നു: ”പുതിയ ഹര്‍ഷദ്‌മേത്ത ആര്? ഇതാണ് ഇന്നത്തെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ അദാനിയുടെ കമ്പനികളുടെ ഷെയര്‍ വില ഇടിവ് വാര്‍ത്ത കണ്ടപ്പോള്‍ ഓര്‍മ്മിച്ചത്. അദാനി കമ്പനികളുടെ ഷെയര്‍ വില ഇതിനകം 25 ശതമാനം ഇടിഞ്ഞു കഴിഞ്ഞു. ഒരു വര്‍ഷംകൊണ്ട് 800 ശതമാനം ഓഹരി വിലക്കയറ്റം സൃഷ്ടിച്ച് കോവിഡുകാലത്ത് റെക്കോര്‍ഡ് ഇട്ടതാണ് അദാനി. ഒരു ട്വീറ്റും പത്രറിപ്പോര്‍ട്ടും ഒറ്റദിവസംകൊണ്ട് ഇതിന്റെ 25 ശതമാനം ഇല്ലാതാക്കി.” ”ട്വീറ്റ് സുചേതാ ദലാല്‍ കഴിഞ്ഞ ദിവസം നടത്തിയതാണ്. സുചേതാ ദലാല്‍ ചില്ലറക്കാരിയല്ല. അവരാണ് നരസിംഹ റാവുവിനെ വലച്ച ഹര്‍ഷദ് മേത്ത ഓഹരി കുംഭകോണം പുറത്തുകൊണ്ടുവന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് എന്റെ ചിന്ത ലേഖനം വായിക്കാം. (http://dr-tm-thomas-isaac.blogspot.com/…/06/blog-post.html). അധികവായനയ്ക്ക് സുചേതാ ദലാലും ഭര്‍ത്താവ് ദേബാഷിഷ് ബസുവും ചേര്‍ന്നെഴുതിയ ദി സ്‌കാം (തട്ടിപ്പ്) എന്ന ഗ്രന്ഥം വായിക്കുക. ഹര്‍ഷദ് മേത്തയെക്കുറിച്ചു മാത്രമല്ല, പത്തുവര്‍ഷം കഴിഞ്ഞ് കേതന്‍ പരേഖ് നടത്തിയ മറ്റൊരു ഭീമന്‍ ഓഹരിത്തട്ടിപ്പിന്റെയും വിശദമായ കഥ ഇതിലുണ്ട്. മറ്റൊരു ഓഹരിത്തട്ടിപ്പ് ഉരുണ്ടുകൂടുന്നുവെന്ന സൂചനയാണ് സുചേത തന്റെ ട്വീറ്റിലൂടെ നല്‍കിയത്. വിദേശ ഏജന്‍സികളുടെ പങ്കാളിത്തത്തെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്.” ”ഇന്നത്തെ ഇക്കണോമിക് ടൈംസ് പത്രത്തിന്റെ തലക്കെട്ട് മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 3 വിദേശ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളുടെ അക്കൗണ്ടുകള്‍ നാഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ് (NSDL) മരവിപ്പിച്ചുവെന്ന വാര്‍ത്തയാണ്. ഈ കമ്പനികള്‍ക്കുംകൂടി അദാനിയുടെ കമ്പനി ഓഹരികളില്‍ 43,000 കോടി രൂപയുടെ നിക്ഷേപമുണ്ടത്രേ. കാരണമെന്തെന്നു വ്യക്തമല്ലെങ്കിലും കള്ളപ്പണ വെളുപ്പില്‍ നിരോധന നിയമപ്രകാരമാകാം നടപടിയെന്നു സൂചനയുണ്ട്.” ”ഇത്രയും മതി ഓഹരി ബ്രോക്കര്‍മാര്‍ തങ്ങളുടെ കൈയ്യിലെ അദാനി ഷെയറുകള്‍ കൈയ്യൊഴിയാനുള്ള പരിഭ്രാന്തിക്കു തുടക്കം കുറിക്കാന്‍. ഓഹരി വിലകള്‍ കുത്തനെ ഇടിഞ്ഞപ്പോള്‍ ചില അദാനി കമ്പനികളുടെ ഷെയര്‍ ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഒരുലക്ഷം കോടി രൂപ വിപണിമൂല്യം