All Categories

Uploaded at 1 month ago | Date: 29/07/2021 12:58:58

നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. രാജി വെക്കണമെന്നാവശ്യപ്പെട്ട് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. പിടി തോമസാണ് നോട്ടീസ് നല്‍കിയത്. ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു.

സുപ്രീം കോടതി വിധിയില്‍ ഏറ്റവും കൂടുതല്‍ സമാധാനിക്കുന്നത് കെ എം മാണിയുടെ ആത്മാവ് ആയിരിക്കുമെന്ന് പിടി തോമസ് സഭയില്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയ്ക്ക് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാതൃകആകാന്‍ കഴിയുമോയെന്ന് ചോദിച്ച പിടി തോമസ് ശിവന്‍ കുട്ടി നിയമസഭയില്‍ ഉറഞ്ഞു തുള്ളുന്ന ദൃശ്യം വിക്ടേഴ്‌സ് ചാനലില്‍ കാണിച്ചാല്‍ കുട്ടികള്‍ ഹരം കൊള്ളുമെന്നും പരിഹസിച്ചു.

ആശാന്‍ അക്ഷരം ഒന്ന് പിഴച്ചാല്‍ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യന് എന്ന വാചകം ശിവന്‍കുട്ടിയെ ഉദ്ധരിച്ച് എഴുതിയതാണെന്നും ശിവന്‍ കുട്ടിയുടെ രാജി ആവശ്യപ്പെട്ടില്ലെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചകനായി മുഖ്യമന്ത്രി മാറുമെന്നും പി ടി തോമസ് സഭയില്‍ പറഞ്ഞു.

 

അതേസമയം ശിവന്‍കുട്ടി ഇന്ന് സഭയില്‍ എത്തിയിട്ടില്ല. അനാരോഗ്യത്തെ തുടര്‍ന്നാണ് സഭയില്‍ എത്താതിരുന്നത്. പനിയെ തുടര്‍ന്ന് വി ശിവന്‍കുട്ടിക്ക് സ്പീക്കര്‍ക്ക് അവധി അപേക്ഷ നല്‍കി. നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ശിവന്‍കുട്ടിയുടെ രാജി ആവശ്യം ശക്തമാണ്. അതിനിടെയാണ് അദ്ദേഹം സഭയില്‍ എത്താത്തത് എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസമാണ് സഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട സര്‍ക്കാര്‍ ഹരജി സുപ്രീംകോടതി തള്ളിയത്. കേസില്‍ വി ശിവന്‍കുട്ടി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ഹരജി തള്ളിയത്. സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസുകള്‍ പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. കൈയാങ്കളിയില്‍ നിയമസഭയുടെ പരിരക്ഷ നല്‍കാന്‍ കഴിയില്ല. കേസിന് സ്പീക്കറുടെ അനുമതി ഇല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയില്ല. നിയമസഭാംഗത്തെ അയോഗ്യനാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സ്പീക്കറുടെ അനുമതി വേണ്ടത് ഇത്തരം കേസുകളിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

മന്ത്രി വി ശിവന്‍ കുട്ടി ഉള്‍പ്പെടെ ആറ് ഇടത് നേതാക്കളാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍. സഭയ്ക്കുള്ളില്‍ നടന്ന അക്രമത്തില്‍ സഭാംഗങ്ങള്‍ക്ക് പരിരക്ഷ ഉണ്ടെന്നും അതിനാല്‍ വിചാരണ നേരിടേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റവതരണത്തിനിടെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളില്‍ കലാശിച്ചത്. രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കൈയ്യാങ്കളിക്കേസിലെ പ്രധാന ആരോപണം. വി. ശിവന്‍കുട്ടി, കെ. അജിത്, സി. കെ. സദാശിവന്‍, കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ ഇപി ജയരാജന്‍ കെടി ജലീല്‍ അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരുമെന്നിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.