All Categories

Uploaded at 1 week ago | Date: 09/01/2022 13:58:52

 

അടിമാലി സെലീന വധം - കേസിന്റെ വിചാരണ തിങ്കളാഴ്ച ആരംഭിക്കും

തൊടുപുഴ:- അടിമാലി 14-ാം മൈലില്‍ ചരുവിള പുത്തന്‍വീട്ടില്‍ അബ്ദുള്‍ സിയാദ് ഭാര്യ 41 വയസ്സുള്ള സെലീനയെ മാരകമായി കുത്തി കൊലപ്പെടുത്തുകയും തുടര്‍ന്ന് മാറിടം മുറിച്ചു മാറ്റുകയും ചെയ്ത കേസിന്റെ വിചാരണ (10.01.2022) ആരംഭിക്കും.

തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ശശികുമാര്‍ പി.എസ്. മുമ്പാകെയാണ് ഇന്ന് സാക്ഷികളുടെ വിസ്താരം തുടങ്ങുന്നത്.  കേസിലെ പ്രതിയായ വണ്ടമറ്റം പടിക്കുഴിയില്‍ ഗോപാലകൃഷ്ണന്‍ മകന്‍ ഗിരോഷും (35) കൊല്ലപ്പെട്ട സെലീനയും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കണ്ടെത്തിയത്.

കൊല്ലപ്പെട്ട സെലീന താന്‍ അഡ്വക്കേറ്റും, ഫാമിലി കൗണ്‍സിലറും ആണ് എന്ന് കളവായി സ്വയം പറഞ്ഞ് പരിചയപ്പെടുത്തി, അടിമാലി ടൗണില്‍ ഓര്‍ക്കിഡ് കോപ്പി റാന്റ് സിസ്റ്റം എന്ന സ്ഥാപനം  നടത്തി വന്നിരുന്ന ഗിരോഷിനെക്കൊണ്ട് ടിയാന്റെ കടയില്‍ ജോലി ചെയ്തിരുന്ന അഞ്ജന എന്നു വിളിക്കുന്ന അനീറ്റ ഗര്‍ഭിണിയാണെന്ന് മന:പൂര്‍വ്വം കള്ളം പറഞ്ഞും വിവാഹം കഴിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയും സെലീന മുന്‍കൈയെടുത്ത്  ഗിരോഷിനെക്കൊണ്ട് അനീറ്റയെ വിവാഹം കഴിപ്പിക്കുകയും ഇക്കാര്യം പറഞ്ഞ് പലപ്രാവശ്യങ്ങളിലായി  സെലീന 1,08,000/- രൂപയോളം ഗിരോഷില്‍ നിന്ന് കൈവശപ്പെടുത്തുകയും ചെയ്തത് മൂലവും സെലീനയുടെയും ഭര്‍ത്താവിന്റെയും ഉടമസ്ഥതയിലുള്ള ടാറ്റാ മന്‍സാ കാര്‍ സെലീനയുടെ പേരില്‍ നിന്നും ഗിരോഷിന്റെ പേരിലേയ്ക്ക് ഉടമസ്ഥത മാറ്റി എടുപ്പിച്ച ശേഷം  തൊടുപുഴ മുത്തൂറ്റ് ഫൈനാന്‍സില്‍ നിന്നും ഗിരോഷിന്റെ അമ്മയെയും കൂട്ടുകാരനെയും ജാമ്യം നിര്‍ത്തി ഗിരോഷിന്റെ പേരില്‍ സെലീന രണ്ട് ലക്ഷം രൂപ ലോണ്‍ എടുത്ത ശേഷം, സി.സി. തുക കൃത്യമായി അടയ്ക്കാതെ കുടിശ്ശിക വരുത്തിയത് മൂലം റിക്കവറി നോട്ടീസ് വന്നിട്ടുള്ളതിനാലും ഗിരോഷിന് സെലീനയോടുണ്ടായ വിരോധവും, പകയും നിമിത്തം സെലീനയെ കുത്തിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടും, കരുതലോടും കൂടി 10.10.2017 തീയതിയില്‍ 2.20 മണിക്ക് വാളറ കരയില്‍ 14-ാം മൈല്‍ ഭാഗത്തുള്ള സെലീനയുടെ വീട്ടിലെത്തിയ ഗിരോഷ് മുറ്റത്ത് തുണി കഴുകിക്കൊണ്ടിരുന്ന സെലീനയോട് തന്റെ ഭാര്യയെ ആശുപത്രിയിലാക്കാന്‍ പണം ആവശ്യപ്പെട്ടെങ്കിലും സെലീന അത് നല്‍കാന്‍ തയ്യാറായില്ല.  തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ സെലീനയുടെ കഴുത്തിലും ശരീരത്തിന്റെ പല ഭാഗത്തും ഗിരോഷ് പിച്ചാത്തി കൊണ്ട് ആഞ്ഞു കുത്തി മാരകമായി പരിക്കുകള്‍ ഏല്‍പ്പിച്ച് കൊലപ്പെടുത്തിയും,  സെലീന ധരിച്ചിരുന്ന സ്വര്‍ണ്ണ നിറത്തിലുള്ള മാല സ്വര്‍ണ്ണമാണെന്ന് വിശ്വസിച്ച് കവര്‍ച്ച ചെയ്‌തെടുത്തും, സംഭവത്തിനു ശേഷം പുറത്തിറങ്ങി നാഷണല്‍ ഹൈവേ റോഡിന്റെ എതിര്‍വശത്തായി വന്ന് നിന്ന് പരിസരം വീക്ഷിച്ച ശേഷം പക തീരാത്തതിനെ തുടര്‍ന്ന് ഒരു ബൈക്കില്‍ വീണ്ടും സംഭവസ്ഥലത്തെത്തി സെലീനയുടെ മൃതദേഹത്തില്‍ നിന്നും ഇടതുവശം മാറിടം പിച്ചാത്തികൊണ്ട് അറുത്ത് മുറിച്ചെടുത്ത് പാന്റില്‍ പൊതിഞ്ഞ് ബാഗിനകത്തു വച്ച് കൊണ്ടുപോയി ആയത് ഗിരോഷിന്റെ കുറുമ്പാലമറ്റത്തുള്ള വീട്ടില്‍ ഒളിപ്പിച്ചു വച്ചും അതിനു ശേഷം പിച്ചാത്തി കഴുകി തെളിവുകള്‍ നശിപ്പിച്ചു എന്നും മറ്റുമാണ് ഗിരോഷിനെതിരെയുള്ള കുറ്റാരോപണം.   

