Timely news thodupuzha

logo

രാജ്യാന്തര ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പതിന്നാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഇന്ന് മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലായി സംഘടിപ്പിക്കുന്ന രാജ്യാന്തര, ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടര്‍ന്ന് ഉദ്ഘാടനചിത്രമായ മരിയു പോളിസ് 2 പ്രദര്‍ശിപ്പിക്കും.

വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രദർശിപ്പിച്ച 19 സിനിമകൾ ഉൾപ്പെടെ 261 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍, കാമ്പസ് ഫിലിംസ്, മത്സരേതര മലയാളം വിഭാഗം, ഹോമേജ്, അനിമേഷന്‍, മ്യൂസിക് വീഡിയോ തുടങ്ങി 12 വിഭാഗങ്ങളിലായാണ് ചിത്രം പ്രദർശിപ്പിക്കുക.

മേളയ്ക്കുള്ള ഡെലിഗേറ്റ് പാസുകളുടെ വിതരണം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. നടി അപർണ ബാലമുരളിക്ക് ആദ്യ പാസും ഡെലിഗേറ്റ് കിറ്റും സ്വീകരിച്ചു. ഒഴിവുള്ള പാസുകളുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ വെള്ളിയാഴ്ച വരെ തുടരുമെന്ന് അക്കാദമി സെക്രട്ടറി സി അജോയ് അറിയിച്ചു. ജനറൽ വിഭാഗത്തിൽപ്പെട്ടവർ 400 രൂപ വീതവും വിദ്യാർഥികൾ 200 രൂപ വീതവും അടച്ച് https://registration.iffk.in/ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.