നഷ്ടം അദാനിക്ക് ഉണ്ടായിയെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരുലക്ഷം കോടി നഷ്ടമുണ്ടായെന്നു കേള്‍ക്കുമ്പോള്‍ ഞെട്ടണ്ട. ഒറ്റവര്‍ഷംകൊണ്ട് 2,55,000 കോടി രൂപയാണ് അദാനിയുടെ ആസ്തികളുടെ മൂല്യത്തില്‍ 2020ല്‍ വര്‍ദ്ധനയുണ്ടായത്. ഇതിന്റെ ഫലമായി ലോകത്തെ പതിനാലാമത്തെ ഏറ്റവും വലിയ പണക്കാരനായി അദ്ദേഹത്തിന്റെ റാങ്ക് ഉയര്‍ന്നു. അംബാനി കഴിഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരന്‍. തന്റെ സ്വത്ത് ഇങ്ങനെ വര്‍ദ്ധിപ്പിക്കുന്നതിന് ഓഹരി വിപണിയില്‍ ഇപ്പോള്‍ എന്‍എസ്ഡിഎല്‍ മരവിപ്പിച്ചിരിക്കുന്ന ഫണ്ട് അക്കൗണ്ടുകള്‍ ഉപയോഗിച്ച് തിരിമറി നടത്തിയിട്ടുണ്ടോയെന്നുള്ളത് അടുത്ത ദിവസങ്ങളില്‍ അറിയാം. ഏതാണ്ട് എല്ലാ പത്തു വര്‍ഷം കൂടുമ്പോഴും ഒരു ഓഹരി കുംഭകോണം ഇന്ത്യയെ ഞെട്ടിക്കാറുണ്ട്. ആദ്യം ഹര്‍ഷദ് മേത്ത, പിന്നെ കേതന്‍ പരേഖ്, അതുകഴിഞ്ഞ് ജിഗ്‌നേഷ് ഷായുടെ നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ച് ഇന്നിപ്പോള്‍ ആരുടെ ഓഹരിത്തട്ടിപ്പ്?” ”വാല്‍ക്കഷണം – തങ്ങളുമായി ബന്ധപ്പെട്ട മൂന്ന് വിദേശഫണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്ത അദാനി ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. പക്ഷെ ഈ പ്രസ്താവന പ്രസിദ്ധീകരിച്ച മണി കണ്‍ട്രോള്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട് – ‘ഈ പ്രസ്താവന ഉണ്ടെങ്കിലും എന്‍.എസ്.ഡി.എല്ലിന്റെ ഡാറ്റ കാണിക്കുന്നത് മൂന്നു വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നു എന്നാണ്’.”-തോമസ് ഐസക്ക് പറഞ്ഞു.   ആല്‍ബുല ഇന്‍വെസ്റ്റുമെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റുമെന്റ് ഫണ്ട് എന്നീ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് എന്‍എസ്ഡിഎല്‍ മരവിപ്പിച്ചത്. കള്ളപ്പണം തടയല്‍ (പിഎംഎല്‍എ) നിബന്ധനപ്രകാരം ആവശ്യമായ രേഖകള്‍ കമ്പനികള്‍ നല്‍കാത്തത് കൊണ്ടാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കമ്പനികള്‍ക്കെല്ലാമായി അദാനി ഗ്രൂപ്പില്‍ 43,500 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. മൂന്ന് നിക്ഷേപ സ്ഥാപനങ്ങളും മൗറീഷ്യസിലെ പോര്‍ട്ട് ലൂയീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

 

business

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.