‘രണ്ടാം തരംഗത്തില്‍ ഗ്രാമീണ മേഖലകളില്‍ കേസുകള്‍ കൂടുന്നു; ശക്തമായ നിയന്ത്രണങ്ങള്‍ അനിവാര്യം’; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പൂര്‍ണരൂപംtimely news image

കേരളത്തിലും രണ്ടാമത്തെ തരംഗത്തില്‍ ഗ്രാമീണ മേഖലകളില്‍ മുന്‍പുള്ളതിനേക്കാള്‍ കേസുകള്‍ കൂടുന്ന പ്രവണത കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ സംബന്ധിച്ചിടത്തോളം നഗര-ഗ്രാമ അന്തരം താരതമ്യേന കുറവാണെന്നതും, ഗ്രാമീണ മേഖലകളിലും ആരോഗ്യ സംവിധാനങ്ങള്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ച രീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതും ആശ്വാസകരമായ കാര്യമാണ്. എങ്കിലും നഗരങ്ങളിലുള്ളതു പോലെത്തന്നെ ശക്തമായ നിയന്ത്രണങ്ങള്‍ ഗ്രാമ പ്രദേശങ്ങളിലും അനിവാര്യമാണെന്നാണ് ഈ വസ്തുത വ്യക്തമാക്കുന്നത്. അതുകൊണ്ട് നിയന്ത്രണങ്ങള്‍ വിട്ടു വീഴ്ചയുമില്ലാതെ ഗ്രാമപ്രദേശങ്ങളിലും നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പൂര്‍ണരൂപം: ഇന്ന് 142588 പരിശോധന നടത്തിയതില്‍ 37190 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 57 മരണങ്ങളുണ്ടായി. 356872 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. നിലവില്‍ 2.4 ലക്ഷം ഡോസ് വാക്‌സിനാണ് സ്റ്റോക്കുള്ളത്. പരമാവധി രണ്ടു ദിവസത്തേയ്ക്ക് മാത്രമേ അതു തികയുകയുള്ളൂ. 4 ലക്ഷം ഡോസ് കോവിഷീല്‍ഡും 75000 ഡോസ് കോവാക്‌സിനും ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് മൂന്നിലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 270.2 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സ്റ്റോക്കിലുണ്ട്. 8.97 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ആയും സ്റ്റോക്കുണ്ട്. 108.35 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഇപ്പോള്‍ ഒരു ദിവസം നമുക്ക് വേണ്ടി വരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. അത് നല്ല രീതിയില്‍ കുറച്ച് കൊണ്ടു വരാനാകണം എന്നാണ് ഇന്ന് ചേര്‍ന്ന അവലോകനയോഗം കണ്ടത്. ഓക്‌സിജന്‍ ലഭ്യതയുമായി ബന്ധപ്പെട് നടപടികള്‍ എടുക്കും. ജില്ലകളില്‍ വിഷമം ഉണ്ടായാല്‍ ഇടപെടാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. വിക് ടേഴ്‌സ് ചാനല്‍ വഴി കോവിഡ് രോഗികള്‍ക് ഫോണ്‍ ഇന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കും. സ്വകാര്യ ചാനലുകള്‍ ഡോക്ടര്‍മാരുമായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നടത്താന്‍ സൗകര്യം ഒരുക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. അടുത്ത രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ തെരഞെടുപ്പ് ഡ്യൂടി ചെയ്ത റിട്ടേണിങ് ഓഫീസര്‍മാരെ നിയോഗിക്കും. ടെലിമെഡിസിന്‍ കൂടുതല്‍ ഫലപ്രദമാക്കണം. ഒരു രോഗിക്ക് ഒരു തവണ ബന്ധപ്പെട്ട ഡോക്ടര്‍മാരെത്തന്നെ ബന്ധപ്പടാനാകണം. ഈ കാര്യത്തില്‍ സ്വകാര്യ ഡോക്ടര്‍മാരും സംഘടനകളും പങ്കാളിത്തം വഹിക്കണം. കെ ടി ഡി സി ഉള്‍പ്പെടെയുള ഹോട്ടലുകള്‍, സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ എന്നിവയെല്ലാം ബെഡ്ഡുകള്‍ വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കാം. അവശ്യസാധനങ്ങള്‍ ഓണ്‍ലൈനായി വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, ഹോര്‍ട്ടി, കണ്‍സ്യൂമര്‍ ഫെഡ് എന്നിവര്‍ ശ്രദ്ധിക്കണം. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കും. മൃഗചികിത്സകര്‍ക്കു വാക്‌സിന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഓഫീസുകളില്‍ ഹാജര്‍ നില 25 ശതമാനം തീരുമാനിച്ചിട്ടുണ്ട്. അവശ്യം വേണ്ട ഓഫിസുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക്- നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാരെ നിയോഗിക്കണം. അവശ്യമെങ്കില്‍ പോലീസ് സഹായം ഉറപ്പാക്കാനും അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്ന ദിവസം പൗരബോധം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, സംയമനത്തോടെ പെരുമാറിയ കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍. നമ്മള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിഞ്ഞു. അഭിമാനാര്‍ഹമായ കാര്യമാണത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് കാണിക്കുന്നത് കേരളത്തില്‍ രോഗം ഉച്ചസ്ഥായിയില്‍ എത്താന്‍ ഇനിയും സമയമെടുക്കും എന്നാണ്. രോഗവ്യാപനം ഇനിയും കൂടുമെന്ന് അതില്‍ നിന്നും മനസ്സിലാക്കാം. ലാന്‍സെറ്റ് ഗ്‌ളോബല്‍ ഹെല്‍ത്ത് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനം വ്യക്തമാക്കുന്നത് ഒന്നാമത്തെ തരംഗത്തില്‍ നിന്നും വ്യത്യസ്തമായി നഗരങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ ഗ്രാമീണ മേഖലകളിലേയ്ക്ക് കൂടി ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചു എന്നാണ്. ഇന്ത്യയില്‍ ഇത്തവണ മരണങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇതു കാരണമായതായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ആരോഗ്യസംവിധാനങ്ങളുടെ ദൗര്‍ലഭ്യം ഈ സ്ഥിതിവിശേഷത്തെ കൂടുതല്‍ ഗുരുതരമാക്കിയിരിക്കുന്നത്. പഞ്ചാബില്‍ 80 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ ലക്ഷണങ്ങള്‍ വളരെ കൂടിയ ഘട്ടത്തിലാണ് ചികിത്സ തേടിയെത്തിയത് എന്നും പഠനം വ്യക്തമാക്കുന്നു. കേരളത്തിലും രണ്ടാമത്തെ തരംഗത്തില്‍ ഗ്രാമീണ മേഖലകളില്‍ മുന്‍പുള്ളതിനേക്കാള്‍ കേസുകള്‍ കൂടുന്ന പ്രവണത കാണുന്നുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം നഗര-ഗ്രാമ അന്തരം താരതമ്യേന കുറവാണെന്നതും, ഗ്രാമീണ മേഖലകളിലും ആരോഗ്യ സംവിധാനങ്ങള്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ച രീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതും ആശ്വാസകരമായ കാര്യമാണ്. എങ്കിലും നഗരങ്ങളിലുള്ളതു പോലെത്തന്നെ ശക്തമായ നിയന്ത്രണങ്ങള്‍ ഗ്രാമ പ്രദേശങ്ങളിലും അനിവാര്യമാണെന്നാണ് ഈ വസ്തുത വ്യക്തമാക്കുന്നത്. അതുകൊണ്ട് നിയന്ത്രണങ്ങള്‍ വിട്ടു വീഴ്ചയുമില്ലാതെ ഗ്രാമപ്രദേശങ്ങളിലും നടപ്പിലാക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അക്കാര്യം ഉറപ്പു വരുത്തണം. