പാകിസ്താനിലെ അഫ്ഗാനിസ്താന് പ്രതിനിധിയുടെ മകളെ തട്ടിക്കൊണ്ടു പോയതായി അഫ്ഗാന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാന് നയതന്ത്ര പ്രതിനിധി നജിബുള്ള അലിഖിലിന്റെ മകളെയാണ് വെളളിയാഴ്ച ഇസ്ലാമാബാദില് വെച്ച് തട്ടിക്കൊണ്ടു പോയി കുറച്ചു സമയത്തിനു ശേഷം വിട്ടയച്ചത്.
സില്‍സില അലിഖില്‍ എന്ന 26 കാരിയെ വീട്ടില്‍ നിന്നും ജിന്ന സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകവെയാണ് തട്ടിക്കൊണ്ടു പോയത്. അഫ്ഗാന് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി.
പാകിസ്താനിലുള്ള അഫ്ഗാന് പ്രതിനിധികളുടെയും ബന്ധുക്കളുടെയും സുരക്ഷയില്‍ ആശങ്കയറിയിച്ച വിദേശകാര്യ മന്ത്രാലയം സംഭവത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. പാക് സര്‍ക്കാര്‍ സംഭവം ഗൗരവമായി കാണണമെന്നും തങ്ങളുടെ പൗരര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ആരാണ് യുവതിയെ തട്ടിക്കൊണ്ടു പോയതെന്ന് ഇതുവരെ വ്യക്തമല്ല. താലിബാന് ശക്തമായ പിന്തുണയാണ് പാകിസ്താനിലെ ഒരു വിഭാഗം നല്‍കുന്നത്. അഫ്ഗാനിലെ നിലവിലെ സര്‍ക്കാരിനെ ഇവര്‍ എതിര്‍ക്കുകയും ചെയ്യുന്നു. വീണ്ടും ശക്തി പ്രാപിച്ചു വരുന്ന താലിബാന് പാക് സര്‍ക്കാര്‍ രഹസ്യ സൈനിക പിന്തുണ നല്‍കുന്നുണ്ടെന്ന് അഫ്ഗാന് സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്. വെള്ളിയാഴ്ച നടന്ന സെന്‍ട്രല്‍ ആന്റ് സൗത്ത് ഷ്യേ കണക്ടിവിറ്റി കോണ്‍ഫറന്‍സില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സാന്നിധ്യത്തില്‍ അഫ്ഗാന് പ്രസിഡന്റ് അഷറഫ് ഗാനി ഇക്കാര്യം തുറന്നടിച്ചിരുന്നു.
തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പാകിസ്താന് ഇതുവരെയും ഉപേക്ഷിച്ചിട്ടില്ലെന്ന് ആരോപിച്ച ഘാനി കഴിഞ്ഞ മാസം മാത്രം ആയിരത്തോളം ഭീകരവാദികള്‍ പാകിസ്താനില്‍ നിന്നും അഫ്ഗാനിലേക്ക് കടന്നിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ ഈ ആരോപണത്തെ പാകിസ്താന് നിഷേധിച്ചു.
gulf
SHARE THIS ARTICLE