മന്‍സൂറിന്റെ മൃതദേഹവുമായുള്ള വിലാപയാത്രയ്ക്കിടെ അക്രമം; സിപിഐഎമ്മിന്റെ പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റിക്കും ബ്രാഞ്ച് കമ്മിറ്റികള്‍ക്കും തീവെച്ചുtimely news image

കണ്ണൂര്‍: കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെ പരക്കെ അക്രമം. പാനൂരിലെ സിപിഐഎം ഓഫീസുകള്‍ക്ക് നേരെയാണ് ലീഗ് അക്രമം നടത്തുന്നത്. പാനൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചു. ടൗണ്‍ ബ്രാഞ്ച്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റികളും തീവെച്ചു. വന്‍ ജനാവലിയാണ് വിലാപയാത്രയിലുള്ളത്. മന്‍സൂറിന്റെ മൃതദേഹം പെരിങ്ങത്തൂരില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഇതിന് ശേഷം സംസ്‌കാരത്തിനായി പൊല്ലൂക്കരയിലേക്ക് പോയശേഷമാണ് അക്രമമുണ്ടായത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ച് കണ്ണൂരില്‍നിന്ന് കൂടുതല്‍ പൊലീസ് സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മന്‍സൂറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. ബോംബേറില്‍ കാല്‍മുട്ടിലേറ്റ ഗുരുതര പരിക്കാണ് മന്‍സൂറിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ബോംബേറില്‍ മന്‍സൂറിന്റെ കാല്‍മുട്ട് തകര്‍ന്നു. ശരീരത്തില്‍ ആഴത്തിലുള്ള മറ്റ് മുറിവുകളില്ല. രക്തം വാര്‍ന്നുപോയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടത് കാല്‍മുട്ടിന് താഴെയായിരുന്നു മുറിവ്. ബോംബ് സ്‌ഫോടനത്തില്‍ മുട്ട് ചിതറിപ്പോയ അവസ്ഥയിലായതിനാല്‍ ആദ്യം പ്രവേശിപ്പിച്ച തലശ്ശേരിയിലെയും പിന്നീട് എത്തിച്ച വടകരയിലെയും ആശുപത്രികളില്‍ വെച്ച് മുറിവ് തുന്നിച്ചേര്‍ക്കാന്‍ പറ്റിയിരുന്നില്ല. പിന്നീടാണ് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് എത്തിച്ചത്. മന്‍സൂറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോയുടെ പ്രതികരണം. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊലനടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. രാഷ്ട്രീയ പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളുവെന്നും കമ്മീഷണര്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ പതിനൊന്നിലധികം ആളുകള്‍ ഉണ്ടാകാന്‍ സാധ്യയുണ്ട്. കേസെടുത്ത് 24 മണിക്കൂറിനുള്ളില്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങള്‍ ഒന്നും നടത്താന്‍ സാധിക്കില്ല. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അറസ്റ്റിലായ സിപി ഐഎം പ്രവര്‍ത്തകന്‍ ഷിനോസ് കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയാണ്. മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിനും സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റു.Kerala

Gulf


National

International