ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് ഗ്രൂപ്പ് ജി-23 അംഗവുമായ കപില്‍ സിബല്‍. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വി അത്ഭുതപ്പെടുത്തിയില്ല. 2014 മുതല്‍ പാര്‍ട്ടി താഴേക്ക് പോകുകയാണ്.2014 മുതല്‍ 177 എം.പിമാരും എം.എല്‍.എമാരും 222 സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് വിട്ടു. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരത്തിലുള്ള കൊഴിഞ്ഞുപോക്ക് കണ്ടിട്ടില്ലെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി.
നേതൃസ്ഥാനത്ത് നിന്ന് ഗാന്ധി കുടുംബം മാറി നില്‍ക്കണം. മറ്റുള്ളവര്‍ക്ക് അവസരം നല്‍കണം. ഗാന്ധി കുടുംബത്തിന് പുറത്ത് നിരവധി നേതാക്കളുണ്ട്.2022 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ നേതൃത്വത്തോട് അടുപ്പമുള്ളവര്‍ വിട്ടുപോയി. യു.പിയില്‍ 2.33 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ജനങ്ങളുമായി പാര്‍ട്ടിക്ക് അടുത്ത് ഇടപെടാന്‍ സാധിക്കുന്നില്ല.
എട്ടു വര്‍ഷമായി നടത്താത്ത ചിന്തന്‍ ശിബിര്‍ ഇപ്പോള്‍ തേല്‍വിയുടെ കാരണം കണ്ടെത്താനായി നടത്തുന്നു. പാര്‍ട്ടിയുടെ തകര്‍ച്ചയെക്കുറിച്ച് ഇത്രയും കാലമായിട്ടും നേതൃത്വത്തിന് ശ്രദ്ധയില്ല.രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷനല്ല. രാഹുല്‍ ഗാന്ധി പഞ്ചാബില്‍ പോയി ചരണ്‍ജിത് സിങ് ചന്നി മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം നടത്തി. എന്ത് അധികാരത്തിലാണ് അദ്ദേഹം അത് ചെയ്തത് പാര്‍ട്ടിയുടെ അധ്യക്ഷനല്ല, പക്ഷെ എല്ലാ തീരുമാനങ്ങളും അദ്ദേഹം എടുക്കുന്നത് എന്ത് അധികാരത്തിരത്തിലാണ്..
കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധി തുടരുമെന്ന് അറിയിച്ച തീരുമാനത്തിനും അത്ഭുതപ്പെടാന്‍ തക്കതായി ഒന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം കപില്‍ സിബലടക്കമുള്ള കോണ്‍ഗ്രസിലെ വിമത നേതാക്കളുടെ യോഗം നാളെ നടക്കും. രാത്രി ഏഴിന് ഡല്‍ഹിയിലാണ് യോഗം ചേരുക. കേരളത്തില്‍ നിന്നുള്ള നേതാക്കളേയും യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.
india
SHARE THIS ARTICLE