ധര്‍മ്മരാജനുമായി ബന്ധമില്ല, നടക്കുന്നത് ബിജെപി വേട്ട’; പൊലീസ് വിളിപ്പിച്ചത് വിവരശേഖരണത്തിനെന്ന് ഉല്ലാസ് ബാബുtimely news image

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണകേസിലെ പരാതിക്കാരന്‍ ധര്‍മ്മരാജനുമായി ബന്ധമില്ലെന്ന് തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബു. ധര്‍മ്മരാജനുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും അന്വേഷണ സംഘം വിളിപ്പിച്ചത് വിവരശേഖരണത്തിനാണെന്നും വടക്കാഞ്ചേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു ഉല്ലാസ് ബാബു പറഞ്ഞു. ബിജെപി വേട്ടയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഉല്ലാസ് ബാബു ആരോപിച്ചു. കൊടകര കുഴല്‍പ്പണകേസില്‍ ധര്‍മ്മരാജന്റെ മൊഴി പ്രകാരം പൊലീസ് ഇന്ന് ഉല്ലാസ് ബാബുവിന്റെ മൊഴി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം. ധര്‍മ്മരാജന്‍ പത്തു കോടി രൂപ തൃശൂരില്‍ എത്തിച്ചെന്നും ഇതില്‍ 6 കോടി രൂപ തൃശൂരില്‍ ഏല്‍പ്പിച്ചതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ജില്ലാ നേതാക്കളെ ചോദ്യം ചെയ്യുന്നത്. ഇതിനിടെ തൃശൂര്‍ നഗരത്തില്‍ ഉല്ലാസ് ബാബു നടത്തുന്ന ഹോട്ടല്‍ വാടകയിലെ കുടിശികയില്‍ 50 ലക്ഷം രൂപ ഏപ്രില്‍ മാസത്തില്‍ നല്‍കിയിട്ടുണ്ട്. ഈ പണം കുഴല്‍പണമാണെന്നും അത് ധര്‍മ്മരാജന്‍ നല്‍കിയതാണെന്നും ആരോപണമുയര്‍ന്നിരുന്നു. തൃശൂരിലെ ലോഡ്ജ് മുറിയില്‍ ധര്‍മരാജനൊപ്പം ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യലെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം കൊടകര കുഴല്‍പ്പണ കേസിലെ പരാതിക്കാരനും ധര്‍മ്മരാജന്റെ ഡ്രൈവറുമായ ഷംജീറിന്റെ മൊഴിപ്പകര്‍പ്പ് പുറത്തുവന്നു. കവര്‍ച്ച നടന്ന സ്ഥലത്ത് ആദ്യം എത്തിയത് ബിജെപി തൃശൂര്‍ ജില്ലാ ട്രഷറര്‍ സുജയ് സേനന്‍ ആണെന്ന് മൊഴി പകര്‍പ്പില്‍ പറയുന്നു. പരാതി നല്‍കുമ്പോള്‍ ഷംജീര്‍ പൊലീസിന് നല്‍കിയ മൊഴിയാണിത്. അപകടം നടന്നയുടന്‍ തന്നെ ധര്‍മ്മരാജനെ വിളിച്ചിരുന്നു. പിന്നാലെ സുജയ് സേനന്‍ സ്ഥലത്തെത്തി. സുജയ് സേനന്‍ കൊണ്ടുവന്ന കാറിലാണ് തങ്ങള്‍ മടങ്ങിയതെന്നും ഷംജീര്‍ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ ചോദ്യം ചെയ്ത ബിജെപി തൃശൂര്‍ ജില്ലാ നേതാക്കളെ വീണ്ടും അന്വേഷണസംഘം വിളിപ്പിച്ചേക്കും.Kerala

Gulf


National

International