All Categories

Uploaded at 1 week ago | Date: 15/09/2021 11:30:07

 
 
   

തൊടുപുഴ∙ ‘ജൽതേ ഹേ ജിസ്‌കേലിയേ, തേരെ ആംഖോം കി ദിയേ...’ പി.ജെ.ജോസഫിന് ഏറെയിഷ്ടമുള്ള പാട്ടിന്റെ ഈ വരികൾ പോലെ ജോസഫിന്റെയും ഡോ. ശാന്തയുടെയും ദാമ്പത്യം അൻപതിന്റെ നിറവിൽ തെളിഞ്ഞുനിൽക്കുന്നു. കേരള രാഷ്ട്രീയത്തിലെ സീനിയർ നേതാക്കളിലൊരാളും കേരള കോൺഗ്രസ് ചെയർമാനുമായ പി.ജെ.ജോസഫ് എംഎൽഎയുടെയും ഭാര്യ ഡോ. ശാന്തയുടെയും വിവാഹത്തിന്റെ അൻപതാം വാർഷികമാണിന്ന്. പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽവച്ച് 1971 സെപ്റ്റംബർ 15ന് ആയിരുന്നു മിന്നുകെട്ട്.

 

കലങ്ങിയൊഴുകുന്ന തൊടുപുഴയാറുപോലെ രാഷ്ട്രീയ ജീവിതം പലവഴികളിൽ ഒഴുകിയപ്പോഴും ‘ശാന്ത’യായി കൂട്ടുനിന്ന ഭാര്യയാണ് തന്റെ ബലമെന്ന് ജോസഫ് പലതവണ പറഞ്ഞിട്ടുണ്ട്. ജോസഫിന്റെ പാട്ടും കൃഷിയും പോലെതന്നെ അദ്ദേഹത്തിന്റെ പ്രണയകഥയും പ്രസിദ്ധമാണ്. സഹോദരിയുടെ കൂട്ടുകാരിയായി പുറപ്പുഴയിലെ വീട്ടിലെത്തിയ ശാന്തയെ പ്രണയത്തിൽ വീഴ്ത്തിയ കഥ അദ്ദേഹം തന്നെ പറയുന്നു–‘പ്രണയത്തെക്കുറിച്ചോർക്കുമ്പോൾ എന്റെ മനസ്സിൽ ഓടിയെത്തുന്നത് കുട്ട നിറയെ മാമ്പഴവുമായി നിൽക്കുന്ന ഒരു പെൺകുട്ടിയാണ്.

 

തിരുവനന്തപുരം മെഡിക്കൽ കോളജിൽ എന്റെ മൂത്തസഹോദരി ത്രേസ്യാമ്മയുടെ ജൂനിയറായിട്ടാണു ശാന്ത പഠിച്ചത്. പിന്നീടു പുറപ്പുഴ പ്രൈമറി ഹെൽത്ത് സെന്ററിൽ ഡോക്‌ടറായി ശാന്ത വന്നപ്പോൾ ത്രേസ്യാമ്മയാണു വീട്ടിൽ താമസസൗകര്യമൊരുക്കിയത്. ഞാൻ അന്ന് എംഎ കഴിഞ്ഞു പൊതുപ്രവർത്തനവും കൃഷിയുമൊക്കെയായി നടക്കുകയാണ്. വീട്ടിൽ ഇങ്ങനെയൊരാൾ താമസത്തിനു വന്ന കാര്യമൊന്നും അറിഞ്ഞിരുന്നില്ല. ഒരു ദിവസം വൈകിട്ട് വീട്ടിൽ കയറി ചെല്ലുമ്പോൾ വീടിനു മുന്നിൽ ഒരു പെൺകുട്ടി നിൽക്കുന്നു. ഞങ്ങളുടെ പറമ്പിൽനിന്നു പെറുക്കിയെടുത്ത മാമ്പഴം നിറച്ച കുട്ടയുമായിട്ടാണു നിൽപ്. അതാണ് ഞങ്ങളുടെ ആദ്യകാഴ്‌ച. സഹോദരി എനിക്കു ശാന്തയെ പരിചയപ്പെടുത്തി. പിന്നീടു ഞങ്ങൾ ഇഷ്‌ടത്തിലായി’.

 

ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറായാണ് ഡോ. ശാന്ത വിരമിച്ചത്. 50 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഒരിക്കൽ പോലും ജോസഫ് ദേഷ്യപ്പെട്ടിട്ടില്ലെന്നു ശാന്തയും ഏതു കാര്യത്തെയും ചിരിച്ചുകൊണ്ട് സൗമ്യമായി കൈകാര്യം ചെയ്യുന്ന ആളാണ് ഡോ.ശാന്തയെന്ന് ജോസഫും പറയുന്നു. ദാമ്പത്യത്തിന്റെ രഹസ്യമെന്തെന്ന് ചോദിച്ചപ്പോൾ, ദൈവാനുഗ്രഹമെന്നായിരുന്നു ഇരുവരുടെയും മറുപടി. വിവാഹവാർഷികത്തിന് പ്രത്യേക ആഘോഷങ്ങളൊന്നുമില്ല

 

അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന, ആന്റണി, പരേതനായ ജോമോൻ ജോസഫ് എന്നിവരാണു മക്കൾ. അനു (അസോഷ്യേറ്റ് പ്രഫസർ, വിശ്വ ജ്യോതി എൻജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ (മൗണ്ട് സീയോൺ മെഡിക്കൽ കോളജ്, കോഴഞ്ചേരി), ഉഷ എന്നിവർ മരുമക്കൾ.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.