രാജാക്കാട് : സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി പുരസ്ക്കാരം ലഭിച്ച രാജാക്കാട് ഗ്രാമ പഞ്ചായത്തിന് നാണക്കേടായി മാലിന്യകൂമ്പാരം.രാജാക്കാട് ബിവറേജ് ഔട്ട് ലെറ്റിന് സമീപമുളള പറമ്പിലും,തോട്ടിലും, റോഡരികിലുമായാണ് മദ്യക്കുപ്പി അടക്കമുള്ള മാലിന്യങ്ങളും,സമീപ കടകളിൽനിന്നുള്ള മാലിന്യങ്ങളും നിക്ഷേപിക്കുന്നത്.റോഡരികിൽ മദ്യക്കുപ്പി സാമൂഹ്യ വിരുദ്ധർ തല്ലിപ്പൊട്ടിച്ചിടുകയും സമീപത്തെ പറമ്പുകളിലും വലിച്ചെറിയുന്നത് സമീപത്തെ കൃഷിക്കാർക്ക് ഭീഷണി ഉയർത്തുന്നുണ്ട്.കുപ്പിച്ചില്ലുകൾ പെറുക്കി മാറ്റിയ ശേഷമാണ് പറമ്പിലെ പണികൾ നടത്തുന്നതെന്നും ഇവർ പറയുന്നു. ഇരുന്നു കഴിക്കാൻ മദ്യശാലക്ക് സമീപം അംഗീകൃത സംവിധാനം ഇല്ലാത്തതിനാലത്രേ അന്യ സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർ സമീപത്തെ കൃഷിയിടത്തിൽ കയറിയിരുന്ന് മദ്യം കഴിച്ച ശേഷം കുപ്പികൾ അവിടെ നിക്ഷേപിച്ചിട്ട് പോകുന്നതും ചിലർ കുപ്പി തല്ലിപ്പൊട്ടിച്ചിടുന്നതുമെന്നുമാണ് പറയുന്നത്.ടൗണിലേയും പഞ്ചായത്ത് പരിധിയിലേയും മാലിന്യങ്ങൾ ശേഖരിക്കാൻ ഹരിത കർമ്മ സേനയും, കൂടാതെ ശുചീകരണ തൊഴിലാളികളുമുണ്ടെങ്കിലും മാസങ്ങളായി മാലിന്യ പ്രശ്നത്തിന് പരിഹാരമായിട്ടില്ല.പഞ്ചായത്ത് അധികാരികളെ വിവരമറിയിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മാലിന്യങ്ങൾ മാറ്റാൻ നടപടി സ്വീകരിക്കുകയോ,മാലിന്യ നിക്ഷേപകരേ കണ്ടെത്താനായി സിസിടിവി സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ചില്ലുകുപ്പികൾ വഴിയരികിൽ നിക്ഷേപിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ റോഡരികിലേക്ക് ചേർത്തു നിർത്തുവാനും സാധിക്കില്ല. ഏഴാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് തോട് വൃത്തിയാക്കിച്ചെങ്കിലും വീണ്ടും തോട്ടിൽ നിറയെ കുപ്പിയും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു .അടിയന്തിരമായി മാലിന്യങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും തുടർന്ന് ഇവ നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ സി.സി.ടി വി സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സമീപ വാസികളുടെ ആവശ്യം
idukki
SHARE THIS ARTICLE