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണം. പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ചുകൊണ്ട് അവരുടെ ഓക്‌സിജന്‍ നില ഇടയ്ക്കിടെ മോണിറ്റര്‍ ചെയ്യുകയും, എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വാര്‍ഡ് മെമ്പര്‍റുമായോ ആരോഗ്യപ്രവര്‍ത്തകരുമായോ ഹെല്‌പ്ലൈനുമായോ ബന്ധപ്പെട്ടുകൊണ്ട് തുടര്‍നടപടികള്‍ സ്വീകരിക്കണം. ആര്‍ക്കെങ്കിലും ചികിത്സ ലഭിക്കാതെ പോകുന്ന സാഹചര്യം ഉണ്ടാകാതെ നോക്കണം. 56 ശതമാനം ആളുകളിലേയ്ക്ക് രോഗം പകര്‍ന്നത് വീടുകളില്‍ വച്ചാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിയ പഠനം കണ്ടെത്തിയത്. ഗൗരവത്തോടെ പരിഗണിക്കേണ്ട ഒരു പ്രശ്‌നമാണിത്. എല്ലാവരും അവരവരുടെ കുടുംബത്തിനു ചുറ്റും ഒരു സുരക്ഷാവലയം ഒരുക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണം. വീടില്‍ നിന്നു പുറത്തിറങ്ങുന്നവര്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്തണം. വീട്ടിലെ വയോജനങ്ങളും കുട്ടികളും ആയി ഇടപഴകുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. കഴിയാവുന്നത്ര വീട്ടില്‍ നിന്നു പുറത്തിറങ്ങാതിരിക്കുക എന്നതാണ് ഈ ഘട്ടത്തില്‍ എടുക്കാവുന്ന ഏറ്റവും പ്രധാന മുന്‍കരുതല്‍. വീട്ടില്‍ നിന്നു പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കിയതിന്റെ ഫലമായി രോഗവ്യാപനത്തിന്റെ തോത് 60 ശതമാനത്തോളം കുറയ്ക്കാനായി എന്നാണ് ജപ്പാനില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് നമ്മുടെ നാട്ടിലും ആളുകള്‍ കഴിയുന്നത്ര വീട്ടില്‍ തന്നെ ഇരിക്കുന്നതാണ് ഈ സന്ദര്‍ഭത്തില്‍ ഏറ്റവും അനിവാര്യമായ കാര്യം. സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ ഏറ്റവും അടുത്ത കടയില്‍ നിന്നും ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം ഏറ്റവും കുറഞ്ഞ സമയത്തിനുകള്ളില്‍ വാങ്ങുക. പോകുന്ന സമയത്ത് ഡബിള്‍ മാസ്‌കുകള്‍ ഉപയോഗിക്കാനും അകലം പാലിക്കാനും സാനിറ്റൈസര്‍ കയ്യില്‍ കരുതാനും ശ്രദ്ധിക്കണം, തിരിച്ചു വീട്ടിലെത്തുമ്പോള്‍ കൈകാലുകളും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് ഏറ്റവും നല്ലത്. വസ്ത്രങ്ങള്‍ മാറ്റുകയും വേണം. ചുമ്മല്‍, തുമ, ജലദോഷം, ശ്വാസം മുട്ടല്‍ തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെത്തന്നെ വീട്ടിലാണെങ്കിലും മാസ്‌ക് ധരിക്കണം. വീട്ടിലെ മറ്റംഗങ്ങളും മാസ്‌ക് ധരിക്കണം. ഉടനടി ടെസ്റ്റിനു വിധേയമാവുകയും കോവിഡ് രോഗബാധയുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. മറ്റു വീടുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കേണ്ട