മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത്
കോൺഗ്രസ് പ്രവർത്തകർക്ക് ഹൈക്കോടതി ജാമ്യം . കേസിൽ അറസ്റ്റിലായ ഫർസീൻ മജീദ്
, നവീൻ കുമാർ എന്നിവർക്ക് ജാമ്യവും സുജിത് നാരായണന് മുൻകൂർ ജാമ്യവുമാണ്
അനുവദിച്ചത്. മുഖ്യമന്ത്രിക്കെതിരെ വധശ്രമം നടത്തിയെന്ന്
ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.
കഴിഞ്ഞ ദിവസം ജാമ്യ
ഹർജി പരിഗണിക്കവെ സിസിടിവി ദൃശ്യങ്ങളുണ്ടെങ്കിൽ അത് ലഭിച്ചാൽ
പരിശോധിക്കാമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ പ്രതിഷേധം നടന്ന വിമാനത്തിൽ
സിസിടിവി ഇല്ലായിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു.
പ്രതിഷേധം നടന്നത് ചെറു വിമാനത്തിലായിരുന്നു വെന്നും അതിനാൽ വിമാനത്തിൽ
സിസിടിവി ഉണ്ടായിരുന്നില്ലന്നുമാണ് ഡിജിപി കോടതിയെ അറിയിച്ചത്.
മുഖ്യമന്ത്രിയ്ക്കെതിരായ വധശ്രമക്കേസ് പ്രതികളായ തലശ്ശേരി മട്ടന്നൂർ
സ്വദേശി ഫർസീൻ, പട്ടാനൂർ സ്വദേശി നവീൻ എന്നിവരുടെ ജാമ്യ ഹർജിയും മറ്റൊരു
പ്രതിയായ സുജിത് നാരായണന്റെ ജാമ്യ ഹർജിയുമാണ് ഹൈക്കോടതി പരിഗണിച്ചത്. കേസ്
കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രിക്ക് നേരെ ആക്രമണം
നടത്തിയിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും
പ്രതിഭാഗം കോടതിയിൽ വാദിച്ചു. ജൂൺ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന
ഇൻഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോഴാണ് യൂത്ത്
കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ സ്പർശിക്കുകയോ
അടുത്ത് പോകുകയോ ചെയ്തിട്ടില്ല. യാത്രക്കാർക്ക് പുറത്തിറങ്ങാനായി വാതിൽ
തുറന്നപ്പോൾ ആണ് മുദ്രാവാക്യം വിളിച്ചത്. ആക്രോശിക്കുകയോ കയ്യിൽ ആയുധം
കരുതുകയോ ചെയ്തിരുന്നില്ല. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പാഞ്ഞടുത്ത് തങ്ങളെ
ആക്രമിക്കുകയായിരുന്നു എന്നുമാണ് പ്രതികൾ നൽകിയ ഹർജിയിൽ പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഗൺമാനും മർദ്ദിച്ചു. വധശ്രമം നിലനിൽക്കില്ലെന്നും ഹർജിയിൽ
വ്യക്തമാക്കിയിരുന്നു.
kerala
SHARE THIS ARTICLE