തിരുവനന്തപുരം: കോഴിക്കോട് – മലപ്പുറം ജില്ലകളിലെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലം തകർന്നു വീണതിന് പിന്നാലെ നിർമാണത്തിലെ അഴിമതി സംബന്ധിച്ച് വിവാദം ഉയരുന്നതിനിടെ, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് ഇടതുസർക്കാർ 20.75 കോടിയുടെ പുതിയ നിർമാണ ചുമതല നൽകി. ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിര നിർമാണ ചുമതലായണ് നൽകിയിരിക്കുന്നത്. ആസ്ഥാന മന്ദിര നിർമാണ പ്രവർത്തനങ്ങൾക്കായി 15, 44 , 79, 373 രൂപയും ഇന്റീരിയർ വർക്ക്, ഫർണിച്ചർ, ഇ.എൽ.വി വർക്ക്, റാമ്പ് ഉൾപെടെയുള്ള സിവിൽ വർക്കിന്റെ ബാലൻസ് എന്നി പ്രവൃത്തികൾക്കായി 5,30,31, 164 രൂപയും ആണ് അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ 20ന് ട്രഷറി ഡയറക്ടർ സമർപ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. ടെണ്ടർ നടപടി ഇല്ലാതെ ഊരാളുങ്കലിന് കോടി കണക്കിന് രൂപയുടെ പ്രവൃത്തികളാണ് 2016 മുതൽ നൽകുന്നത്. 16 കോടി രൂപ മുടക്കി നിർമിച്ച നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ നിർമാണവും ഊരാളുങ്കലിനായിരുന്നു. സെക്രട്ടേറിയേറ്റിലടക്കമുള്ള നിർമാണ പ്രവർത്തനങ്ങളും പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷം ഊരാളുങ്കലിനാണ് നൽകുന്നത്.
റോഡുകള്‍, ദേശീയ പാതകള്‍, ബഹുനില കെട്ടിടങ്ങള്‍, ഐ.ടി, ഐ.ടി. അനുബന്ധ സേവനങ്ങള്‍, വിമാനത്താവളം, തുറമുഖങ്ങള്‍, റെയില്‍വേ പണികള്‍ എന്നിവയുള്‍പ്പെടെ എല്ലാ തരം പ്രവൃത്തികളും ഏറ്റെടുക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് പിണറായി സർക്കാർ നേരത്തെ പ്രത്യേകാനുമതി നല്‍കിയിരുന്നു. ഊരാളുങ്കൽ മാനേജിങ് ഡയറക്ടറുടെ അപേക്ഷ പരിഗണിച്ച സഹകരണ സംഘം രജിസ്ട്രാര്‍ ശുപാര്‍ശ പ്രകാരമായിരുന്നു സർക്കാരിന്റെ ഉത്തരവ്. ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍ക്ക് ടെണ്ടറില്‍ പങ്കെടുക്കുമ്പോള്‍ മുന്‍ഗണനാ ആനുകൂല്യങ്ങള്‍ നല്‍കാറുണ്ട്. ഏറ്റെടുക്കാവുന്ന പണികളുടെ തരവും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, 22 വര്‍ഷം മുമ്പ് ഇറക്കിയ ഉത്തരവില്‍ ചെറിയ കെട്ടിടങ്ങള്‍, റോഡുകള്‍, മെയിന്റനന്‍സ് പണികള്‍ എന്നിവയെക്കുറിച്ചു മാത്രമേ പറയുന്നുള്ളുവെന്നു യു.എല്‍.സി.സി.എസ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയതിനെ തുടർന്നായിരുന്നു സർക്കാരിന്റെ പ്രത്യേക അനുമതി.
kerala
SHARE THIS ARTICLE