ഘട്ടമാണിത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മറ്റു വീടുകളില്‍ പോവുകയാണെങ്കില്‍ മാസ്‌കുകള്‍ ധരിച്ചും കൈകള്‍ സാനിറ്റൈസ് ചെയ്തും ആയിരിക്കണം അകത്തേയ്ക്ക് കയറേണ്ടത്. വരുന്ന ആള്‍ മാത്രമല്ല, വീട്ടിലുള്ളവരും മാസ്‌ക് ധരിച്ചുകൊണ്ട് മാത്രമേ സന്ദര്‍ശകരുമായി ഇടപഴകാന്‍ പാടുള്ളൂ. കോവിഡ് വന്നേക്കാമെന്ന് ഭയപ്പെട്ട് വീട്ടിലെ ജനലുകള്‍ പലരും അടച്ചിടാറുണ്ട്. അതു തെറ്റായ രീതിയാണ്. ജനലുകള്‍ എല്ലാം തുറന്ന് വീടിനകത്ത് കഴിയാവുന്നത്ര വായു സഞ്ചാരം ഉറപ്പു വരുത്താനാണ് ശ്രമിക്കേണ്ടത്. വായു സഞ്ചാരമുണ്ടാകുമ്പോള്‍ രോഗം പകരാനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നത്. ആളുകള്‍ നിരന്തരമായി സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍, ഉദാഹരണമായി വാതിലുകളുടെ ഹാന്റിലുകള്‍, സ്വിച്ചുകള്‍, തുടങ്ങിയവ ഇടയ്ക്ക് സാനിറ്റൈസ് ചെയ്യുന്നതും നല്ലതാണ്. ഇത്തരത്തില്‍, വീട്ടില്‍ മാസ്‌കുകള്‍ ധരിക്കേണ്ട സാഹചര്യത്തില്‍ അവ ധരിച്ചും, പുറത്തിറങ്ങുന്നത് പരമാവധി കുറച്ചും, പുറത്തിറങ്ങുന്നവര്‍ ശരീരം ശുചിയാക്കിയും, വയോജനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയും, ഗൃഹസന്ദര്‍ശനങ്ങള്‍ ഉപേക്ഷിച്ചും, വീടിനകത്തെ വായു സഞ്ചാരം ഉറപ്പാക്കിയും, വീടിനകത്തെ ശുചിത്വം പാലിച്ചും ഒക്കെ കോവിഡ് രോഗബാധയേല്‍ക്കാത്ത ഇടങ്ങളായി നമ്മുടെ വീടുകളെ മാറ്റാന്‍ ഓരോരുത്തരും മുന്‍കൈ എടുക്കണം. ആരോഗ്യസംവിധാനത്തിന്റെ സര്‍ജ് കപ്പാസിറ്റി ഉയര്‍ത്താനുള്ള പരമാവധി ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. എങ്കിലും അതൊന്നും മതിയാകാത്ത ഒരു സാഹചര്യം ഈ രീതിയില്‍ രോഗവ്യാപനം വളരുകയാണെങ്കില്‍ സംജാതമാകുമെന്നത് നമ്മള്‍ മുന്‍കൂട്ടിക്കാണേണ്ടതാണ്. ഇപ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെല്ലാം പ്രവര്‍ത്തിക്കുന്നത് വലിയ സമ്മര്‍ദ്ദത്തിനു കീഴ്‌പ്പെട്ടുകൊണ്ടാണ്. അതിനിയും വര്‍ദ്ധിക്കാതെ നോക്കുക എന്നത് അതിപ്രധാനമാണ്. കഴിഞ്ഞ ഘട്ടത്തില്‍ രോഗബാധ ഗുരുതരമായ വ്യക്തിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 70 ദിവസങ്ങളിലധികം നീണ്ട ചികിത്സയും പരിചരണവും നല്‍കി രോഗമുക്തമാക്കിയത് എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും. അത്തരത്തില്‍ നിരവധി ആളുകളെ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ സാധിച്ചിരുന്നു. രോഗവ്യാപനം വല്ലാതെ ഉയരുകയാണെങ്കില്‍ ഇത്തരത്തിലുള്ള പരിചരണം നല്‍കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമുണ്ടാകും. അതുകൊണ്ട് അത്തരമൊരു അവസ്ഥ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം സമൂഹമെന്ന നിലയ്ക്ക് നമ്മളേറ്റെടുത്തേ മതിയാകൂ. വാക്‌സിനേഷന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും നമുക്ക് ലഭിച്ചത് 7338860 ഡോസുകളാണ്. എന്നാല്‍ നമ്മള്‍ ഉപയോഗിച്ചത് 7426164 