മത്സ്യവ്യാപാരിയായ സെലീനയുടെ ഭര്‍ത്താവ് രാത്രി 7.45 മണിയോടെ വീട്ടില്‍ എത്തിയപ്പോഴാണ് ഉച്ചയ്ക്ക് നടന്ന സംഭവം പുറത്തറിയുന്നത്.  നൈറ്റി ധരിച്ചിരുന്ന സെലീനയുടെ ശരീരം ഭാഗീകമായി വിവസ്ത്രയായ നിലയിലായിരുന്നു.  ഇടതു മാറിടത്തിനു സമീപം വെട്ടേറ്റ മാരകമായ മുറിവു സംഭവിച്ച നിലയിലാണ് മൃതദേഹം കണ്ടത്.  മത്സ്യ വ്യാപാരം കഴിഞ്ഞെത്തിയപ്പോള്‍ പതിവില്ലാതെ വീട് പൂട്ടിയ നിലയിലും ലൈറ്റുകള്‍ കാണാതിരിക്കുകയും ചെയ്തതോടെ വീടിന്റെ പിന്‍ഭാഗത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.  ഇദ്ദേഹത്തിന്റെ നിലവിളികേട്ട് സമീപത്തുള്ളവര്‍ ഓടിക്കൂടി.  സ്ഥലത്തെത്തിയ പോലീസ് അയല്‍വാസികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും ചോദ്യം ചെയ്തു.  വിശദമായ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെയാണ് സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.  വീട്ടമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിന് തുമ്പുണ്ടാക്കിയത് സമീപത്തെ സുഗന്ധവ്യഞ്ജന വില്‍പന കേന്ദ്രത്തിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ്. പോലീസ്‌നിരീക്ഷണക്യാമറയിലെ രാവിലെ മുതലുള്ള ദൃശ്യങ്ങള്‍ വിശദമായിപരിശോധിച്ചപ്പോള്‍ പ്രതിയുടെ ദൃശ്യങ്ങള്‍ കണ്ടു.  വണ്ടമറ്റം സ്വദേശിയായ പ്രതി വീട്ടിലെത്തിയതും കൊലയ്ക്കു ശേഷം മടങ്ങുന്നതും ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിരുന്നു.  ഈ ദൃശ്യങ്ങള്‍ കണ്ട സെലീനയുടെ ഭര്‍ത്താവാണ് പ്രതിയെ തിരിച്ചറിഞ്ഞത്.  മൊബൈല്‍ ടവര്‍ പിന്‍തുടര്‍ന്നെത്തിയ പോലീസ് പിറ്റേന്ന് പുലര്‍ച്ചയോടെ ഇയാളെ കസ്റ്റഡിയിലെടുത്തു.  പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ കൃത്യം ചെയ്തത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു.  പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കൊല നടത്തിയ രീതിയെക്കുറിച്ചും ഇതിന് പ്രേരിപ്പിച്ച വസ്തുതകളെക്കുറിച്ചും ഇയാള്‍ പോലീസിനോട് വിശദീകരിച്ചത്.  പ്രതി പറഞ്ഞ വിവരത്തിന്റെയടിസ്ഥാനത്തില്‍ ടിയാനെ വീട്ടിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് മുറിച്ചുമാറ്റിയ മാറിടവും കത്തിയും കണ്ടെത്തിയത്.  മണിക്കൂറുകള്‍ക്കകം പ്രതിയെ കണ്ടെത്തി പോലീസിനു പിടികൂടാന്‍ സാധിച്ചത് കേസില്‍ നിര്‍ണ്ണായകമായി.

ദൃക്‌സാക്ഷികളാരുമില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളെയാണ് പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നത്.അടിമാലി പോലീസ് ഇന്‍സ്‌പെക്‌റായിരുന്ന പി.കെ.സാബുവാണ് കേസിന്റെ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.  കേസില്‍ ആകെ 59 സാക്ഷികളാണുള്ളത്.  പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. സുനില്‍ ദത്താണ് പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.