എന്‍ഒസി നടപടിയില്‍ ഇളവുനല്‍കിയിട്ടും രക്ഷയില്ല; ഗള്‍ഫിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് നേപ്പാള്‍; പ്രവാസികള്‍ക്ക് തിരിച്ചടി



timely news image

നേപ്പാള്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്രചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി നേപ്പാളിന്റെ പുതിയ തീരുമാനം. നേപ്പാള്‍ വഴി ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് നേപ്പാള്‍ ഭരണകൂടം ശഠിക്കുന്നതാണ് പ്രവാസികള്‍ക്ക് മുന്നില്‍ വിലങ്ങുതടിയാകുന്നത്. നാളെ രാത്രി മുതല്‍ ഇത്തരം യാത്രകള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നാണ് നേപ്പാളിന്റെ നിര്‍ദ്ദേശം. വിദേശരാജ്യങ്ങളിലേക്ക് പോകാനായി നേപ്പാളിലെത്തിയ ഇന്ത്യക്കാര്‍ നേപ്പാള്‍ വിടണമെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയവും അറിയിച്ചിട്ടുണ്ട്. നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകാനുള്ള പ്രവാസികളുടെ എന്‍ഒസി ചട്ടങ്ങളില്‍ ഇളവുവരുത്തിയതായി വിദേശ കാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചിരുന്നത്. മന്ത്രിയുടെ ഉറപ്പിനുശേഷം പ്രതീക്ഷയിലായിരുന്ന പ്രവാസികള്‍ക്ക് നേപ്പാളിന്റെ പുതിയ നിയന്ത്രണം വലിയ രീതിയില്‍ തിരിച്ചടിയാകുകയാണ്. വി മുരളീധരന്‍ മുന്‍പ് പറഞ്ഞത്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ കറേ മാസങ്ങളായി ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാള്‍ വഴിയുള്ള വിമാന സര്‍വ്വീസുകളെയാണ് പ്രവാസികള്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി നേപ്പാളിലൂടെ മറ്റു രാജ്യങ്ങളില്‍ പോകാന്‍ എത്തുന്നവര്‍ക്ക് എന്‍. ഒ. സി വേണമെന്ന നിബന്ധന പലരെയും ദുരിതത്തിലാക്കിയിരുന്നു. ഇക്കാര്യം പലരും നേരിട്ടും അല്ലാതെയും അറിയിച്ചിരുന്നു. ഇപ്പോള്‍ ഇതു പിന്‍വലിക്കുന്ന നിര്‍ണ്ണായക തീരുമാനം വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചതായി അറിയിക്കുന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ടും,ഇമിഗ്രേഷന്‍ ക്ലിയറന്‍സുമായി വിമാന മാര്‍ഗ്ഗം എത്തുന്ന ഇന്ത്യക്കാര്‍ക്ക് ആണ് എന്‍.ഒ.സി ഒഴിവാക്കിയത്.2021 ഏപ്രില്‍ 22 മുതല്‍ ജൂണ്‍ 19 വരെയാണ് എന്‍.ഒ.സി ഒഴിവാക്കിയിരിക്കുന്നത്. കാഠ്മണ്ഡു ത്രിഭുവന്‍ വിമാനതാവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സൗകര്യം ഒരുക്കും.അതേ സമയം പാസ്പോര്‍ട്ടില്ലാതെ മറ്റ് തിരിച്ചറിയല്‍ രേഖകളുമായി കരമാര്‍ഗ്ഗമോ , വിമാനത്തിലോ ഇതര രാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാളിലെത്തുന്നവര്‍ക്ക് നേപ്പാളിലെ ഇന്ത്യന്‍ എംബസി അനുവദിക്കുന്ന എന്‍.ഒ.സി തുടര്‍ന്നും ആവശ്യമാണ്.ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ആയിര കണക്കിന് പ്രവാസികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഏറെ സഹായകരമാകും.



Kerala

Gulf


National

International