All Categories

Uploaded at 1 month ago | Date: 26/07/2021 21:23:50

 

 

തൊടുപുഴ :

AD 1579 ൽ സ്ഥാപിതമായ ചുങ്കംപള്ളി തെക്കുംഭാഗക്കാരായ ക്നാനായ ക്രൈസ്തവരുടെ തൊടുപുഴയിലേക്കുള്ള കുടിയേറ്റത്തിൻ്റെ ചരിത്രത്തിൻ്റെ നേർസാക്ഷ്യമാണ്. ആദ്യം പണിത പള്ളി നിലവിലില്ല. രണ്ടാമത് പണിത പള്ളി ചരിത്ര സ്മാരകമായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. 1953 ൽ പണികഴിപ്പിച്ച പുതിയ പള്ളിയിലാണ് ആരാധന നടക്കുന്നത്. രണ്ടാമതായി പണികഴിപ്പിച്ച പള്ളിയുടെ നിർമ്മാണവേളയിൽ നീക്കം ചെയ്ത കബറുകളിൽ സ്ഥാപിച്ചിരുന്ന സ്മാരകഫലകങ്ങളെ കൂടാതെ പള്ളിയുടെ സ്ഥാപനചരിത്രവുമായി ബന്ധപ്പെട്ട വിവരങ്ങളും എസ്റ്റാമ്പേജിംഗിന് വിധേയമായ ലിഖിതങ്ങളിൽ ഉണ്ടാവാമെന്ന് കരുതുന്നു.

 

പതിനേഴാം നൂറ്റാണ്ടിൻ്റെ മദ്ധ്യം മുതൽ പതിനെട്ടാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിലേതെന്ന് കരുതാവുന്ന വട്ടെഴുത്തിലുള്ള ഈ ശിലാഫലകങ്ങൾ നഷ്ടപ്പെടുത്താതെ പടിക്കെട്ടിൻ്റെ വശങ്ങളിൽ സിമൻറ് ഉപയോഗിച്ച് പതിപ്പിച്ച് പ്രദർശിപ്പിച്ചിരുന്നു എങ്കിലും കാലാകാലങ്ങളായി പ്ലാസ്റ്റിക് എമൽഷൻ പൂശി അക്ഷരങ്ങൾ നികന്നു പോയ അവസ്ഥയിലായിരുന്നു. ഈ ലിഖിതങ്ങൾ വായിച്ചെടുക്കാൻ വികാരിയച്ചന് പ്രത്യേക താൽപ്പര്യമുണ്ടായതിനാൽ പ്രശസ്ത ചുവർചിത്രകാരനും ചുവർചിത്ര സംരക്ഷണ പ്രക്രിയയിൽ നിപുണനുമായ ജിജുലാലും V M Jiju Lal സംഘവും രാസമിശ്രിതമുപയോഗിച്ച് പെയിൻറ് നീക്കം ചെയ്ത് ലിഖിതങ്ങൾ വ്യക്തമാകുന്ന വിധം തെളിച്ചെടുത്തു. എന്നാൽ കാലപ്പഴക്കം മൂലം പലയിടത്തും അക്ഷരങ്ങൾ അവ്യക്തമായിരുന്നു. കൂടാതെ ഫലകങ്ങൾ പതിച്ച വേളയിൽ സിമിൻ്റ് മിശ്രിതം അലക്ഷ്യമായി ഉപയോഗിച്ചതിനാൽ ലിഖിതത്തിൻ്റെ പല ഭാഗങ്ങളും അടഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. എങ്കിലും ആദ്യ ശ്രമത്തിൽ കിട്ടാവുന്നിടത്തോളം ലിഖിതങ്ങൾ പകർത്തിയിട്ടുണ്ട്. കിട്ടിയത് ഇനി വായനയ്ക്ക് വിധേയമാക്കും.

 

കൂടാതെ ഇടിവെട്ടേറ്റ് തകർന്ന പുരാതനമായ കൽക്കുരിശും അപൂർവ്വമായ ശില്പങ്ങളോടുകൂടിയ അധിഷ്ഠാനവും ശാസ്ത്രീയമായി വീണ്ടെടുക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ട്.

 

