All Categories

Uploaded at 3 weeks ago | Date: 25/09/2021 22:32:45

ന്യൂയോർക്ക്: വർധിച്ചുവരുന്ന തീവ്രവാദവും പുറകോട്ടു സഞ്ചരിക്കുന്ന ചിന്താഗതികളും ലോകത്തിനു ഭീഷണിയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാജ്യങ്ങൾ ഭീകര പ്രവർത്തനം രാഷ്ട്രീയ ആയുധമാക്കുന്നുണ്ടെന്നും പാക്കിസ്ഥാനെ പേരെടുത്തു പരാമർശിക്കാതെ മോദി പറഞ്ഞു. ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അഫ്ഗാനിസ്ഥാന്‍റെ മണ്ണ് ഭീകരപ്രവർത്തനത്തിന് ഉപയോഗിച്ചുകൂടാ. അഫ്ഗാനിസ്ഥാനിലെ കുഴഞ്ഞുമറിഞ്ഞ സാഹചര്യം മുതലെടുക്കാൻ മറ്റൊരു രാജ്യത്തെയും അനുവദിച്ചുകൂടെന്നും പ്രധാനമന്ത്രി. മറ്റൊരു രാജ്യത്തിന്‍റെ സ്വാർഥ താത്പര്യങ്ങൾക്കായി അഫ്ഗാനിലെ സാഹചര്യം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക്കിസ്ഥാനെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് മോദി ആവർത്തിച്ചു. സ്ത്രീകളും കുട്ടികളും ന്യൂനപക്ഷങ്ങളും അടക്കം അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ സഹായം അർഹിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യ കടമ നിറവേറ്റുമെന്നും മോദി പറഞ്ഞു.

 തീവ്രവാദവും പിന്തിരിപ്പൻ ചിന്താഗതികളും വർധിക്കുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ ശാസ്ത്രീയ അടിസ്ഥാനത്തിൽ ചിന്തിക്കണം. പുരോഗമനാത്മകമാകണം ചിന്താഗതി. ശാസ്ത്രീയാധിഷ്ഠിത സമീപനം ശക്തമാക്കുന്നതിന് ഇന്ത്യ പരിചയാധിഷ്ഠിത പഠനം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ആഗോള സാമ്പത്തിക വ്യവസ്ഥയിൽ കൂടുതൽ വൈവിധ്യവത്കരണം ആവശ്യമാണെന്ന് കൊവിഡ് മഹാമാരി കാണിച്ചു തന്നുവെന്നും മോദി. കൊവിഡിനെതിരേ ഇന്ത്യയുടെ പോരാട്ടം പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ലോകത്തെ ആദ്യ ഡിഎൻഎ അധിഷ്ഠിത വാക്സിൻ ഇന്ത്യ വികസിപ്പിച്ചു. 12 വയസിനു മുകളിലുള്ള എല്ലാവർക്കും ഈ വാക്സിൻ നൽകാനാവും. ആഗോള വാക്സിൻ നിർമാതാക്കൾ ഇന്ത്യയിൽ വന്ന് വാക്സിൻ നിർമാണത്തിൽ പങ്കാളികളാവണമെന്ന് മോദി ആഹ്വാനം ചെയ്തു. 

ഇന്ത്യ വളരുമ്പോൾ ലോകവും വളരുന്നു. ഇന്ത്യ പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോൾ ലോകവും പരിവർത്തനം ചെയ്യപ്പെടുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്നതാവണം വികസനം. അതാണ് ഇന്ത്യയുടെ സമീപനം. മഹത്തായ ജനാധിപത്യ പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. ജനാധിപത്യത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യത്തെയാണു ഞാൻ പ്രതിനിധാനം ചെയ്യുന്നത്. നാനാത്വം അംഗീകരിക്കുന്ന മഹത്തായ ജനാധിപത്യമാണ് ഇന്ത്യയിൽ- അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്ര സഭയുടെ പ്രസക്തി നിലനിർത്തുന്നതിന് ശേഷിയും വിശ്വാസ്യതയും വർധിപ്പിക്കേണ്ടതുണ്ട്. ലോകക്രമം കരുത്തുറ്റതാകാൻ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി സംസാരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.