മാരിയില്‍ കടവ് പാലം അപ്രോച്ച് റോഡ് ; സ്ഥലം ഏറ്റെടുക്കലിനു തുക അനുവദിക്കണമെന്ന് - പി.ജെ. ജോസഫ്timely news image

    തൊടുപുഴ : തൊടുപുഴയാറിന് കുറുകെ മാരിയില്‍ കടവില്‍ നിര്‍മ്മിച്ചിട്ടുള്ള  പാലത്തിന് അപ്രോച്ച് റോഡിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് പി.ജെ. ജോസഫ് എം.എല്‍.എ വിശദമായ നിവേദനം നല്‍കി. പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ തടസ്സമായിട്ടുള്ളത് അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകാത്തതാണ്. സ്ഥലം പൊന്നും വിലയ്ക്ക് എടുക്കുന്ന നടപടികള്‍ അവസാന ഘട്ടത്തില്‍ എത്തിയെങ്കിലും, സ്ഥലമേറ്റെടുക്കുന്നതിനുള്ള അവസാന വിജ്ഞാപനം പുറപ്പെടുവിക്കണമെങ്കില്‍ നഷ്ടപരിഹാര തുക ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ സര്‍ക്കാര്‍ കെട്ടിവയ്ക്കണം. ഈ ആവശ്യത്തിലേയ്ക്കായി 3.67 കോടി രൂപ അനുവദിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാസങ്ങള്‍ക്കു മുമ്പ് സര്‍ക്കാരില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. നഷ്ട പരിഹാര തുക എത്രയും വേഗം അനുവദിച്ച് നല്‍കണം എന്നാണ് പി.ജെ. ജോസഫ് നല്‍കിയ നിവേദനത്തിലെ പ്രധാന ആവശ്യം. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായാല്‍ റോഡ് നിര്‍മ്മാണത്തിനുള്ള കോണ്‍ട്രാക്റ്റ് നിലവിലുണ്ട്. നിര്‍മ്മാണ ജോലികള്‍ നടത്താന്‍ കോണ്‍ട്രാക്ടര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാനുള്ള ഫണ്ട് താമസം കൂടാതെ അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എം.എല്‍.എ. അറിയിച്ചു.Kerala

Gulf


National

International