Uploaded at 2 weeks ago | Date: 16/06/2022 20:26:12
കൊച്ചി: സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ സെക്ഷൻ164 പ്രകാരമുള്ള മൊഴി പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് ആവശ്യം ചോദ്യം ചെയ്ത് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ കൃഷ്ണരാജ് കോടതിയിൽ വാദിച്ചു. രഹസ്യമൊഴിയുടെ പകർപ്പ് ക്രൈം ബ്രാഞ്ചിന് നൽകരുതെന്നും ക്രൈം ബ്രാഞ്ചിന് എന്തിനാണ് ഈ രഹസ്യമൊഴിയെന്നും അദ്ദേഹം ചോദിച്ചു. എന്താണ് ആവശ്യമെന്ന് കോടതിയും ക്രൈം ബ്രാഞ്ചിനോട് ചോദിച്ചിരുന്നു.
തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്വപ്ന സുരേഷിനെതിരെ ചുമത്തിയ ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അത്യാവശ്യമാണെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച തെളിവുകൾ പുറത്തു കൊണ്ടുവരാൻ രഹസ്യമൊഴി പരിശോധിക്കണം. ഗൂഢാലോചനയിൽ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്ക്ക് എതിരെ പരാതി നൽകിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു. സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് പോയതിൽ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.
സ്വപ്നയുടെ അഭിഭാഷകർ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കേസിൽ ഇ ഡി അന്വേഷണം നടക്കുകയാണെന്ന് കോടതി പറഞ്ഞു. അന്വേഷണ ഏജൻസി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റാണെന്ന് ഇ ഡി അഭിഭാഷകനും കോടതിയിൽ പറഞ്ഞു. ക്രൈം ബ്രാഞ്ചിന് രഹസ്യമൊഴി നൽകരുതെന്ന് ഇ ഡിയുടെ അഭിഭാഷകനും കോടതിയിൽ ആവശ്യപ്പെട്ടു.
kerala
SHARE THIS ARTICLE