അഞ്ജുവിന്‍റെ ജീവിതം പ്രചോദനമാകട്ടെtimely news image

ഏതു പരിമിതിയെയും മറികടന്ന് വിജയത്തിന്‍റെ നെറുകയിലെത്താമെന്നതിനു നേർസാക്ഷ്യമായി രാജ്യത്തിന്‍റെ സുവർണ കായികതാരം അഞ്ജു ബോബി ജോർജ് മാറിയത് കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലിലൂടെയാണ്. തനിക്കു ജന്മനാ ഒരു വൃക്ക മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അഞ്ജു പറഞ്ഞത് ഒഴിഞ്ഞുമാറ്റത്തിനുള്ള ഉപാധിയായല്ല; മറിച്ച്, വിജയങ്ങളെല്ലാം സ്വന്തമാക്കി, അനേകം കായികതാരങ്ങൾക്കു പ്രചോദനമായി, കായിക ജീവിതത്തിൽ നിന്ന് വിരമിച്ചതിനു ശേഷമാണ്. ഓരോ മത്സരവും കഴിഞ്ഞ് പുഞ്ചിരി തൂകുമ്പോൾ അവർ എത്രമാത്രം വേദന കടിച്ചമർത്തിയിരുന്നു എന്നാണ് ലോകം നൊമ്പരത്തോടെ തിരിച്ചറിയുന്നത്. നാടിന് അഭിമാനം നേടിത്തരുന്ന ഓരോ കായികതാരവും ഉള്ളിലൊതുക്കുന്ന വേദനകൾ നിരവധിയാണ്. അത് അറിയാതെയും തിരക്കാതെയുമാണ് പ്രകടനം അൽപ്പം മോശമായാൽ അവരെ വിമർശിക്കുന്നതും തള്ളിപ്പറയുന്നതും. ജീവിതത്തിന്‍റെ പ്രതിസന്ധികളെ മനോബലം കൊണ്ടും ദിശാബോധം കൊണ്ടും അതിജീവിക്കാനാകുമെന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമായ അഞ്ജു പാതിവഴിയിൽ തളർച്ച തോന്നുന്നവർക്ക് പ്രചോദനമായിരിക്കുകയാണ്. കായിക താരങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന പ്രധാന ഘടകം അവരുടെ കായികക്ഷമതയാണ്. ശരീരം ആരോഗ്യപൂർണമാണെന്ന അറിവ് പ്രതിയോഗികളെ എതിരിടാനുള്ള ബലം മനസ്സിനു നൽകും. ഈ നിമിഷം തന്‍റേതാക്കി മാറ്റുന്നതിന് മത്സരിക്കുന്നവരിൽ ഒന്നാം സ്ഥാനത്തെത്താൻ പ്രേരിപ്പിക്കുന്ന ആന്തരിക ശക്തിയായി അതു പരിണമിക്കും. സ്വന്തം കഴിവ് നൂറു മടങ്ങായി താരത്തെ ബോധ്യപ്പെടുത്തി വിജയത്തിലേക്കു നയിക്കുകയെന്നതാണ് യഥാർഥ പരിശീലകന്‍റെ ദൗത്യം. മനസ്സിനെ പിന്നോട്ടുവലിക്കുന്ന ചിന്തകളിൽ നിന്നെല്ലാം മോചിപ്പിച്ച് ലക്ഷ്യത്തിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പഠിപ്പിക്കുകയാണു പരിശീലകൻ ചെയ്യുന്നത്. അഞ്ജുവിന്‍റെ പരിശീലകനും ഭർത്താവുമായ റോബർട്ട് ബോബി ജോർജും അതുകൊണ്ടു തന്നെ അഭിനന്ദനം അർഹിക്കുന്നു. "എന്‍റെ പരിശീലകന്‍റെ മാന്ത്രികത, അല്ലെങ്കിൽ പ്രതിഭ... അതാകുമോ എന്‍റെ നേട്ടങ്ങളുടെ കാരണം' എന്ന് അഞ്ജു ട്വിറ്ററിൽ കുറിച്ചതിലുമുണ്ട് വസ്തുത. രണ്ടായിരത്തിന്‍റെ തുടക്കത്തിലാണ് ശാരീരികമായ ക്ഷീണം മൂലമുള്ള പ്രശ്നങ്ങൾ ലോങ് ജംപിലെ ദേശീയ ചാംപ്യനായിരുന്ന അഞ്ജുവിനെ അസ്വസ്ഥയാക്കിയത്. ലോങ് ജംപിലും ട്രിപ്പിൾ ജംപിലും പ്രകടനം രാജ്യാന്തര തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്ന നാളുകൾ. പരിശീലനത്തിന്‍റെ ഭാഗമായി നടത്തുന്ന രക്തപരിശോധനകളിൽ പല ഘടകങ്ങളുടെയും അളവുകളിൽ കണ്ട കയറ്റിറക്കങ്ങൾ വിശദമായ പരിശോധന ആവശ്യപ്പെട്ടപ്പോൾ ബംഗളൂരുവിൽ സ്കാനിങ്ങിലൂടെ കണ്ടെത്തിയത് ജന്മനാ തന്നെ ഒരു വൃക്കയില്ലാതെ വരുന്ന റീനൽ എയ്ജനസിസ് എന്ന ശാരീരികാവസ്ഥയാണെന്നും. അതോടെ അഞ്ജുവും വീട്ടുകാരും തളർന്നുപോയി. മുന്നോട്ടുള്ള യാത്ര ദുഷ്കരമായി തോന്നിയപ്പോൾ, അതുവരെ മെഡലുകൾ നേടിയതു പോലെ തുടർന്നും പോകണമെന്നായിരുന്നു വിഖ്യാത കായിക കുടുംബത്തിലെ അംഗമായ ബോബിയുടെ ഉപദേശം. കഠിനമായ പരിശീലന മുറകൾ ക്ഷീണത്തിനും നീരിനും കാരണമാവുകയും അസഹനീയ വേദനയാൽ ശരീരം തളരുകയും ചെയ്തു. സാധാരണ വേദനാസംഹാരികൾ കഴിച്ചാണ് സ്പോർട്സ് താരങ്ങൾ ഇതു മാറ്റുന്നത്. എന്നാൽ വേദനാസംഹാരിയോട് അലർജിയുള്ളതിനാൽ അതു കഴിക്കാനാകുമായിരുന്നില്ല. ഈ രഹസ്യം ഉള്ളിലൊതുക്കിയാണ് ചങ്ങനാശേരി സ്വദേശിയായ അഞ്ജു കളിക്കളത്തിൽ തിളങ്ങിയത്. 2002ലും 2005ലും ലോങ് ജംപിൽ ദേശീയ ചാംപ്യനായി. 2002ൽ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായത് വെങ്കലത്തിലൂടെ. മൂന്ന് ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ തുടർച്ചയായി പങ്കെടുത്ത അഞ്ജു 2003ലെ അഞ്ചാം സ്ഥാനം അടുത്തവർഷം നാലായി മെച്ചപ്പെടുത്തി. 2005ൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ 6.75 മീറ്റർ താണ്ടി വെള്ളി മെഡൽ നേടി. ഒന്നാം സ്ഥാനക്കാരി ഉത്തേജക ഔഷധം കഴിച്ചതായി തെളിഞ്ഞതിനെ തുടർന്ന് ആ സ്വർണമെഡൽ അഞ്ജുവിന്‍റെ കഴുത്തിൽ വീണു. ലോക അത്ലറ്റിക്സിൽ സ്വർണം നേടിയ ഏക ഇന്ത്യക്കാരിയുമായി. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരവും അർജുന അവാർഡും പദ്മശ്രീയും നൽകി രാജ്യം അഞ്ജുവിനെ ആദരിച്ചിട്ടുണ്ട്. ഒരു വൃക്കയില്ല എന്നതുകൊണ്ട് ശരീരത്തിനു പ്രശ്നമൊന്നുമുണ്ടാവില്ല. അതുകൊണ്ടാണ് ഒരു വൃക്ക ദാനം ചെയ്ത് ആളുകൾ സാധാരണ ജീവിതം നയിക്കുന്നത്. എന്നാൽ, കഠിനാധ്വാനം വേണ്ടിവരുന്ന കായിക താരമാകുമ്പോൾ അതു വെല്ലുവിളി തന്നെയാണ്. ഒരു വൃക്കയുമായി നേട്ടങ്ങൾ കൈവരിച്ചവർ സ്പോർട്സ് ഉൾപ്പെടെ പല മേഖലകളിലുമുണ്ട്. എന്നാൽ, ഇവിടെ നമുക്കിടയിൽ അത്തരമൊരു വിശിഷ്ട വ്യക്തിയുണ്ടെന്നത് നമുക്ക് ഊർജം പകരേണ്ടതാണ്. രണ്ടു പതിറ്റാണ്ടു കാലം ഉള്ളിലൊതുക്കിവച്ച രഹസ്യം നാൽപ്പത്തിമൂന്നാം വയസിൽ അഞ്ജു വെളിപ്പെടുത്തിയത് കൊവിഡ് കാലത്തെ പ്രതിസന്ധികളിൽ തളരുന്നവർക്ക് ധൈര്യം പകരുന്നതിനു കൂടിയാണ്. ജീവിതത്തിലെ കടുത്ത പരീക്ഷണങ്ങളിലാണ് ഏറ്റവും വലിയ ശക്തി പുറത്തെടുത്ത് അവയെ മറികടക്കാൻ സാധിക്കുന്നത് എന്ന അതിജീവന മന്ത്രമാണ് അഞ്ജുവിന്‍റെ ജീവിതം തെളിയിക്കുന്നത്. അത് ഏവർക്കും പ്രചോദനമേകട്ടെ. Kerala

Gulf


National

International