All Categories

Uploaded at 1 month ago | Date: 20/12/2021 21:16:26

 
മൂലമറ്റം : മൂലമറ്റത്തുകാര്‍ സ്‌നേഹത്തോടെ 'പുലി' യെന്ന് വിളിച്ചിരുന്ന പ്രഭാകരന്‍ ഇനി ഓര്‍മ്മയില്‍. ഏതാണ്ട് ഏഴ് പതിറ്റാണ്ടോളം മൂലമറ്റം തെരുവിന്റെ സ്വന്തമായിരുന്നു തിങ്കളാഴ്ച അന്തരിച്ച പ്രഭാകരന്‍(87).പതിനഞ്ച് വയസ്സുള്ളപ്പോള്‍ ഇടുക്കി പദ്ധതിയുടെയും മറ്റും ജോലിയ്ക്കായി ഇവിടെയെത്തിയതായിരുന്നു പ്രഭാകരന്‍. ആലപ്പുഴ സ്വദേശിയാണെന്ന് പറയുന്നതല്ലാതെ ഉറ്റവരാരും ഉണ്ടായിരുന്നില്ല ഇദ്ദേഹത്തിന്.ചില സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ പുലി എന്ന്  വിളിച്ചത്.
 
1966കാലത്ത് വൈദ്യുതി ബോര്‍ഡിന്റെ സ്‌റ്റോറില്‍ സിമന്റിറക്കുകയും ഒഴിവുവേളയില്‍ ഹോട്ടല്‍ ജോലിയും ചെയ്തിരുന്ന പ്രഭാകരനെ അറക്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടോം ജോസ് ഓര്‍മ്മിക്കുന്നു.
 
മൂലമറ്റത്തുകാര്‍ക്ക് എപ്പോഴും ഉപകാരിയായിരുന്നു പ്രഭാകരന്‍. കുടിവെള്ളത്തിന് ബുദ്ധിമുട്ടിയിരുന്ന വേളയില്‍ മൂലമറ്റം കനാലില്‍ നിന്നും ടൗണിലെ കച്ചവടക്കാര്‍ക്കും വീട്ടുകാര്‍ക്കും വെള്ളം ചുമന്ന് കൊണ്ടുകൊടുക്കുമായിരുന്നു പ്രഭാകരന്‍. എന്ത് ജോലിയ്ക്കും റെഡിയായിരുന്നു ഇദ്ദേഹം. വലിയ ആത്മാഭിമാനിയായിരുന്ന പ്രഭാകരന്‍ ഒരിക്കലും കൂലി ചോദിച്ചു വാങ്ങിയിരുന്നില്ല. കൊടുക്കുന്നത് വാങ്ങുകയെന്നതായിരുന്നു രീതി.
 
ജീവിത സായന്തനത്തില്‍ അവശനിലയിലായപ്പോഴും ടൗണിലെ ഒഴിവുള്ള കടത്തിണ്ണകളില്‍ മാറിമാറി അന്തിയുറങ്ങി. കൈയ്യില്‍ പണമില്ലാതെ പല ദിനങ്ങളിലും പട്ടിണിയായിരുന്നു. അപ്പോഴും ആരോടും ഒന്നും ഇരന്നു വാങ്ങാന്‍ ശ്രമിച്ചില്ല. വളരെ അടുത്തറിയാവുന്നവര്‍ എന്തെങ്കിലും സ്‌നേഹത്തോടെ കൊടുത്താല്‍ കണ്ണില്‍ നനവു കലര്‍ന്ന ചിരിയോടെ അതു വാങ്ങും.
 
ശാരീരികമായ ഒട്ടേറെ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നിട്ടും ഒരിക്കലും ആരോടും അതൊന്നും പങ്കുവെച്ചില്ല. ഏകനായി തിരക്കില്‍ നിന്നുമാറി കഴിയുകയായിരുന്നു ഇദ്ദേഹം. തീരെ അവശനിലയിലായപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് .വിനോദ് ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിബു ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മടക്കത്താനം അനാഥാലയത്തിലാക്കുകയായിരുന്നു.അവിടെ കഴിയവെയാണ് അന്ത്യം. മൃതദേഹം തൊടുപുഴയിലെ പൊതുശ്മശനത്തില്‍ സംസ്‌കരിച്ചു.
 
 

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.