All Categories

Uploaded at 1 month ago | Date: 29/07/2021 18:11:15

 
 
 
 
ദേവികുളം: കേരളത്തിലെ എഫ് എം. റേഡിയോ പ്രക്ഷേപണത്തിന്റെ ആദ്യകാല സാരഥികളിലൊരാളായ ആകാശവാണി അസിസ്റ്റന്റ് ഡയറക്ടർ (പ്രോഗ്രാം) ഡി.പ്രദീപ് കുമാർ ആകാശവാണിയിൽ നിന്ന് വിരമിക്കുന്നു.  ഗ്രന്ഥകാരനും പ്രക്ഷേപണ ചരിത്രകാരനും കൂടിയായ അദ്ദേഹം ജൂലായ് 31-ന് ദേവികുളം എഫ്.എം. നിലയത്തിൽ നിന്നാണ് വിരമിക്കുന്നത്. മുൻപ് കോഴിക്കോട്, തൃശൂർ, മഞ്ചേരി നിലയങ്ങളുടെ പ്രോഗ്രാം മേധാവിയായിരുന്നു.
1992 മെയ് എട്ടിന് തൃശൂർ നിലയത്തിൽ പ്രോഗ്രാം എക്‌സിക്യൂട്ടീവായി ചേർന്ന ഡി.പ്രദീപ് കുമാർ കേരളത്തിലെ ആദ്യ എഫ് എം. നിലയമായ കൊച്ചി എഫ്.എമ്മിനെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ഇക്കാലത്താണ് അവിടെ നിന്ന് പൂർണ തോതിൽ പ്രക്ഷേപണം തുടങ്ങിയത്. മഞ്ചേരി എഫ്.എം. നിലയത്തിൽ നിന്ന് പ്രഭാത, മധ്യാഹ്ന പ്രക്ഷേപണങ്ങളും സംസ്ഥാനത്തെ പ്രധാന നിലയങ്ങളിലെ ആദ്യത്തെ ഇടവേളകളില്ലാത്ത പ്രക്ഷേപണവും ആരംഭിച്ചു. കണ്ണൂർ ഒഴികെയുള്ള കേരളത്തിലെ എല്ലാ നിലയങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. അറുപതിലധികം പുതിയ പരിപാടികൾ തുടങ്ങി.
കേരളത്തിലെ ആദ്യ പ്രതിദിന നിയമ പരിപാടിയായ നിയമവേദി (കൊച്ചി എഫ്.എം), കംപ്യൂട്ടറിനെക്കുറിച്ചുള്ള ആദ്യ പ്രതിദിന പരിപാടിയായ സൈബർ ജാലകം (തൃശൂർ), പ്രതിദിന നാടക പരമ്പരയായ അരങ്ങ് (കോഴിക്കോട്), കാഴ്ചവൈകല്യമുള്ളവർക്കായി 'നേർവഴി'(തിരുവനന്തപുരം), റേഡിയോ ഗൈഡ് (തിരുവനന്തരം,കൊച്ചി, മഞ്ചേരി), കുട്ടികൾക്കായുള്ള ഫോൺ-ഇൻ പരിപാടി 'കുട്ടി റോക്‌സ്', യുവാക്കൾക്കായി 'ഹലോ യൂത്ത് (മഞ്ചേരി),  ദിൽ സേ(കൊച്ചി),ഹൈറേഞ്ച് വൃത്താന്തം (ദേവികുളം) തുടങ്ങിയവ ഇതിലുൾപ്പെടും. ശ്രോതാക്കളുടെ പ്രതികരണങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് മഞ്ചേരി എഫ്.എം-ൽ ആരംഭിച്ച 'പരസ്പരം'  സംസ്ഥാനത്തെ റേഡിയോ നിലയങ്ങളിലെ അത്തരത്തിലുള്ള ഏറ്റവും ദൈർഘ്യമേറിയ പ്രതിവാര പരിപാടിയാണ്.'ജീവിത പാഠം, റേഡിയോ കാർട്ടൂണുകളുടെ സമാഹാരമായ 'ഹൈടെക് നിരക്ഷര ചരിതം', ജീവചരിത്ര പുസ്തകങ്ങളായ വി.പി.ശിവകുമാർ',' കോവിലൻ',' 'ഉറൂബ്', 'പെരുന്ന തോമസ് കഥകൾ' (സമാഹരണം) തുടങ്ങി 11 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി.ഭാസ്‌കരന്റെ ആത്മകഥയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ചതും അദ്ദേഹമാണ്. മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ എട്ടുപതിറ്റാണ്ടുകളുടെ സമഗ്ര ചരിത്രമായ 'ശബ്ദരേഖ', 'ഗാന്ധിമാർഗ്ഗം' പരിപാടിക്കായി എഴുതിയ പരമ്പരകളുടെ സമാഹാരമായ 'അനാസക്ത കർമ്മയോഗി'എന്നീ പുസ്തകങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും.
സംസ്ഥാന സർക്കാരിന്റെ ഡോ.ബി.ആർ. അംബേദ്കർ മാധ്യമ പുരസ്‌ക്കാരം, ചെങ്ങാരപ്പള്ളി പരമേശ്വരൻ പോറ്റി മാധ്യമ പുരസ്‌കാരം, ഐ.സി.എൽ ഫൗണ്ടേഷൻ കേരള ചാപ്റ്ററിന്റെ ജി.പി.എസ്.നായർ സ്മാരക ശ്രവ്യ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ആകാശവാണിയിലെത്തും മുൻപ് ഏഴ് വർഷം മലയാളം, ഇംഗ്ലീഷ് ദിനപ്പത്രങ്ങളിൽ പത്രപ്രവർത്തകനും, ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ഉദ്യോഗസ്ഥനുമായിരുന്നു.  

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.