ന്യൂഡല്‍ഹി: യുക്രെയ്നില്‍ ഖർക്കീവിലെ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖര്‍ കൊല്ലപ്പെട്ടതില്‍ അതിയായ ദുഖം രേഖപ്പെടുത്തുന്നതായി ഇന്ത്യയിലെ യുക്രെയ്ന് സ്ഥാനപതി ഡോ. ഇഗൊര്‍ പൊലിഖ. സംഭവത്തില്‍ യുക്രെയ്ൻ ഭരണകൂടം അനുശോചനം രേഖപ്പെടുത്തി. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായിരുന്ന ഷെല്ലിങ്ങും ബോംബാക്രമണങ്ങളും ജനവാസ മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'രജപുത്രര്‍ക്കെതിരെ മുഗളന്മാര് സംഘടിപ്പിച്ച കൂട്ടക്കൊല പോലെയാണിത്. ബോംബാക്രമണവും ഷെല്ലാക്രമണവും നിര്‍ത്താന്‍ പുടിനെതിരെ എല്ലാ വിഭവങ്ങളും ഉപയോഗിക്കണമെന്ന് ഞങ്ങള്‍ ഓരോ തവണയും, മോദി ഉള്‍പ്പെടെ സ്വാധീനമുള്ള എല്ലാ ലോക നേതാക്കളോടും ആവശ്യപ്പെടുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവീന്റെ പിതാവ് ശേഖര്‍ ഗൗഡയുമായി സംസാരിച്ച പ്രധാനമന്ത്രി കുടുംബത്തെ അനുശോചനം അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നവീന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.സംഘര്‍ഷ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് സുരക്ഷിതയാത്ര ഒരുക്കണമെന്ന് റഷ്യയോടും യുക്രൈനോടും ഇന്ത്യ ആവശ്യപ്പെട്ടു.
ഖര്‍ക്കീവില്‍ ഇന്നു രാവിലെയുണ്ടായ റഷ്യന്‍ ഷെല്‍ ആക്രമണത്തിലാണ് കര്‍ണാടക സ്വദേശിയും എംബിബിഎസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ നവീന്‍ എസ്ജി കൊല്ലപ്പെട്ടത്.ഭക്ഷണം വാങ്ങാന്‍ കടയുടെ മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. കര്‍ണാടകയിലെ ചെല്ലഗരെ സ്വദേശിയാണ്. യുക്രൈനില്‍ സ്ഥിതി ഗുരുതരമാകുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനമായ കീവിലുള്ള ഇന്ത്യന്‍ പൗരന്മാര് ഇന്നു തന്നെ നഗരം വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു.
gulf
SHARE THIS ARTICLE