സൂപ്പര്‍ താരത്തെ ഒഴിവാക്കി ബട്‌ലറുടെ ഐ.പി.എല്‍ ഇലവന്‍; ‘മിസ്റ്റര്‍ ഐ.പി.എല്‍.’ ഇല്ലാതെ താങ്കളെന്തിനെന്നു സോഷ്യല്‍ മീഡിയtimely news image

ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്തു പുലിവാലു പിടിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ഓപ്പണറും വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനുമായ ജോസ് ബട്‌ലര്‍. എന്നാല്‍ ഈ ടീം സെലക്ഷന്റെ പേരില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല നേരിടുകയാണ് ഇംഗ്ലീഷ് താരം. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും എം.എസ്. ധോണിയുമടക്കമുള്ള ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തി ഇലവന്‍ രൂപീകരിച്ചപ്പോള്‍ മറ്റൊരു ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ഒഴിവാക്കിയതാണ് ബട്‌ലര്‍ക്ക് വിനയായത്. ഐ.പി.എല്‍. ചരിത്രത്തിലെ മൂന്നാമത്തെ മികച്ച റണ്‍വേട്ടക്കാരനായ സുരേഷ് റെയ്‌നയ്ക്കാണ് ടീമില്‍ ഇടമില്ലാതെ പോയത്. താന്‍ ഓപ്പണറായി ഇറങ്ങുന്ന ടീമില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെയാണ് തന്റെ പങ്കാളിയായി ബട്‌ലര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മൂന്നാമനായി ആര്‍.സി.ബി. നായകന്‍ വിരാട് കോഹ്ലി ഇറങ്ങുമ്പോള്‍ ബാംഗ്ലൂരിന്റെ തന്നെ എ.ബി. ഡിവില്ല്യേഴ്‌സ് ആണ് മധ്യനിരയുടെ നെടുന്തൂണ്‍. അഞ്ചാമനായി ഫിനിഷറുടെ റോളില്‍ ധോണി അല്ലാതെ മറ്റൊരു താരത്തെ തെരഞ്ഞെടുക്കാന്‍ ബട്‌ലറിന് ആവില്ലായിരുന്നു. ഓള്‍റൗണ്ടര്‍മാരായി മുംബൈയുടെ കീറോണ്‍ പൊള്ളാര്‍ഡും ചെന്നൈയുടെ രവീന്ദ്ര ജഡേജയും ഇടംനേടി. പേസര്‍മാരായി മുംബൈയുടെ ജസ്പ്രീത് ബുംറയും സണ്‍റൈസേഴ്‌സിന്റെ ഭുവനേശ്വര്‍ കുമാറിനും മുന്‍ മുംബൈ താരം ലസിത് മലിംഗയും ടീമിലുണ്ട്. മുംബൈയ്ക്കും ചെന്നൈയ്ക്കും വേണ്ടി കളിച്ചിട്ടുള്ള ഹര്‍ഭജന്‍ സിങ്ങാണ് ടീമിന്റെ സ്‌പെഷലിസ്റ്റ് സ്പിന്നര്‍. എന്നാല്‍ റെയ്‌നയെ ഒഴിവാക്കിയത് ആരാധകര്‍ക്ക് സഹിക്കാനായില്ല. ടീം ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു പിന്നാലെ ബട്‌ലര്‍ക്ക് പൊങ്കാലയിടുകയാണ് റെയ്‌ന ആരാധകര്‍. ഐ.പി.എല്ലിലെ തന്നെ മികച്ച താരങ്ങളിലൊരാളായ റെയ്‌നയ്ക്ക് ഇടമില്ലാത്ത ടീമില്‍ താങ്കള്‍ക്കെന്ത് കാര്യമെന്നു വരെ ചിലര്‍ ബട്‌ലറോട് ചോദിക്കുന്നു.Kerala

Gulf


National

International