ഡോസുകളാണ്. ഓരോ വാക്‌സിന്‍ വൈലിനകത്തും പത്തു ഡോസ് കൂടാതെ വേയ്‌സ്റ്റേജ് ഫാക്റ്റര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ ഈ അധിക ഡോസ് കൂടെ നമുക്ക് നല്‍കാന്‍ സാധിച്ചു. അതുകൊണ്ടു മാത്രം 315580 ഡോസ് വാക്‌സിന്‍ കൂടെ നമ്മുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തന്നതില്‍ കൂടുതല്‍ നമ്മള്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ അതീവ ശ്രദ്ധയോടെ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചത് ആരോഗ്യപ്രവര്‍ത്തകരുടെ, പ്രത്യേകിച്ച് നഴ്‌സുമാരുടെ, മിടുക്കു കൊണ്ടാണ്. ആരോഗ്യപ്രവര്‍ത്തകരെ ഇക്കാര്യത്തില്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. അഭിമാനാര്‍ഹമായ വിധത്തിലാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ അവര്‍ പ്രവര്‍ത്തിച്ചത്. വാക്‌സിനുകള്‍ ലഭിക്കുന്നില്ല എന്നതാണ് നിലവില്‍ നേരിടുന്ന പ്രശ്‌നം. ഒന്നുകില്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന തരത്തില്‍ രാജ്യത്തെ വാക്‌സിന്‍ സപ്‌ളൈ ഉറപ്പു വരുത്തുകയെങ്കിലും വേണം. ഈ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും, വാക്‌സിന്‍ ദൗര്‍ലഭ്യം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ കേന്ദ്ര സര്‍ക്കാരിനെ ഇതിനോടകം ബന്ധപ്പെട്ട് കഴിഞ്ഞതാണ്. രോഗം ഇത്തരത്തില്‍ വ്യാപിക്കുന്ന സമയത്ത് പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയ്യുക എന്നത് അനിവാര്യമാണ്. മുന്‍പ് നടന്ന പത്ര സമ്മേളനത്തില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമാകാന്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ തയ്യാറാകണമെന്ന് നേരത്തെ തന്നെ അഭ്യര്‍ത്ഥിച്ചിരുന്നു. ആ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് പുതുതായി 11 സ്വകാര്യ ആശുപത്രികള്‍ കൂടി പദ്ധതിയുടെ ഭാഗമായിരിക്കുകയാണ്. അവരെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു. കൂടുതല്‍ ആശുപത്രികള്‍ ഈ പാത പിന്തുടരണം. കൂടുതലാളുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ അതു സഹായകമാകും. സംസ്ഥാനത്താകെ കോവിഡിനെതിരായ പോരാട്ടം ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും ഫലപ്രദമായി ഇടപെടുകയാണ്. തിരുവനന്തപുരം ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ മെഡിക്കല്‍ ഓക്‌സിജന്‍ സംഭരണം ആരംഭിച്ചിട്ടുണ്ട്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭരിച്ചു സൂക്ഷിക്കാന്‍ വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ ജില്ലാ സിലിണ്ടര്‍ സ്റ്റോക്ക് റൂം സജ്ജമാക്കി. ആരോഗ്യ കേന്ദ്രങ്ങളിലും സിഎഫ്എല്‍ടിസികള്‍ അടക്കമുള്ള ചികിത്സാ കേന്ദ്രങ്ങളിലും ഓക്‌സിജന്‍ സുഗമമായി ലഭിക്കുന്നുണ്ടെന്നു നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്നു നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോഴും 50 