ഇടുക്കി - ജൂൺ അവസാന വാരത്തോടെ ഇടുക്കി മൈലാടുംപാറയിലെ ഐ.സി.ആർ.ഐ യോടനുബന്ധിച്ച് ഏലം ഗുണനിലവാര പരിശോധന ലാബ് പ്രവർത്തന സജ്ജമാകുമെന്ന് ഡീൻ കുര്യാക്കോയ് എം.പി അറിയിച്ചു. എം.പിയുടെ നിരന്തര ഇടപെടലിനെ തുടർന്ന് സ്പൈസസ് ബോർഡ് നിർദേശത്തിൻറെ അടിസ്ഥാനത്തിൽ ഏലം ഗവേഷണകേന്ദ്രം സമർപ്പിച്ച പദ്ധതി അംഗികരിക്കുകയും1.94 കോടി രൂപ മുടക്കി ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഗ്യാസ് ക്രോമെറ്റോഗ്രാഫി മാസ്സ് സ്പെക്ട്രോമെട്രി (ജി.സി.എം.എസ്) ഇൻഫോർമേഷൻ സംവിധാനമാണ് ലാബിൽ സജ്ജമാക്കുന്നത്. സ്പൈസസ് ബോർഡിൻറെ അവശ്യപ്രകാരം സംസ്ഥാന ഫോർട്ടി കൾച്ചർ മിഷനാണ് പണം അനുവദിച്ചിരിക്കുന്നത്. ഏലത്തിൽ അടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങൾ പരിശോധിച്ചറിയുന്നതിനും കീടനാശിനികളുടെയും രാസവസ്തുക്കളുടെയും അളവ് നേരിട്ട് മനസ്സിലാക്കുന്നതിനും കഴിയും. കർഷകർക്ക് അവരുടെ ഏലക്ക ലാബിൽ പരിശോധിക്കുന്നതിനും അതുവഴി കൃഷിയിൽ ഉപയോഗിക്കേണ്ട വളങ്ങളുടെയും കീടനാശിനികളുടെയും ക്രമീകൃതമായ അളവിനെക്കുറിച്ചുള്ള അറിവ് ലഭിക്കുകയും ചെയ്യുമെന്ന് എം.പി അറിയിച്ചു. ഗുണനിലവാരമുള്ള ഏലക്ക ഉൽപ്പാദിപ്പിക്കുന്നതിനും അന്താരാഷ്ട്ര മാർക്കറ്റിൽ ഇടുക്കിയിലെ ഏലം പിൻതള്ളപ്പെടാതിരിക്കുന്നതിനും മെച്ചപ്പെട്ട വില ലഭിക്കുന്നതിനും ഈ സംവിധാനം സഹായകരമാകുമെന്ന് എം.പി കൂട്ടിച്ചേർത്തു. ഗുണനിലവാര പരിശോധന സംവിധാനം കർഷകരുടെ നിരന്തരമായ ആവശ്യമായിരുന്നു. ഇതിനായി മുൻകൈയ്യെടുത്ത സ്പൈസസ് ബോർഡിനെയും, ഹോർട്ടികൾച്ചർ മിഷനെയും എം.പി അഭിനന്ദിച്ചു.

idukki
SHARE THIS ARTICLE