All Categories

Uploaded at 1 week ago | Date: 22/07/2021 20:18:18

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ക്ലബ് ഹൗസിന് എതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ക്ലബ് ഹൗസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നിര്‍ബാധം പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദേശിച്ചു. തുടര്‍ച്ചയായ സൈബര്‍ പട്രോളിംഗ് നടത്തുന്നതിനും വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ നടപടികളും തടയുന്നതിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ മാര്‍ഗരേഖ തയ്യാറാക്കി നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ നസീര്‍ ചാലിയം പുറപ്പെടുവിച്ച ഉത്തരവില്‍ ഐടി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ക്ലബ് ഹൗസ് അംഗങ്ങളായ മുതിര്‍ന്നവര്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇക്കാര്യം വിശദമായി പരിശോധിച്ചതെന്ന് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ക്ലബ് ഹൗസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അക്കൗണ്ട് എടുക്കുന്നില്ലെന്നും അവരുടെ നിലവിലുള്ള അക്കൗണ്ടുകള്‍ റദ്ദാക്കിയെന്നും സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. പ്രായ പരിമിതി ഇല്ലാതെ ക്ലബ്ബ് ഹൗസ് അംഗത്വമെടുക്കാമെന്നും ആര്‍ക്കും താല്‍പര്യമുള്ള വിഷയങ്ങള്‍ സംസാരിക്കാമെന്നും കമ്മീഷന്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതൊടൊപ്പം ഗ്രൂപ്പില്‍ പങ്കുവെക്കുന്ന കുട്ടിയുടെ പ്രായം, പഠിക്കുന്ന സ്ഥാപനം തുടങ്ങിയ പ്രാഥമികവിവരങ്ങള്‍ ഒഴികെ കുട്ടിക്ക് നേരെയുള്ള ഇടപെടലുകള്‍ ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ വളരെ പരിമിതമാണ്. സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കുന്ന കേരള പോലീസിന്റെ സൈബര്‍ഡോം വിഭാഗം നല്‍കിയ വിവരങ്ങള്‍ ഇത്തരത്തിലാണെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും യോഗം വിളിച്ചു ചേര്‍ത്ത് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ദുരുപയോഗം തടയാനുമുള്ള വിശദമായ മാര്‍ഗരേഖ തയ്യാറാകണമെന്ന് കമ്മീഷന്‍ ഐടി സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ ഐടി ആക്ട്, ഐടി (പ്രൊസീജിയര്‍ ആന്‍ഡ് സേഫ് ഗാര്‍ഡ്‌സ് ഫോര്‍ ബ്ലോക്കിങ് ഫോര്‍ ആക്‌സസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ബൈ പബ്ലിക്) നിയമം 2009 എന്നിവ അനുസരിച്ച് നടപടി എടുക്കണം. ക്ലബ് ഹൗസിലെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും അവ ആവശ്യമെങ്കില്‍ അന്വേഷണത്തിനും വിചാരണയ്ക്കുമായി സൂക്ഷിക്കുന്നതിനും ഐടി സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കണം. നിയമവിരുദ്ധ നടപടികള്‍ ശ്രദ്ധയില്‍പെട്ടാല്‍ 24 മണിക്കൂറിനകം നടപടി സ്വീകരിക്കാന്‍ പാകത്തില്‍ തുടര്‍ച്ചയായി സൈബര്‍ പട്രോളിംഗ് നടത്തണം. ക്ലബ്ബ് ഹൗസിലൂടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതിന്റെ നിയമപരമായ ഫലങ്ങളെക്കുറിച്ചും കുട്ടികളിലും സമൂഹത്തിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

ഒരുകൂട്ടം ആളുകള്‍ക്ക് പരസ്പരം സംസാരിക്കുവാനും സംവദിക്കുവാനും കഴിയുന്ന പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ക്ലബ് ഹൗസ്. രക്ഷാകര്‍ത്താവിന്റെ അനുവാദം കൂടാതെ നിയമപ്രകാരം 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഇത്തരം സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ ചേരാന്‍ കഴിയുകയില്ല എന്നിരിക്കെ, പ്രായപൂര്‍ത്തിയായവര്‍ മാത്രമാണോ ക്ലബ് ഹൗസില്‍ ചേരുന്നതെന്ന് പരിശോധിക്കുന്നതിനുള്ള ഒരു സംവിധാനവും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രക്ഷാകര്‍ത്താവിന്റെ സമ്മതം കൂടാതെ ഏതെങ്കിലും കുട്ടി ചേര്‍ന്നാല്‍ ആ കുട്ടിയുടെ അംഗത്വം റദ്ദാക്കുമെന്ന് കമ്പനിയുടെ നയപ്രസ്താവത്തില്‍ പറയുന്നുണ്ടെങ്കിലും പ്രായം ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ഒരുവിധ നിയന്ത്രണവും പ്രായഭേദവുമില്ലാതെ ആര്‍ക്കും അംഗത്വമെടുക്കാവുന്നതേ ഉള്ളൂ. മാത്രമല്ല, വ്യവസ്ഥകള്‍ പാലിക്കാതെ നടക്കുന്ന ചര്‍ച്ചകള്‍ പരിശോധിക്കുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് വ്യക്തമല്ല. ക്ലബ് ഹൗസ് ചര്‍ച്ചകള്‍ റെക്കോര്‍ഡ് ചെയ്യുന്നില്ല എന്നു മാത്രമല്ല, ഓരോ സെഷനും കഴിയുമ്പോള്‍ കണ്ടന്റ് ഡിലീറ്റ് ചെയ്യുന്നു. അതിനാല്‍ നിയമവിരുദ്ധ പ്രവൃത്തികള്‍ ഉണ്ടായാല്‍പ്പോലും കോടതികളില്‍ തെളിയിക്കുക പ്രയാസമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.