തിരുവനന്തപുരം: മോൻസൺ മാവുങ്കൽ വിവാദത്തിൽ പെട്ട ഇറ്റലിയിൽ നിന്നുള്ള പ്രതിനിധി അനിത പുല്ലയിൽ ലോക കേരള സഭയ്ക്കിടെ നിയമസഭാ മന്ദിരത്തിനുള്ളിൽ എത്തിയതിൽ ദുരൂഹത. വിവാദങ്ങളെ തുടർന്ന് ഇവരെ ഇക്കുറി ലോക കേരള സഭാ പ്രതിനിധികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ രണ്ടുദിവസം അനിതാ പുല്ലയിൽ നിയമസഭയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം, മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാതിരിക്കാനും ലോക കേരള സഭാ പരിപാടികൾ നടക്കുന്ന ശങ്കരനാരായണൻ തമ്പി ഹാളിലേക്ക് വരാതിരിക്കാനും ജാഗ്രത കാട്ടി. ഹാളിന് പുറത്ത് അനിത പുല്ലയിൽ സജീവമായി ഉണ്ടായിരുന്നു. ലോക കേരള സഭയ്ക്ക് എത്തിയ പ്രവാസി വ്യവസായികൾക്കും പ്രതിനിധികൾക്കും ഒപ്പം ചിത്രമെടുക്കാനും അനിത മുന്നിൽ നിന്നിരുന്നു. സഭാ ടിവിക്ക് വേണ്ടി ഒരുക്കിയ മുറിയായിരുന്നു അനിതാ പുല്ലയിലിന്റെ വിശ്രമ കേന്ദ്രം. ഇന്നലെ പരിപാടി അവസാനിച്ച് പ്രതിനിധികൾ മടങ്ങാനൊരുങ്ങുമ്പോഴാണ് യാദൃശ്ചികമായി ഇവർ മാധ്യമങ്ങൾക്ക് മുന്നിൽ വന്നുപെട്ടത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് യാതൊന്നു പ്രതികരിക്കാനും തയാറായില്ല.
അതേസമയം, ലോക കേരള സഭയുടെ പ്രതിനിധിയില്ലെന്നിരിക്കെ അനിതാ പുല്ലയിൽ നിയമസഭയിൽ എങ്ങനെ എത്തിയെന്നതിൽ ദൂരുഹത ഉയർന്നിട്ടുണ്ട്. ഭരണ തലത്തിലുള്ള ആരുടെയെങ്കിലും ശുപാർശ ഉണ്ടെങ്കിലേ നിയമസഭാ മന്ദിരത്തിനുള്ളിൽ പ്രവേശിക്കാനാകൂ. മാത്രമല്ല, ലോക കേരള സഭ നടക്കുന്നതിനാൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരുന്നുമില്ല. എന്തിനാണ് അനിതാ പുല്ലയിൽ എത്തിയത്?, എപ്പോഴാണ് എത്തിയത്? ആരുടെ സഹായത്താലാണ് സഭാ മന്ദിരത്തിൽ കയറിയത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ നോർക്ക അധികൃതരും ഒഴിഞ്ഞുമാറി. ലോക കേരള സഭയിലേക്ക് ക്ഷണിക്കപ്പെട്ട പ്രതിനിധികളുടെ പട്ടികയിൽ അനിത പുല്ലയിൽ ഇല്ലെന്ന് നോർക്ക വ്യക്തമാക്കി. ഇതിനിടെ, അനിത പുല്ലയിലിൻ്റെ സാന്നിധ്യം മാധ്യമങ്ങൾ തിരിച്ചറിഞ്ഞതിന് പിന്നാലെ നിയമസഭാ സമുച്ചയത്തിൽ നിന്നും വാച്ച് ആൻഡ് വാർഡുകൾ ഇവരെ പുറത്തേക്ക് പറഞ്ഞുവിട്ടു. സർക്കാർ തലത്തിലെ ഉന്നതരുമായി അടുത്ത ബന്ധം പുലർത്തുന്ന വിവാദ വനിതയുടെ നിയമസഭാ സന്ദർശനം വരും ദിവസങ്ങളിൽ വലിയ ചർച്ചയായി മാറുമെന്ന് ഉറപ്പാണ്.
kerala
SHARE THIS ARTICLE