All Categories

Uploaded at 5 months ago | Date: 13/01/2022 16:24:09

ദില്ലി/ ലഖ്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തലവേദനയായി കഴിഞ്ഞ 48 മണിക്കൂറിൽ ബിജെപി പാളയം വിട്ടത് മൂന്ന് മന്ത്രിമാരടക്കം എട്ട് എംഎൽഎമാർ. നേരത്തേ റവന്യൂമന്ത്രി സ്വാമി പ്രസാദ് മൗര്യയും വനംമന്ത്രി ധാരാസിംഗ് ചൗഹാനും രാജിവച്ചിരുന്നു. പിന്നാക്കവിഭാഗത്തിൽപ്പെട്ട ആയുഷ്  മന്ത്രി ധരം സിംഗ് സൈനിയാണ് ഏറ്റവുമൊടുവിൽ രാജിവച്ചത്. കൂട്ടക്കൊഴിഞ്ഞുപോക്കിനെ ആശങ്കയോടെയല്ലാതെ ബിജെപിക്ക് നോക്കിക്കാണാനാകില്ല. 

ഇന്ന് രാവിലെ ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തി ഒരു എംഎൽഎ കൂടി രാജിവച്ചിരുന്നു. ഷികോഹാബാദ് എംഎൽഎയായ മുകേഷ് വെർമയാണ് രാജിവച്ചത്. പിന്നാക്ക സമുദായത്തിൽ നിന്നുള്ള നേതാവാണ് ഇദ്ദേഹം. പിന്നാക്കസമുദായത്തിൽപ്പെട്ട നേതാവാണ് ഡോക്ടർ കൂടിയായ മുകേഷ് വെർമ. പിന്നാക്ക സമുദായങ്ങളെ യോഗി സർക്കാർ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് മുകേഷ് വെർമയും രാജി നൽകിയിരിക്കുന്നത്.

രാജിവിവരം സ്ഥിരീകരിച്ചുകൊണ്ട് മുകേഷ് വെർമ പറഞ്ഞതിങ്ങനെ, ''സ്വാമി പ്രസാദ് മൗര്യയാണ് ഞങ്ങളുടെ നേതാവ്. അദ്ദേഹത്തിന്‍റെ പാത ഞങ്ങൾ പിന്തുടരും. അദ്ദേഹം സ്വീകരിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കും. ഇനിയും നേതാക്കൾ ബിജെപി വിട്ട് വരും''.

കുർണി വിഭാഗത്തിൽപ്പെട്ട നേതാവാണ് മുകേഷ് വെർമ. യാദവസമുദായം കഴിഞ്ഞാൽ ഉത്തർപ്രദേശിലെ ശക്തമായ മറ്റൊരു പിന്നാക്ക വിഭാഗമാണ് കുർണി. മുകേഷ് വെർമ ബിഎസ്പിയിൽ നിന്നാണ് ബിജെപിയിലെത്തിയത്. 

ഉത്തർപ്രദേശിൽ മുതിർന്ന മന്ത്രിയും പിന്നാക്കവിഭാഗങ്ങൾക്കിടയിലെ ശക്തനായ നേതാവുമായിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവച്ചതിന് പിന്നാലെ ബുധനാഴ്ച വനംമന്ത്രി ദാരാ സിംഗ് ചൗഹാനും രാജി വച്ചിരുന്നു. പിന്നാക്ക വിഭാഗക്കാരെ തീർത്തും അവഗണിക്കുന്ന നിലപാട് സ്വീകരിക്കുന്ന ബിജെപി സർക്കാരിനെതിരെ പ്രതിഷേധിച്ചാണ് രാജി വയ്ക്കുന്നതെന്നാണ് രാജിക്കത്തിൽ ദാരാ സിംഗ് ചൗഹാൻ തുറന്നടിച്ചത്. ഒട്ടും വൈകാതെ, 'സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാളി', എന്ന തലക്കെട്ടോടെ ദാരാസിംഗുമായി നിൽക്കുന്ന ചിത്രം എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ദാരാ സിംഗ് ചൗഹാനെ സമാജ്‍വാദി പാർട്ടിയിലേക്ക് സർവാത്മനാ സ്വാഗതം ചെയ്യുകയും ചെയ്തു.

