All Categories

Uploaded at 1 month ago | Date: 17/05/2022 22:08:19മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇടുക്കി ജില്ലയില്‍ വനം വകുപ്പു നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം മറയൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് അങ്കണത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. 
മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് അയവ് വരുത്താന്‍ സമവായത്തിന്റെ പുതിയ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വായ്പയെടുത്ത് കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് വന്യജീവികള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതു മൂലം കടുത്ത നഷ്ടമാണ് നേരിടുന്നത്. ഇക്കാരണത്താല്‍ വായ്പ തിരിച്ചടക്കാന്‍ പോലും കഴിയാത്ത സാഹചര്യവുമുണ്ട്. ജനവാസ മേഖലയില്‍ അക്രമകാരികളായിറങ്ങുന്ന കാട്ടു പന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ വൈമുഖ്യം കാട്ടുകയാണ്. സംസ്ഥാനത്തോട് കത്തു മുഖേന ഇതിന് അനുമതി നല്‍കാനാവില്ലെന്ന നിലപാടും പാര്‍ലമെന്റില്‍ കേരളത്തിലെ എംപിയോട് വിഷയത്തില്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന മറുപടിയും നല്‍കി ഇരട്ടത്താപ്പാണ് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജനജീവിതത്തിന് അപകടകാരികളായ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യണമെന്ന് മുഖ്യമന്ത്രി വനം വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി വരികയാണ്. അപകടകാരികളായ കാട്ടുപന്നികളെ തുരത്തുന്നതിനും വേണ്ടി വന്നാല്‍ ഇല്ലായ്മ ചെയ്യുന്നതിനും തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് അധികാരം നല്‍കുന്നതിനായി ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്ന പദവി നല്‍കുന്നതിന് സര്‍ക്കാര്‍ ആലോചിച്ചു വരുന്നു. ഇതിന്റെ ഓഥറൈസ്ഡ് ഉദ്യോഗസ്ഥന്‍മാരായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി സെക്രട്ടറിമാരെയും ചുമതലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. ജനകീയ പങ്കാളിത്തമുറപ്പാക്കിക്കൊണ്ട് വന്യജീവി അക്രമണ വെല്ലുവിളി നേരിടുന്നതിനായി ആലോചിക്കുന്ന പദ്ധതി അടുത്ത മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
 ഒരു പ്രദേശത്ത് നടപ്പാക്കിയ വന്യമൃഗ പ്രതിരോധ സംവിധാനം മറ്റൊരു ജില്ലയില്‍ പ്രായോഗികമല്ലാത്തതിനാല്‍ വികേന്ദ്രീകൃത രൂപത്തിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കും. വന സേനയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി, വനാശ്രിത സമൂഹം മുതലായവയുടെ സഹകരണം ഇതിനായി ഉറപ്പാക്കുകയും ചെയ്യും. 
ഗ്രാമ പഞ്ചായത്തുകള്‍ വനസേനയെ ശാക്തീകരിക്കേണ്ടത് അത്യാവശ്യമാണ്. യഥാസമയം വനസേനയുടെ യോഗം വിളിക്കുകയും പുനസംഘടിപ്പിക്കുകയും വേണം. ഇതിന്റെ ഭാഗമായി തോക്ക് ലൈസന്‍സ് ഉള്ളവര്‍, സ്ഥലത്തെ ആശുപത്രികള്‍, അടിയന്തര ഘട്ടങ്ങളില്‍ വിളിക്കേണ്ട നമ്പരുകള്‍ എന്നിവയുള്‍പ്പെടുത്തി ഡാറ്റാ ബാങ്ക് രൂപീകരിക്കണം. റെയിഞ്ച് ഓഫീസര്‍മാര്‍ ഹെല്‍പ് ലൈന്‍ സേവനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്തുകളെയും വനസേനയെയും സഹായിക്കണം. നിലവിലുള്ള റാപിഡ് റെസ്പോണ്‍സ് ടീമുകള്‍ ശക്തിപ്പെടുത്തണം. അതിനായി വാഹനങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 