ശതമാനം കിടക്കകള്‍ സജ്ജമാക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. കൊല്ലം ജില്ലയിലെ ഹാര്‍ബറുകളുടേയും അനുബന്ധ ലേലഹാളുകളുടേയും പ്രവര്‍ത്തനം നിരോധിച്ചു. പത്തനംതിട്ട ജില്ലയില്‍. അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങള്‍ കേന്ദ്രീകരിച്ച് ജില്ലയില്‍ കോവിഡ് പരിശോധന വിപുലമാക്കി. ആലപ്പുഴ ജില്ലയില്‍ ഓക്‌സിജന്‍ വാര്‍ റൂമിന്റെ നേതൃത്വത്തില്‍ ശേഖരിച്ച ഓക്‌സിജന്‍ സിലണ്ടറുകള്‍ നിറയ്ക്കുന്നതിനായി മാവേലിക്കരയിലെ ട്രാവന്‍കൂര്‍ വര്‍ക്‌സ് ഓക്‌സിജന്‍ പ്ലാന്റിലേക്ക് മാറ്റി. ഇവ നിറച്ച് ഡി.എം.ഒ.യുടെ കീഴിലുള്ള ഓക്‌സിജന്‍ സ്റ്റോര്‍ റൂമില്‍ സൂക്ഷിക്കും. ആവശ്യാനുസരണം ആശുപത്രികള്‍ക്കും മറ്റ് ചികിത്സാകേന്ദ്രങ്ങള്‍ക്കും വിതരണം ചെയ്യും. വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണത്തിനായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആനിമല്‍ ഡേ കെയര്‍ സെന്റര്‍ തുടങ്ങി. കോട്ടയം ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത മുന്‍കൂട്ടി അറിയുന്നതിന് പ്രത്യേക കണ്‍ട്രോള്‍ സെല്‍ തുറക്കും. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞദിവസം 32.90 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പര്‍ക്കത്തിലൂടെ വീടുകളില്‍ തന്നെ കൂടുതല്‍ ആളുകള്‍ക്ക് രോഗം പകരുന്ന സാഹചര്യമുള്ളതിനാല്‍, കാര്യമായ രോഗലക്ഷണമില്ലാത്തവരെ ഡൊമിസലറി കെയര്‍ സെന്ററുകളിലേക്ക് മാറ്റും. കണ്ണൂര്‍ ജില്ലയില്‍ ചികില്‍സാ സൗകര്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ, എല്ലാ സ്വകാര്യ-സഹകരണ-ഇഎസ്‌ഐ ആശുപത്രികളിലെയും പകുതി കിടക്കകള്‍ കൊവിഡ് ചികില്‍സയ്ക്കു മാത്രമായി മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഗുരുതര രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കാറ്റഗറി ബി, സി വിഭാഗങ്ങളില്‍പ്പെട്ട കൊവിഡ് രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. ചികില്‍സയ്ക്കാവശ്യമായ കിടക്കകള്‍, ഡി ടൈപ്പ് ഓക്സിജന്‍ സിലിണ്ടര്‍, ജീവന്‍ രക്ഷാ മരുന്നുകള്‍ തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനായി സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ പ്രധാന ആശുപത്രികളിലും ഒരോ ഇന്‍സിഡന്റ് കമാന്ററെ നിയമിച്ചിട്ടുണ്ട്. ഓരോ ആശുപത്രിയിലും ഓക്സിജന്‍ ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ജോലിക്കാര്‍ക്ക് സമീപ പ്രദേശത്തുതന്നെ താമസസൗകര്യം ഒരുക്കേണ്ട ചുമതല ഉടമസ്ഥര്‍ക്ക് ഉണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുടെ യാത്ര ഒഴിവാക്കാനാണ് ഇത്. താമസസൗകര്യം ഒരുക്കാന്‍ കഴിയില്ലെങ്കില്‍ ജോലിക്കാര്‍ക്ക് യാത്ര ചെയ്യാനായി വാഹന സൗകര്യം ഏര്‍പ്പെടുത്തണം. കൂലിപ്പണിക്കാര്‍, വീട്ടുജോലിക്കാര്‍ മുതലായവരുടെ യാത്ര ചില സ്ഥലങ്ങളില്‍ പോലീസ് തടസപ്പെടുത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം ജോലിക്കാരുടെ യാത്രാബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കും. നടപ്പ്, ഓട്ടം, വിവിധതരം കായികവിനോദങ്ങള്‍ മുതലായ വ്യായാമ മുറകള്‍ക്കായി പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി ഒഴിവാക്കണം. ഇത്തരം വ്യായാമമുറകള്‍ക്ക് വീടും വീട്ടുപരിസരവും ഉപയോഗിക്കുകയാണ് വേണ്ടത്. പൊതുസ്ഥലങ്ങളില്‍ പോകുന്നവര്‍ രണ്ട് മാസ്‌ക് ധരിക്കണമെന്ന് നേരത്തേ തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ പലരും ഈ നിര്‍ദ്ദേശം പാലിക്കുന്നതായി കാണുന്നില്ല. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനും മറ്റുളളവരിലേയ്ക്ക് രോഗം പടരുന്നത് തടയുന്നതിനുമാണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. അത് കൃത്യമായി പാലിക്കണമെന്നാണ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കാനുളളത്. രണ്ട് മാസ്‌ക് ഉപയോഗിക്കുന്നവര്‍ ആദ്യം സര്‍ജിക്കല്‍ മാസ്‌കും പുറമെ തുണി മാസ്‌കുമാണ് ധരിക്കേണ്ടത്. അല്ലെങ്കില്‍ എന്‍-95 മാസ്‌ക് ഉപയോഗിക്കണം. മാര്‍ക്കറ്റിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലും എത്തുന്നവരും ജീവനക്കാരും പരസ്പരം കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം പാലിക്കണം. ഓക്‌സിജന്‍, മരുന്നുകള്‍ മുതലായ അവശ്യ വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് റോഡില്‍ ഒരു തടസവും ഉണ്ടാകാന്‍ പാടില്ലെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പോലീസ് എസ്‌കോര്‍ട്ട് നല്‍കും. ഇവയുടെ നീക്കം സുഗമമാക്കാന്‍ ജില്ലാ തലത്തില്‍ ഒരു നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തും. സംസ്ഥാന തലത്തില്‍ ഇക്കാര്യം നിരീക്ഷിക്കാനുളള ഉത്തരവാദിത്തം ക്രമസമാധാനവിഭാഗം എ.ഡി.ജി.പി ക്ക് ആയിരിക്കും. വാര്‍ഡ് തല സമിതികള്‍, റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. അടുത്ത 24 മണിക്കൂറിനുളളില്‍ ഇവയുടെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ എത്തും. ക്വാറന്റൈന്‍ ലംഘനം കണ്ടെത്തുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനുമായി വാര്‍ഡുകള്‍ തോറും നിയോഗിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം വിജയകരമാണ്. വനിതാ പോലീസ് സ്റ്റേഷന്‍, വനിതാ സെല്‍, വനിത സ്വയം പ്രതിരോധ സംഘം എന്നിവയിലെ ഉദ്യോഗസ്ഥരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുളളത്. വനിതാ മോട്ടോര്‍സൈക്കിള്‍ പട്രോള്‍ സംഘത്തിന്റെ പ്രവര്‍ത്തനവും വിവിധ ജില്ലകളില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 17,730 പേര്‍ക്കെതിരെ കേസ് രജിസറ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 9,551 പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. പിഴയായി 56,34,500 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.Kerala

Gulf


National

International