അരികുവൽക്കരിക്കപ്പെട്ടവർ, പിന്നാക്കവിഭാഗത്തിൽപ്പെട്ടവർ, ദളിതുകൾ, കർഷകർ, തൊഴിലില്ലാത്ത യുവാക്കൾ എന്നിവരോട് യാതൊരു ആഭിമുഖ്യവും ബിജെപിക്കില്ലെന്ന് രാജിവച്ച ദാരാ സിംഗ് ചൗഹാൻ രാജിക്കത്തിൽ പറയുന്നു. ''വനംപരിസ്ഥിതി വകുപ്പിന്‍റെ മന്ത്രിയെന്ന നിലയിൽ എന്‍റെ കാലത്ത് പരമാവധി ആ വകുപ്പിന് വേണ്ടി ഞാൻ പ്രവർത്തിച്ചു. എന്നാൽ അരികുവൽക്കരിക്കപ്പെട്ടവർ, പിന്നാക്കവിഭാഗത്തിൽപ്പെട്ടവർ, ദളിതുകൾ, കർഷകർ, തൊഴിലില്ലാത്ത യുവാക്കൾ എന്നിവരെ തീർത്തും അവഗണിക്കുന്ന സർക്കാരിന്‍റെ നിലപാട് എന്നെ വല്ലാതെ വേദനിപ്പിച്ചു. ദളിത് സംവരണവും മറ്റ് പിന്നാക്കവിഭാഗങ്ങൾക്കുള്ള സംവരണവും കൊണ്ട് കളിക്കുകയാണ് സർക്കാർ. ഇതെല്ലാം പരിഗണിച്ചാണ് ഞാൻ ഉത്തർപ്രദേശ് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുന്നത്'', ദാരാ സിംഗ് ചൗഹാൻ പറയുന്നു. എന്നാൽ ഇനിയെന്ത് വേണമെന്ന് തന്‍റെ സമുദായത്തിലെ ജനങ്ങളോട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് ദാരാ സിംഗ് ചൗഹാൻ വ്യക്തമാക്കുന്നത്. 

സമാജ്‍വാദി പാർട്ടിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച് ആദ്യം രാജിക്കത്ത് നൽകിയ മുതിർന്ന നേതാവ് സ്വാമി പ്രസാദ് മൗര്യയും സമാനമായ ആരോപണങ്ങൾ തന്നെയാണ് യോഗി സർക്കാരിനെതിരെ ഉന്നയിച്ചത്. ദളിതുകൾക്കും പിന്നാക്കവിഭാഗങ്ങൾക്കും യോഗി സർക്കാരിന് കീഴിൽ യാതൊരു പരിഗണനയുമില്ലെന്ന് സ്വാമി പ്രസാദ് മൗര്യ ആരോപിച്ചു. 

ഇതുവരെ പാർട്ടി വിട്ട എംഎൽഎമാരും മണ്ഡലവും:

സ്വാമിപ്രസാദ് മൗര്യ – പഡ്രൗന, തൊഴിൽ മന്ത്രി

ദാര സിംഗ് ചൗഹാൻ - മധുബൻ, വനം മന്ത്രി

ധരം സിംഗ് സൈനി – നകുർ, ആയുഷ് മന്ത്രി

ബ്രജേഷ് പ്രജാപതി – തിൻഡ്വാഡ

അവതാർ സിംഗ് ബഡാന – മീരാപൂർ

റോഷൻലാൽ വെർമ്മ - തിൽഹാർ

ഭഗവതി പ്രസാദ് സാഗർ - ബിൽഹൗർ

മുകേഷ് വെർമ്മ - ഷികോഹാബാദ്

വിനയ് ശാക്യ - ബിധുന

ബാല പ്രസാദ് അവസ്തി - മൊഹംദി

ഛത്രപാൽ ഗംഗാദർ - ബഹേരി

മീരാപൂരില്‍ നിന്നുള്ള വിമത എംഎല്‍എ ആയ അവതാര്‍ സിങ് ബധാന ആർഎല്‍ഡിയിലാണ് ചേർന്നത്. സമാജ്‍വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയാണ് ജയന്ത് ചൗധരിയുടെ ആർഎല്‍ഡി. 