ശിലാലിഖിതങ്ങൾ കടലാസിലേക്ക് പകർത്തിയെടുക്കുന്നതിന് പുരാവസ്തുവിദഗ്ധർ കാലങ്ങളായി അവലംബിക്കുന്ന സാങ്കേതികവിദ്യയാണ് എസ്റ്റാമ്പേജിംഗ്. കാലപ്പഴക്കം മൂലം അവ്യക്തമായ ശിലാലിഖിതങ്ങൾ നേരിട്ടുള്ള വായനയ്ക്ക് സാധ്യമാകാതെ വരുന്നിടത്താണ് എസ്റ്റാംബേജിംഗ് സഹായകരമാകുന്നത്. വടക്കുംകൂറിൻ്റെ ആസ്ഥാനമായ കടുത്തുരുത്തിയിൽ നിന്ന് AD1543 മുതൽ 1547വരെയുള്ള കാലയളവിൽ തെക്കുംകൂറിൻ്റെ ആസ്ഥാനമായ കോട്ടയം, കീഴ്മലനാടിൻ്റെ ആസ്ഥാനമായ തൊടുപുഴ, വഞ്ഞിപ്പുഴ മഠത്തിൻ്റെ അധീനതയിലുള്ള കല്ലിശ്ശേരി എന്നിവിടങ്ങളിലേക്ക് ഈ വിഭാഗത്തിൽ നിന്ന് കുറെയേറെ കുടുംബങ്ങൾ കുടിയേറി. മൂവാറ്റുപുഴയാർ, മീനച്ചിലാർ, പമ്പ എന്നീ നദികളെ കേന്ദ്രീകരിച്ചുണ്ടായിരുന്ന സുഗന്ധവ്യഞ്ജനവ്യാപാരങ്ങളുടെ മുൻപന്തിയിൽ ക്നാനായക്കാരായ കച്ചവടപ്രമുഖന്മാർ ഉണ്ടായിരുന്നു. കോട്ടയത്തേക്ക് കുടിയേറിയവർ പഹൽവി ലിപിയിലുള്ള അപൂർവ്വ മാർത്തോമാ കുരിശുകൾ കോട്ടയം വലിയപള്ളിയിൽ സൂക്ഷിച്ചു.  കീഴ്മലനാട്ടിലെ രാജാവായിരുന്ന മണികണ്ഠവർമ്മയുടെ ക്ഷണം സ്വീകരിച്ച് കടുത്തുരുത്തിയിൽ നിന്ന് പുറപ്പെട്ടവർ തൊടുപുഴയിലെ തന്നെ നെടിയശാല അങ്ങാടിയോട് ചേർന്നാണ് ആദ്യം വാസമാരംഭിച്ചത്. പിന്നീട് കടത്തുചുങ്കം പിരിക്കുന്ന സ്ഥലത്തേക്ക് മാറിത്താമസിച്ചു. തുടർന്ന് ഉദയംപേരൂരിൽനിന്ന് മറ്റൊരു സംഘം കൂടി ഇവിടെയെത്തി പാർപ്പുറപ്പിച്ചു. അംഗസംഖ്യ കൂടിയതോടു കൂടി ഒരു ആരാധനാലയം ആവശ്യമായി വന്നു. കീഴ്മലനാട്ടുരാജാവിൻ്റെ അനുമതിയോടെ ലഭ്യമായ സ്ഥലത്ത് 1579 ൽ ചുങ്കത്തെ ആദ്യത്തെ പള്ളി സ്ഥാപിതമായി. കീഴ്മലനാടിൻ്റെ ആസ്ഥാനമായ കാരിക്കോട് അങ്ങാടിയിൽ നിന്ന് വൻതോതിൽ കുരുമുളകും മറ്റു സുഗന്ധവ്യഞ്ജനങ്ങളും പോർച്ചുഗീസുകാർ വാങ്ങിയിരുന്ന കാലഘട്ടമായിരുന്നു അത്. മധുരയിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള വ്യാപാരസംഘങ്ങളുടെ ഇടത്താവളം കൂടിയായിരുന്നു അക്കാലത്ത് തൊടുപുഴ. വണികവൈശ്യരും റാവുത്തർമാരും ക്രിസ്ത്യാനികളും ചേർന്നാണ് തൊടുപുഴയിലെ വ്യാപാരത്തെ നിയന്ത്രിച്ചിരുന്നത്. പോർച്ചുഗീസുകാരുമായുണ്ടായ വ്യാപാരം പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ പ്രദേശത്തെ സമ്പന്നതയിലേക്ക് ഉയർത്തി. വടക്കുംഭാഗക്കാരായ മാർത്തോമാ നസ്രാണികൾ മൈലക്കൊമ്പിലും പിന്നീട് മുതലക്കോടത്തും ദേവാലയങ്ങൾ സ്ഥാപിച്ചു.

 

കേരളീയ ക്രിസ്ത്യാനികളുടെ മേൽ പോർച്ചുഗീസുകാർ മതപരമായ ആധിപത്യം ഉറപ്പാക്കിയ ഉദയംപേരൂർ സുന്നഹദോസിനും അരനൂറ്റാണ്ടിനു ശേഷമുണ്ടായ ഐതിഹാസികമായ കുഞ്ഞൻകുരിശ് ശപഥത്തിന് നേതൃത്വം നൽകിയ കല്ലിശ്ശേരി സ്വദേശിയായ ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാർ അക്കാലത്ത് ചുങ്കം ഫൊറോനാ പള്ളിയിലെ വികാരിയായിരുന്നു എന്നതും പള്ളിയുടെ ചരിത്രപരമായ പ്രാധാന്യം ഉയർത്തിക്കാണിക്കുന്നതാണ് എന്ന് കോട്ടയം നാട്ടുക്കൂട്ടം സെക്രട്ടറി  പള്ളിക്കോണം രാജീവ് പറഞ്ഞു. കേരള പുരാവസ്തു വകുപ്പിലെ സീനിയർ ആർക്കിയോളജിസ്റ്റ് കെ.കൃഷ്ണരാജും Krishnaraj K ,വിമൽകുമാർ,

നിബിൻ, ബിനോജ് എന്നിവരുൾപ്പെടുന്ന

സംഘവുമാണ് ഈ പുരാതന ലിഖിതങ്ങൾ Estampage എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ പുരാതനലിഖിതങ്ങളുടെ പകർപ്പ് എടുത്തത്.

പള്ളി വികാരിയായ ഫാദർ ജോസ് അരീച്ചിറ, എം ജി യൂണിവേഴ്സിറ്റി ടൂറിസം സ്റ്റഡീസ് വിഭാഗം ഡയറക്ടർ

ഡോ.റോബിനറ്റ് ജേക്കബ്, കോട്ടയം ഗവ.ടി.ടി.ഐ പ്രിൻസിപ്പൽ ടോണി ആൻറണി എന്നിവരെ കൂടാതെ മേലുകാവ് ഹെൻറി ബേക്കർ കോളജ്, ചരിത്രവിഭാഗം അദ്ധ്യക്ഷ ഡോ. ബീനാ പോളും ബിരുദാനന്തരബിരുദ വിദ്യാർത്ഥികളായ സേതുലക്ഷ്മി, അരവിന്ദ് ഷാജി, അതുൽ ബിനോയ്, സെബിൻ ജൂബി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.