അമ്മമാർ കുട്ടികൾക്കുവേണ്ടി പഠിക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്യലാണ് നാട്ടുനടപ്പെങ്കിൽ വ്യത്യസ്ത രീതിയുമായി കലയന്താനി സെന്റ് ജോർജസ് ഹയർ സെക്കണ്ടറി സ്കൂൾ ശ്രദ്ധേയമാകുന്നു. കലയന്താനി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളാണ് വ്യത്യസ്ത രീതിയുമായി മുന്നോട്ടു വന്നത്. സൈബർ സുരക്ഷയേക്കുറിച്ചാണ് അമ്മമാർക്ക് കുട്ടികൾ ക്ലാസ്സെടുത്തത്. മൊബൈൽ ഫോൺ ദുരുപയോഗ സാധ്യതകൾ, ഇന്റർനെറ്റിലെ ചതിക്കുഴികൾ തുടങ്ങിയ വിവിധ വിഷയങ്ങളാണ് കുട്ടികൾ കൈകാര്യം ചെയ്തത്. കൗതുകത്തോടെയും , ഭയാശങ്കകളോടെയുമാണ് അമ്മമാർ ക്ലാസ്സുകൾ ശ്രവിച്ചത്. ഉദാഹരണങ്ങളും , ദൃശ്യങ്ങളും ക്ലാസ്സുകൾ കൂടുതൽ ആകർഷകമാക്കി.
സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലന പരിപാടിയാണ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നത്.
വിവിധ ബാച്ചുകളിലായി നടക്കുന്ന പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ ശ്രീ. മോൻസ് മാത്യുസാർ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിഷ്ണു ചന്ദ്രബോസ്, ദേവാനന്ദ് പി.എസ്., അസ്ന നാസർ, നഹല മുജീബ് എന്നിവരും കൈറ്റ് മിസ്ട്രസുമാരായ ശ്രീമതി സലോമി റ്റി.ജെ, ശ്രീമതി ബെർളി ജോസ് എന്നിവരുമാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്.
idukki
SHARE THIS ARTICLE