ന്യൂഡല്‍ഹി: രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപിയുടെ അവസാന പ്രസംഗം മലയാളത്തില്‍. അതാകട്ടെ, പൂരങ്ങളുടെ നിലനിൽപ്പിനെക്കുറിച്ചും ആനകളുടെ ലോറിയാത്രയെക്കുറിച്ചും. പ്രസംഗം അവസാനിച്ചപ്പോൾ നന്നായി സംസാരിച്ചെന്ന് മലയാളത്തിൽ അഭിനന്ദിച്ച് സഭാധ്യക്ഷൻ വെങ്കയ്യ നായിഡു. ബുധനാഴ്ച്ചയായിരുന്നു സഭയെ കൗതുകത്തിലാഴ്ത്തി സുരേഷ് ഗോപിയുടെ മലയാളപ്രസംഗം. തനിക്ക് ഈ ടേമില്‍ കിട്ടുന്ന അവസാന അവസരമാണ് ഇതെന്നു വിശദീകരിച്ചുകൊണ്ടായിരുന്നു സുരേഷ്ഗോപിയുടെ തുടക്കം. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛനും കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ക്കും മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്ക്കും നല്ലവരായ മലയാളികള്‍ക്കുമുള്ള സമര്‍പ്പണമായി, ഈ നിവേദനം കേന്ദ്ര വനം വന്യജീവി വകുപ്പ് മന്ത്രിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു' ഇങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.
1972ലെ നാട്ടാന പരിപാലനച്ചട്ടത്തിൽ കൊണ്ടുവന്ന ഭേദഗതി മൂലം ഉത്സവങ്ങൾക്ക് ആനകളെ ലോറികളിലും ട്രെയ്ലറുകളിലും കൊണ്ടുപോകുന്ന ദുരവസ്ഥ തടയാൻ നടപടി വേണമെന്നായിരുന്നു പ്രസംഗത്തിലെ പ്രധാന ആവശ്യം. തൃശൂർ പൂരം പോലുള്ളവയുടെ സാമ്പത്തിക പ്രാധാന്യം കണക്കിലെടുക്കണമെന്നും ഉത്സവങ്ങളും സോൺപുർ മേളയും പോലുള്ളവയ്ക്കു വേണ്ടിക്കൂടിയാണ് തന്റെ ആവശ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
ജൂലൈയിലാണ് സുരേഷ് ഗോപിയുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തതിനുശേഷം ഈ ടേമിലെ അവസാന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഈ ടേമിലെ എന്ന് പ്രത്യേകം എടുത്തു പറഞ്ഞതിനാല്‍ മറ്റൊരു ടേം കൂടി സുരേഷ് ഗോപിക്ക് ബിജെപി നല്‍കുമെന്ന സൂചനയാണിതെന്നു കരുതുന്നു.
india
SHARE THIS ARTICLE