വന്യമൃഗ ഭീഷണി നേരിടുന്നതിനായി സ്ഥാപിച്ചിട്ടുള്ള സിസിടിവി സംവിധാനങ്ങള്‍ കാലോചിതമാക്കുകയും മോണിട്ടറിംഗ് ശക്തിപ്പെടുത്തുകയും നേണം. നിലവില്‍ ജനവാസ മേഖലയില്‍ നല്‍കുന്ന മുന്നറിയിപ്പു സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലൂടെ വന്യജീവി യാത്രപഥങ്ങള്‍  കണ്ടെത്തി പൊതുജനങ്ങള്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കാനാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 
കാട്ടുപന്നി ഇതര വന്യജീവി അക്രമണങ്ങളില്‍ നിന്നും മലയോര-കാര്‍ഷിക മേഖലയ്ക്ക് സംരക്ഷണം ഉറപ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ക്കായി സര്‍ക്കാര്‍ നിയമോപദേശം ആരാഞ്ഞിട്ടുണ്ട്. മറുപടി ലഭ്യമാകുന്ന മുറയ്ക്ക് അനന്തര നടപടികള്‍ക്ക് സര്‍ക്കാര്‍ തീരുമാനമെടുക്കും. ഇടുക്കി ജില്ലയിലെ കര്‍ഷക സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ ചിന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു വരുന്നു. ഇവിടെയുള്ള വിഷയം സംബന്ധിച്ച് മന്ത്രിതല ചര്‍ച്ച ഉടന്‍ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. 
ഇടുക്കി ജില്ലയിലെ 2020-ലെ വനമിത്ര അവാര്‍ഡ് നേടിയ ബുള്‍ബേന്ദ്രനെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. സ്‌കൂളുകള്‍ക്ക് വിദ്യാവനം സംബന്ധിച്ചുള്ള ധാരണാപത്രങ്ങള്‍ മന്ത്രി കൈമാറി. മറയൂര്‍ ചന്ദന ഡിവിഷന്‍ തയാറാക്കിയ  പെരിയ ചന്ദനക്കാടെ എന്ന തീം സോങ്ങ് മന്ത്രി പ്രകാശനം ചെയ്തു. ജില്ലയിലെ മറയൂര്‍, നാച്ചിവയല്‍, കാന്തല്ലൂര്‍, വണ്ണാന്തുറ എന്നീ നാലു മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെയും ഇല പ്രൊവിഷണല്‍ സ്റ്റോര്‍, പാലാര്‍ ഇക്കോ ഷോപ്പ്, മച്ചിപ്ലാവ് ഹണി പ്രോസസിംഗ് സെന്റര്‍ എന്നിവയുടെയും  ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. യുഎന്‍ഡിപി മറയൂര്‍ ചില്ല മാര്‍ക്കറ്റിലേയ്ക്ക് നല്‍കിയ വാഹനത്തിന്റെ താക്കോല്‍ദാനവും നേര്യമംഗലത്ത് മൂന്നാര്‍ വന വികസന ഏജന്‍സി ആരംഭിച്ച മസാലപ്പെട്ടി ആഴ്ച ചന്ത ആദ്യ ലേലവും മന്ത്രി നിര്‍വ്വഹിച്ചു.
അഡ്വ. എ.രാജ എംഎല്‍എ അധ്യക്ഷനായിരുന്നു. പിസിസിഎഫ്(എഫ്എം) നോയല്‍ തോമസ്, പെരിയാര്‍ കടുവസങ്കേതം ഫീല്‍ഡ് ഡയറക്ടര്‍ പി.പി.പ്രമോദ്, ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്, കോട്ടയം സിസിഎഫ് ജോര്‍ജ്ജി പി.മാത്തച്ചന്‍, ദേവികുളം ബ്ലോക്ക് പ്രസിഡന്റ് ആനന്ദ റാണി ദാസ്, മറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി ജോസഫ്, ജില്ലാ പഞ്ചായത്തംഗം സി.രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിജയ് കാളിദാസ്, മീനാ രമേശ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ കൊച്ചു ത്രേസ്യാ മാത്യു, വിജി ജോസഫ്, മറയൂര്‍ ഡിഎഫ്ഒ എം.ജി.വിനോദ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.