കൊവിഡിന്‍റെ തുടക്കം വുഹാൻ ലാബിൽ? സംശയങ്ങൾക്ക് ബലമേകി യുഎസ് റിപ്പോർട്ട്timely news image

വാഷിങ്ടൺ: കൊവിഡ് 19ന്‍റെ തുടക്കം വുഹാനിലെ ലാബിൽ നിന്നാണെന്ന സംശയങ്ങൾക്കു ബലം നൽകി യുഎസ് ഇന്‍റലിജൻസ് റിപ്പോർട്ട്. 2019 നവംബറിൽ വുഹാൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെ മൂന്നു ഗവേഷകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്ന യുഎസ് ഇന്‍റലിജൻസ് വിവരം വോൾ സ്ട്രീറ്റ് ജേണൽ പത്രം പുറത്തുവിട്ടു.  കൊവിഡിനെ ചൈന പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുൻപാണ് ഗവേഷകർ ചികിത്സ തേടിയത്. ചികിത്സ തേടിയ ഗവേഷകരുടെ പൂർണ വിവരങ്ങൾ, സമയം എന്നിവയടക്കം വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്നും പത്രം വ്യക്തമാക്കി. കൊവിഡിന്‍റെ തുടക്കം എവിടെ നിന്നാണെന്ന അന്വേഷണത്തിന്‍റെ അടുത്ത ഘട്ടത്തെക്കുറിച്ചു ലോകാരോഗ്യ സംഘടനയുടെ യോഗം ഇന്നു ചർച്ച ചെയ്യാനിരിക്കെയാണു നിർണായക വിവരങ്ങൾ പുറത്തുവന്നത്. സാർസ് വൈറസിനെ ജൈവായുധമായി ഉപയോഗിക്കുന്നതിനെക്കുറിച്ചു 2015ൽ ചൈനീസ് സേന ചർച്ച നടത്തിയതായി കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മൂന്നാം ലോകയുദ്ധം നേരിട്ടല്ല, മറിച്ച് ഇത്തരം വൈറസ് ആക്രമണങ്ങളിലൂടെയാണു വേണ്ടതെന്നായിരുന്നുവത്രെ ചൈനീസ് സേനയുടെ നിലപാട്. വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കാൻ തയാറായില്ലെങ്കിലും കൊവിഡിന്‍റെ ഉറവിടത്തെക്കുറിച്ചും രോഗത്തിന്‍റെ ആദ്യ കാലങ്ങളെക്കുറിച്ചും ബൈഡൻ ഭരണകൂടത്തിന് ഗൗവമേറിയ സംശയങ്ങളുണ്ടെന്നു  യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് വ്യക്തമാക്കി.  ആരുടെയും ഇടപെടലോ രാഷ്‌ട്രീയ താത്പര്യങ്ങളോ ഇല്ലാത്ത വിദഗ്ധ അന്വേഷണത്തിന് ഡബ്ല്യുഎച്ച്ഒയോടും അംഗരാഷ്‌ട്രങ്ങളോടും ചേർന്നു പ്രവർത്തിക്കാനാണു യുഎസ് ശ്രമിക്കുന്നതെന്നും വക്താവ്. ഡബ്ല്യുഎച്ച്ഒയുടെ പത്തംഗ സംഘം കൊവിഡ് 19ന്‍റെ ഉറവിടത്തെക്കുറിച്ച് നടത്തിയ ആദ്യ ഘട്ടം പഠനത്തിൽ വുഹാൻ ലാബിൽ നിന്നല്ല രോഗം പടർന്നതെന്നാണു പറയുന്നത്. എന്നാൽ, കഴിഞ്ഞ മാർച്ചിൽ   യുഎസ്, നോർവെ, ക്യാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ ഈ റിപ്പോർട്ടിൽ അതൃപ്തി രേഖപ്പെടുത്തി. രോഗത്തിന്‍റെ തുടക്കകാലത്തെ മനുഷ്യരെയും മൃഗങ്ങളെയും സംബന്ധിച്ച വിവരങ്ങൾ സമഗ്രമായി ലഭ്യമാക്കണമെന്ന് ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിൽ ചൈന കുറേക്കൂടി സുതാര്യത പുലർത്തണമെന്നു യുഎസ് ആവശ്യപ്പെട്ടെങ്കിലും ചൈന ഇതിനോടു പ്രതികരിച്ചിട്ടില്ല. വുഹാൻ ലാബിൽ നിന്നു ഗവേഷകരിലേക്കും തുടർന്നു മനുഷ്യരാശിയിലേക്കും പടരുകയായിരുന്നു വൈറസ് എന്നാണ് ട്രംപ് ഭരണകൂടം ആരോപിച്ചത്. എന്നാൽ, യുഎസ് അനാവശ്യമായി ആരോപണമുന്നയിക്കുകയാണെന്നാണു ചൈനയുടെ വാദം. ഏറ്റവുമാദ്യം രോഗം ബാധിച്ചതാർക്കെന്നുള്ള വിവരങ്ങൾ പോലും ചൈന ഇതുവരെ കൈമാറിയിട്ടില്ല. ഔദ്യോഗിക രേഖകൾക്കനുസരിച്ച് ആദ്യ രോഗബാധ ഉണ്ടായത് ഡിസംബർ എട്ടിനാണെങ്കിലും ഡിസംബർ ഒന്നു മുതലുള്ള രോഗബാധ സംബന്ധിച്ച വിവരങ്ങൾ പല ഗവേഷകരും ശേഖരിച്ചിരുന്നു.  2019 ഡിസംബറിലാണ് ഡോ. ലി വെൻലിയങ് ഉൾപ്പടെ എട്ടു ഡോക്റ്റർമാർ നോവൽ കൊറോണ വൈറസിന്‍റെ ഭീകരത തിരിച്ചറിഞ്ഞു മുന്നറിയിപ്പു നൽകിയത്. എന്നാൽ, ലീയെ നിശബ്ദനാക്കാനും രോഗവിവരം മറച്ചുവയ്ക്കാനുമായിരുന്നു ചൈനീസ് ഭരണകൂടം ശ്രമിച്ചത്. അധികം വൈകാതെ ലീ കൊവിഡ് ബാധിച്ചു മരിച്ചതായി ചൈന അറിയിക്കുകയും ചെയ്തു. ഡിസംബർ ആദ്യം രോഗബാധ വ്യാപകമായെങ്കിലും ജനുവരി 22ന് മാത്രമാണു വുഹാനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇതിനു മുൻപുതന്നെ രോഗം ലോകരാജ്യങ്ങളിലേക്കു പടർന്നുകഴിഞ്ഞിരുന്നു.Kerala

Gulf


National

International