All Categories

Uploaded at 5 days ago | Date: 14/05/2022 21:11:32

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയെ ​ഗുജറാത്തിലേക്ക് അയച്ചതിന് പിന്നാലെ, കേരളത്തിലും ​ഗുജറാത്ത് മോഡൽ നടപ്പാക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിലാണ് ​ഗുജറാത്ത് മോഡൽ ആദ്യം നടപ്പാക്കുക. ക്ലിഫ് ഹൗസിൽ സി.എം ഡാഷ്ബോർഡ് സംവിധാനം സ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി വി.പി ജോയ് കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിലാണിത്. ക്ലിഫ് ഹൗസ് വളപ്പിൽ ഇതിനായി പ്രത്യേക കെട്ടിടം സ്ഥാപിക്കും. ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രി തന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. കെ.എം എബ്രഹാമിന് കൈമാറി. അതേസമയം, പ്രചരണ വിഷയമായി മാറാനിടയുള്ളതിനാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സംവിധാനം ഒരുക്കേണ്ടെന്ന് മുഖ്യമന്ത്രി വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡാഷ് ബോർഡ് സംവിധാനം ക്ലിഫ് ഹൗസിൽ സ്ഥാപിക്കാനുള്ള ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകും. ക്ലിഫ് ഹൗസിൽ അടുത്തിടെ നടന്ന 98 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങളും ഊരാളുങ്കലിനായിരുന്നു നൽകിയത്. നിയമസഭയിൽ ഇ-നിയമസഭ സംവിധാനം ഒരുക്കിയ ഊരാളുങ്കലിന്റെ പ്രവൃത്തി പരിചയം പരി​ഗണിച്ചാണിതെന്നാണ് വിശദീകരണം.
ഡാഷ് ബോർഡ് സിസ്റ്റം ഏറ്റവും ഫലപ്രദമായി രാജ്യത്ത് നടക്കുന്നത് തമിഴ് നാട്ടിലാണെന്നിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരമാണ് പിണറായി വിജയൻ സംസ്ഥാന ചീഫ് സെക്രട്ടറിയെ ​ഗുജറാത്തിലേക്ക് അയച്ചത്. ഗുജറാത്ത് മോഡൽ പഠിക്കാനായി കേരളത്തിന്റെ ചീഫ് സെക്രട്ടറി സംസ്ഥാനത്ത് എത്തിയത് ബിജെപി രാഷ്ട്രീയ നേട്ടമായി ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. മാത്രമല്ല, വിദ്യാഭ്യാസ രംഗത്തെ കേളികേട്ട കേരള മോഡലിനെ തള്ളി ചീഫ് സെക്രട്ടറി ഗുജറാത്ത് പുതിയതായി ആവിഷ്കരിച്ച വിദ്യാഭ്യാസ രീതി പഠിക്കാനെത്തിയതും അതിനെ പുകഴ്ത്തിയതും ബിജെപി രാഷ്ട്രീയമായി ഉപയോ​ഗിച്ചു. ഡാഷ് ബോര്‍ഡ് സിസ്റ്റത്തെ കുറിച്ച് അവതരണം നടത്തുണമെന്ന് കൂടി ഗുജറാത്ത് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ കേരളം ആവശ്യപ്പെട്ടുണ്ട്.
അതേസമയം, ഏപ്രിൽ 20 ന് ചീഫ് സെക്രട്ടറി വി.പി ജോയി ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് അയച്ച കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് സിസ്റ്റം മികച്ചതാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ഇത് നടപ്പാക്കാനാകുമോയെന്നറിയാന്‍ ഗുജറാത്തില്‍ പോയി പരിശോധിക്കാന്‍ തന്നോട് ഉപദേശിച്ചതായി ചീഫ് സെക്രട്ടറിയുടെ കത്തിലുണ്ട്. ഡാഷ് ബോര്‍ഡ് സംവിധാനത്തെ കുറിച്ചുള്ള അവതരണം നടത്താനുള്ള സൗകര്യം ഒരുക്കണമെന്ന് ഗുജറാത്ത് ചീഫ് സെക്രട്ടറിയോട് അഭ്യര്‍ത്ഥിക്കുന്നതാണ് കത്ത്. ഗുജറാത്ത് ഇതിന് തയ്യാറാണെന്ന് അറിയിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്കും സംഘത്തിനും യാത്രാനുമതി നല്‍കിയത്. കേരളത്തിൽ 278 സേവനങ്ങൾക്ക് ഡാഷ്ബോഡ് ഉണ്ടെങ്കിലും അതിൽ 75 ഡാഷ് ബോർഡുകൾ മാത്രമാണ് കാര്യക്ഷമമായി പ്രവർത്തിക്കുന്നത്. ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരുമായി നടന്ന 2021 നവംബർ 26ലെ യോഗത്തിന്റെ മിനിറ്റ്സിൽ ഈ വിശദാംശങ്ങളുണ്ട്. കേരളത്തിൽ ഡാഷ് ബോർഡ് ഉണ്ടെന്നിരിക്കെ, ചീഫ് സെക്രട്ടറി അടിയന്തിരമായി ഗുജറാത്തിൽ പോയി ഡാഷ് ബോർഡ് സിസ്റ്റം എന്തിന് പഠിക്കുന്നു എന്ന ചോദ്യത്തിന് ഇതുവരെ സംസ്ഥാന സർക്കാർ മറുപടി നൽകിയിട്ടില്ല.
ഇതിനിടെ, സർക്കാരിന്റെ സേവനങ്ങളും അവ ലഭ്യമാക്കുന്നതിന്റെ പുരോഗതിയും ജനങ്ങളെ അറിയിക്കുന്നതിൽ വകുപ്പുകൾ പരാജയപ്പെടുന്നെന്ന് വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ സ്വയം വിമർശനവും ഉണ്ടായി. ആകെ 578 സേവനങ്ങളാണ് സർക്കാർ ജനങ്ങൾ‌ക്കു നൽകുന്നത്. 278 സേവനങ്ങൾക്കു മാത്രമേ ഇപ്പോൾ ഡാഷ്ബോർഡുള്ളൂ. ഇതിൽ 75 ഡാഷ്ബോർഡുകൾ മാത്രമേ ഫലപ്രദമായി പ്രവർത്തിക്കുന്നുള്ളൂവെന്നും വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറി കുറ്റപ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനത്തിനും പഠനത്തിനുമെതിരെ സംസ്ഥാനത്തെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. കേരളത്തിന് ഗുജറാത്തിൽ നിന്ന് ഒന്നും പഠിക്കാനില്ല എന്ന പ്രതിപക്ഷത്തിന്റെ വിമർശനം മുഖ്യമന്ത്രി കാര്യമാക്കുന്നില്ല. ചീഫ് സെക്രട്ടറി സമർപ്പിച്ച ഗുജറാത്ത് മോഡൽ സംസ്ഥാനത്തും നടപ്പാക്കി പ്രധാനമന്ത്രിയുടെ ” ഗുഡ് ബുക്കിൽ ” കയറാനാണ് പിണറായിയുടെ ശ്രമം. അതിലൂടെ പിണറായി ലക്ഷ്യം വയ്ക്കുന്നത് കെ റയിൽ നടപ്പാക്കാൻ നരേന്ദ്രമോദിയുടെ അനുമതിയാണെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയുണ്ട്.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.