തിരുവനന്തപുരം: വിദേശത്തേക്ക് കറൻസി കടത്ത്, ബിരിയാണി ചെമ്പിൽ ക്ലിഫ്ഹൗസിലേക്ക് ലോഹ വസ്തുക്കളുടെ കൈമാറ്റം തുടങ്ങി സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്തൊട്ടാകെ ഉയർന്ന കരിങ്കൊടി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കറുപ്പ് വസ്ത്രത്തിനും കറുത്ത മാസ്കിനും വിലക്ക് ഏർപ്പെടുത്താൻ പൊലീസിന് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ പി ശശി, ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്ക് വാക്കാൽ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിൽ കറുപ്പ് നിറത്തെ അകറ്റി നിർത്താനുള്ള പൊലീസ് നടപടി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം അതിശക്തമാകാൻ ഇടയുണ്ടെന്നും കരിങ്കൊടി പ്രതിഷേധം മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമന്നും അതിനാൽ ഏതുവിധേനെയും തടയണമെന്നുമായിരുന്നു നിർദ്ദേശം. പി ശശിയുടെ ആജ്ഞ ശിരസാവഹിച്ച എഡിജിപി വിജയ് സാഖറെ, ഡിജിപി അനിൽകാന്തിനെ പോലും അറിയിക്കാതെ കറുത്ത വസ്ത്രം ധരിച്ചെത്തുന്നവർക്കെതിരെ കർശന നടപടിക്ക് മുഖ്യമന്ത്രിയുടെ പരിപാടികൾ നടക്കുന്ന ജില്ലകളിലെ എസ്പിമാർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇതിനിടെ, ആരുടെ നിർദ്ദേശപ്രകാരമാണ് കറുപ്പ് നിറത്തിലുള്ള മാസ്കും വസ്ത്രങ്ങളും ധരിച്ചവർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി എസ്.പിമാർക്ക് ഷോക്കോസ് നോട്ടീസ് നൽകിയതോടെ, വിവിധ പരിപാടികളിൽ കറുത്ത മാസ്ക് ഊരി വാങ്ങിയ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണ് നീക്കം. മാസ്ക് അഴിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. കറുത്ത മാസ്ക് മാറ്റിയതും കറുത്ത വേഷധാരികളെ പിടിച്ചതുമായ എല്ലാ ഉദ്യോഗസ്ഥരുടേയും വിവരം ഉടൻ പൊലീസ് ആസ്ഥാനത്ത് അറിയിക്കാനാണ് നോട്ടീസ്. സ്ഥലം മാറ്റമാണോ സസ്പെൻഷനാണോ നടപടിയെന്നത് എന്നത് റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും തീരുമാനിക്കുക.
ആദ്യ ദിവസം ആദ്യ ദിവസം കൊച്ചിയിലും കോട്ടയത്തും കറുത്ത മാസ്കും വസ്ത്രവും അഴിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നപ്പോൾ തന്നെ ഡിജിപി അനിൽകാന്ത് ഇത് വിലക്കിയിരുന്നു. എന്നാൽ, ഞായറാഴ്ചയും ഡിജിപിയുടെ നിർദ്ദേശം മുഖവിലയ്ക്കെടുക്കാതെയാണ് പൊലീസ് നടപടി തുടർന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശമാണെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി അറിയിച്ചതിനാൽ നടപടിയിൽ നിന്ന് എസ്പിമാർക്കും ഒഴിഞ്ഞു നിൽക്കാൻ കഴിഞ്ഞില്ല. വിജയ് സാഖറെയുടെ നടപടിക്കെതിരെ ഇന്റലിജൻസ് സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതേസമയം, പൊലീസ് ചീഫിന്റെ വിശദീകരണ നോട്ടീസ് ലഭിച്ച എസ്പിമാർക്കെതിരെ നടപടിയുണ്ടാകില്ലെന്ന ഉറപ്പും എഡിജിപി നൽകിയിട്ടുണ്ടെന്നാണ് വിവരം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഐജി സി.എച്ച്.നാഗരാജു, കോട്ടയം എസ്പി ഡി.ശിൽപ, മലപ്പുറം എസ്പി സുജിത് ദാസ്, കണ്ണൂർ റൂറൽ എസ്പി പി.ബി.രാജീവ് എന്നിവർക്കാണ് ഡിജിപി നോട്ടീസ് നൽകിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തുനിന്ന് ആവർത്തിച്ച് ഉത്തരവു നൽകിയിട്ടും വീണ്ടും മാസ്ക് അഴിപ്പിച്ചതും കറുത്ത വേഷധാരികളെ പിടിച്ച് അകത്താക്കിയതിന്റെയും കാരണം വ്യക്തമാക്കാനാണ് ഷോക്കോസ് നോട്ടീസിൽ ആവശ്യം. കറുപ്പിനെതിരെ വിലക്കുണ്ടായ ആദ്യദിവസങ്ങളിൽ ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവികളോടു പൊലീസ് ആസ്ഥാനത്തുനിന്നു വിവരം തിരക്കിയപ്പോൾ എഡിജിപിയുടെ ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്നായിരുന്നു വിശദീകരണം. തുടർന്നു കറുപ്പിനെതിരെ നടപടി പാടില്ലെന്ന കർശന നിർദേശം ഉടൻ ജില്ലാ പൊലീസ് മേധാവികൾക്കു നൽകാൻ സാഖറെയോടു അനിൽകാന്ത് രണ്ടുതവണ നിർദേശിച്ചു. എന്നിട്ടും വിജയ് സാഖറെ ഉത്തരവ് നൽകിയില്ല. ഇത് സംസ്ഥാന പൊലീസ് മേധാവിയെ ചൊടിപ്പിച്ചിട്ടുണ്ട്.
kerala
SHARE THIS ARTICLE