ഇതിനിടെ, രവീന്ദ്രനാഥ് ത്രിപാഠി എന്ന എംഎൽഎ രാജിവച്ചതായി അഭ്യൂഹങ്ങൾ പുറത്തുവന്നെങ്കിലും അദ്ദേഹമത് നിഷേധിച്ചു. താൻ രാജിക്കത്ത് നൽകിയിട്ടില്ലെന്നും ഇപ്പോഴും ബിജെപിയിൽത്തന്നെയാണെന്നും രവീന്ദ്രനാഥ് ത്രിപാഠി പറയുന്നു. 

നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തെരഞ്ഞെടുപ്പില്‍ പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ തെറ്റായ പ്രതീതിയുണ്ടാക്കുമോയെന്ന് ബിജെപി നേതൃത്വത്തിന് വലിയ ആശങ്കയുണ്ട്. യുപിയില്‍ എസ്പിയുമായി സഖ്യത്തില്‍ മത്സരിക്കുമെന്നും 13 എംഎല്‍എമാരെങ്കിലും ബിജെപിയില്‍ നിന്ന് എസ്പിയിലെത്തുമെന്നും എന്‍സിപി അധ്യക്ഷൻ ശരത് പവാർ പ്രഖ്യാപിച്ചിരുന്നു.

ഇതിവിടെ കോൺഗ്രസ് എംഎൽഎയായ നരേഷ് സൈനിയും സമാജ് വാദി പാർട്ടി എംഎൽഎയും മുലായം സിങ് യാദവിന്‍റെ ബന്ധുവുമായ ഹരി ഓം യാദവും സ്വന്തം പാർട്ടികൾ ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നിരുന്നു. 

യോഗി എവിടെ മത്സരിക്കും? തെരഞ്ഞെടുപ്പ് സമിതി തുടരുന്നു

യുപി തെരഞ്ഞെടുപ്പിലടക്കമുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാൻ ദില്ലിയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം തുടരുകയാണ്. അമിത് ഷായാണ് യോഗാധ്യക്ഷൻ. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയ്ക്കും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനും കൊവിഡായതിനാൽ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കുന്നു. ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള ധർമേന്ദ്രപ്രധാൻ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അനുരാഗ് ഠാക്കൂർ എന്നിവരും യോഗത്തിലുണ്ട്. യോഗി ആദിത്യനാഥിനെ എവിടെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ ഇന്ന് തന്നെ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. രാമക്ഷേത്രം നിർമിക്കപ്പെടുന്ന അയോധ്യയിൽ നിന്നോ സ്വന്തം മണ്ഡലമായ ഗോരഖ്പൂരിൽ നിന്നോ യോഗി മത്സരിക്കാനാണ് സാധ്യത. മഥുരയിൽ നിന്ന് യോഗി ഇനി മത്സരിക്കേണ്ടതില്ലെന്ന് ഇന്നലെ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. എവിടെ നിന്ന് മത്സരിക്കണമെന്നതിൽ അന്തിമതീരുമാനം തെരഞ്ഞെടുപ്പ് സമിതിക്ക് വിടുകയായിരുന്നു. ഇന്ന് യുപി തെരഞ്ഞെടുപ്പിനുള്ള ആദ്യസ്ഥാനാർത്ഥിപ്പട്ടിക ബിജെപി പുറത്തുവിടുമെന്നും അഭ്യൂഹങ്ങളുണ്ട്. 

403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ, 14, 20, 23, 27, മാർച്ച് 3, 7 എന്നീ തീയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 10-നാണ്. 

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.