പീരുമേട് : പ്രളയത്തിൽ തകർന്ന ദേശീയപാതയുടെ സംരക്ഷണഭിത്തികൾ പണിയാൻ പണം അനുവദിച്ചു. പണികൾക്കായി കേന്ദ്ര ഉപരിതല മന്ത്രാലയം 5.14 കോടി രൂപയാണ് അനുവദിച്ചത്. മുപ്പത്തിയഞ്ചാം മൈൽ മുതൽ കുമളി വരെയുള്ള ഭാഗങ്ങളിൽ ഇടിഞ്ഞുകിടക്കുന്ന സംരക്ഷണഭിത്തികൾ പണിയുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. കൊടികുത്തി ചാമപ്പാറ, നാൽപ്പതാം മൈൽ, അമലഗിരി, പുല്ലുപാറ, കടുവാപ്പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് വലിയ തോതിൽ മണ്ണിടിച്ചിലിൽ സംരക്ഷണഭിത്തി തകർന്നത്.
ടാർവീപ്പയും റിബണും ഉപയോഗിച്ചാണ് ഇവിടങ്ങളിൽ അപകട മുന്നറിയിപ്പ് നൽകിയിരുന്നത്. വീതികുറഞ്ഞ റോഡിൽ ടാർ വീപ്പയിൽ ഇടിച്ചും നിയന്ത്രണം നഷ്ടപ്പെട്ടും ഉണ്ടാകുന്ന വാഹന അപകടങ്ങളുടെ എണ്ണവും കൂടിയിരുന്നു.
2021 ഒക്ടോബർ 16-ന് ഉണ്ടായ ശക്തമായ മഴയിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലുമാണ് ദേശീയപാതയിൽ കുട്ടിക്കാനത്തിനും മുപ്പത്തിയഞ്ചാം മൈലിനും ഇടയിൽ ആറിടങ്ങളിൽ സംരക്ഷണഭിത്തി തകർന്നത്.
സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന ഇടങ്ങളിലൂടെ ഗതാഗതം സാധ്യമല്ലാത്ത രീതിയിൽ മണ്ണൊലിച്ചുപോയി. ചല സ്ഥലങ്ങളിൽ ടാറിങ്ങും അടർന്നു. അപകട സാധ്യതയേറിയ സ്ഥലങ്ങളിലാണ് ഇത്തരത്തിൽ സംരക്ഷണഭിത്തി തകർന്നിരിക്കുന്നത്. മാസങ്ങൾ പിന്നിട്ടിട്ടും പണികൾ വൈകുന്നത് പരാതികൾക്കും പ്രതിഷേധങ്ങൾക്കും കാരണമാക്കിയിരുന്നു.
പണികൾ പൂർത്തിയാകുന്നതോടെ അപകടസാധ്യത കുറയും. ഓരോ സ്ഥലങ്ങളിലും വേണ്ട പണികളുടെ ടെൻഡർ നടപടികൾ നടന്നുവരുകയാണെന്നും പണികൾ ഉടൻ തന്നെ തുടങ്ങുമെന്നും ദേശീയപാതാ അധികൃതർ പറഞ്ഞു.
idukki
SHARE THIS ARTICLE