കൊച്ചി: ഉദ്യോഗസ്ഥരോട് കയർത്തു സംസാരിച്ചുവെന്നതിന്റെ പേരിൽ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥൻ യൂണിഫോം ധരിച്ചു നിൽക്കുന്ന സാഹചര്യത്തിൽ പോലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പു 353 നിലനിൽക്കില്ലെന്നു കോടതി വ്യക്തമാക്കി. ബേക്കൽ പോലിസ് സ്റ്റേഷനിലെ എസ്.ഐ ഹൈക്കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ പങ്കെടുക്കുന്നതിനെത്തിയപ്പോൾ കൃത്യ നിർവഹണത്തിൽ തടസപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി എറണാകുളം സെൻട്രൽ പൊലിസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ റിൽജിൻ വി ജോർജ്, അനൂപ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണക്കവെയാണ് കോടതി നിരീക്ഷണമുണ്ടായത്. ഒരു വാഹനാപകട കേസുമായി ബന്ധപ്പെട്ടു ഹർജിക്കാരിൽ ഒരാളെ പൊലിസ് കസ്റ്റഡിയിൽ എടുത്ത ശേഷം ചേർത്തല പൊലിസ് സ്റ്റേഷനിൽ വച്ച് ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ടാണ് ബേക്കൽ എസ്.ഐ ഹൈക്കോടതിയിൽ എത്തിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പുറത്തേക്ക് വരുന്ന സമയത്ത് എസ്.ഐയുടെ കൃത്യനിർവഹണത്തിൽ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയതത്. ഹരജിക്കാർക്ക് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ മുൻകൂർ ജാമ്യം അനുവദിച്ചു. ഹർജിക്കാരെ പൊലിസ് അറസ്റ്റു ചെയ്യുകയാണെങ്കിൽ 50,000രൂപയുടെ ബോണ്ട് വെച്ച് സ്വന്തം ജാമ്യത്തിൽ വിട്ടയയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.
kerala
SHARE THIS ARTICLE