പലിശ നിരക്കിൽ മാറ്റമില്ല; ജിഡിപി 9.5% ചുരുങ്ങും: ആർബിഐtimely news image

ന്യൂഡൽഹി: അടിസ്ഥാന പലിശ നിരക്ക് നാലു ശതമാനമായി തുടരാൻ റിസർവ് ബാങ്ക് ധനനയ സമിതി യോഗത്തിന്‍റെ തീരുമാനം. തുടർച്ചയായി രണ്ടാമതു യോഗത്തിലാണ് പലിശ നിരക്കിൽ സ്റ്റാറ്റസ്കോ നിലനിർത്തുന്നത്. എന്നാൽ, കൊവിഡ് സാഹചര്യത്തിൽ സാമ്പത്തിക വ്യവസ്ഥയിലുണ്ടായ തകർച്ച മറികടക്കാൻ ആവശ്യമായി വന്നാൽ ഭാവിയിൽ പലിശ കുറയ്ക്കുമെന്ന് കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന വായ്പകൾക്കുള്ള പലിശയായ റിപ്പോ നാലു ശതമാനമായി തുടരുമെന്ന് ധനനയ സമിതി യോഗത്തിനു ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മൂന്നു പുതിയ സ്വതന്ത്രാംഗങ്ങൾ ചുമതലയേറ്റ ശേഷം നടന്ന ആദ്യ ധനനയ സമിതി യോഗമായിരുന്നു ഇത്.  ബാങ്കുകളിൽ നിന്നു നിക്ഷേപമായി റിസർവ് ബാങ്ക് സ്വീകരിക്കുന്ന പണത്തിനുള്ള പലിശ (റിവേഴ്സ് റിപ്പോ) നിരക്കിലും മാറ്റമില്ല. അതു 3.35 ശതമാനമായി തുടരും. ഈ സാമ്പത്തിക വർഷം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ 9.5 ശതമാനം ചുരുങ്ങുമെന്നാണ് ആർബിഐ വിലയിരുത്തിയത്. ആദ്യ പാദത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 23.9 ശതമാനം ചുരുങ്ങിയിരുന്നു. കൊവിഡിനെതിരായ പോരാട്ടത്തിന്‍റെ നിർണായക ഘട്ടത്തിലാണു രാജ്യമെന്ന് ശക്തികാന്ത ദാസ് യോഗത്തിനു ശേഷം പറഞ്ഞു.  ഏപ്രിൽ-ജൂണിലെ വൻ സാമ്പത്തിക തകർച്ച കഴിഞ്ഞ അധ്യായമാണ്. ഇനി നമ്മുടെ മുന്നിലുള്ളത് വെള്ളിവെളിച്ചമാണെന്നും അദ്ദേഹം. മാനുഫാക്ചറിങ് മേഖലയിലും ഊർജ ഉപയോഗത്തിലും അടക്കം പുരോഗതിയുണ്ടാകണം. സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പകുതിയിൽ വളർച്ച ത്വരിതപ്പെട്ടു തുടങ്ങും. ജനുവരി- മാർച്ച് ക്വാർട്ടറിൽ പോസിറ്റീവ് സോണിൽ പ്രവേശിക്കും- ദാസ് പറയുന്നു. Kerala

Gulf


National

International