തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവയവ മാറ്റത്തില്‍ ഗുരുതര അനാസ്ഥ. വൃക്കമാറ്റിവെച്ച രോഗി മരിച്ചു. കൊച്ചിയില്‍ നിന്നും വൃക്ക കൃത്യസമയത്ത് എത്തിച്ചിരുന്നു. എന്നിട്ടും ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകിയാണ് നടന്നതെന്നാണ് ആരോപണം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍ ഒമ്പത് മണിയോടെയാണ് ശസ്തക്രിയ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച രാത്രിയാണ് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നയാൾക്കാണ് മസ്തിഷ്ക മരണം സംഭവിക്കുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലും മറ്റേത് കൊച്ചി അമൃത ആശുപത്രിയിലും നല്കാന് തീരുമാനിച്ചിരുന്നു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വൃക്ക സ്വീകരിക്കാന്‍ യോഗ്യനായ രോഗി ഇല്ലാത്തതിനാലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ആവശ്യപ്രകാരം വൃക്ക എത്തിച്ചുനല്‍കിയത്.
ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരടക്കം സംഘം രാജഗിരി ആശുപത്രിയിലെത്തിയത്. പത്ത് മണിയോടെ മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയില്‍ വൃക്ക് മാറ്റുന്ന ശസ്ത്രക്രിയ നടന്നു. ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ വൃക്ക ആംബുലന്‍സില്‍ പൊലീസ് അകമ്പടിയോടെ തിരുവനന്തപുരത്തെത്തിച്ചു. ഗ്രീന്‍ കോറിഡോര്‍ സംവിധാനം വഴിയാണ് വൃക്ക എത്തിച്ചത്. എന്നാല്‍ കൃത്യസമയത്ത് അവയവമെത്തിച്ചിട്ടും ശസ്ത്രക്രിയ നടത്തിയതില്‍ നാല് മണിക്കൂറോളമാണ് വൈകിയത്.
അതേസമയം കിഡ്നിമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണം. അതേ തുടര്‍ന്നാണ് ശസ്ത്രക്രിയ വൈകിയതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് ശസ്ത്രക്രിയക്കായി തിരുവനന്തപുരത്ത് എത്തിച്ചത്.
kerala
SHARE THIS ARTICLE