കൊവിഡിന്റെ മറവിൽ ആനവണ്ടികൾ ഡിപ്പോകളിൽ നിന്നും മുക്കുന്നുtimely news image

കോട്ടയം: കൊവിഡ് ആലസ്യത്തിൽ ഉറങ്ങിക്കിടന്ന ഡിപ്പോകളിൽ നിന്നും ആനവണ്ടികൾ അപ്രത്യക്ഷമാകുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ ബസുകൾ നഷ്ടമായത് ഈരാറ്റുപേട്ട ഡിപ്പോയ്ക്കാണ്.  ഇരുപതെണ്ണം. കൊണ്ടുപോയത് മറ്റാരുമല്ല കെഎസ്ആർടിസി തന്നെ. അറ്റകുറ്റപ്പണികൾക്കും മറ്റുമായിട്ടാണ് ഇവ തിരികെ കൊണ്ടുപോയിരിക്കുന്നതെന്നാണ് ഇതേക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം. കോർപറേഷൻ നിർദ്ദേശപ്രകാരം ഈരാറ്റുപേട്ട, വൈക്കം, പാലാ, പൊൻകുന്നം, കോട്ടയം, എരുമേലി ഡിപ്പോകളിൽ നിന്നായി 95 ബസുകളാണ് തിരികെ കൊണ്ടുപോയിട്ടുള്ളത്. ഈരാറ്റുപേട്ട (20), വൈക്കം (19), പാലാ (18), പൊൻകുന്നം (16), കോട്ടയം (15), എരുമേലി(7) എന്നിങ്ങനെയാണ് തിരികെ കൊണ്ടുപോയ ബസുകളുടെ കണക്ക്. ഡിപ്പോകളിൽ വെറുതെ കിടന്ന് ബസുകൾ നശിക്കുന്നത് ഒഴിവാക്കാനും ബസുകൾ കുറവുള്ള സ്ഥലങ്ങളിൽ കൂടുതൽ ബസുകൾ ലഭ്യമാക്കാനും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നുവെന്നാണ് അധികൃതർ പറയുന്നത്. സിഎൻജി, ഇലക്ട്രിക്കൽ സംവിധാനമൊരുക്കൽ മുതലായവ നടത്തി ആധുനികവൽക്കരണവും ഇതോടൊപ്പം കെഎസ്ആർടിസി ലക്ഷ്യമിടുന്നുണ്ടെന്നും പറയുന്നു. എന്തായാലും ഡിപ്പോകളിൽ ഇനി മുതൽ സർവീസ് നടത്തുന്ന ബസുകൾ മാത്രമേ ഉണ്ടാവൂ. പുതിയ സർവ്വീസുകൾ അനുവദിക്കുമ്പോഴും അറ്റകുറ്റപണികൾക്കു വേണ്ടി സർവീസിലുള്ള ബസുകൾ മാറ്റുമ്പോഴും ആവശ്യമായ ബസുകൾ അതത് ഡിപ്പോകൾക്കു ലഭ്യമാക്കുമെന്നാണ് കോർപറേഷൻ അറിയിച്ചിട്ടുള്ളത്. പാലാ ഡിപ്പോ സബ് ഡിപ്പോയാകും:  നൂറിലേറെ ആനവണ്ടികളുടെ തലയെടുപ്പോടെ പൂരപ്പറമ്പ് പോലെ പാലാ ഡിപ്പോയിൽ ഇനിയുള്ളത് അമ്പതോളം ബസുകളാണ്. 104 ബസുകളും 96-ൽ പരം ഷെഡ്യൂളുകളും ഉണ്ടായിരുന്ന ഇവിടെനിന്നും 15 മിനിട്ട് ഇടവിട്ട് എല്ലാ റൂട്ടുകളിലേക്കും വണ്ടിയുണ്ടെന്നുള്ള പറച്ചിൽ ഇനി വേണ്ട. ഇതോടെ  ഏറ്റവും കൂടുതൽ ഫാസ്റ്റ് പാസഞ്ചർ ദീർഘദൂര സൂപ്പർ ക്ലാസ്സ് സർവ്വീസ് ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സിയുടെ പാലാ ഡിപ്പോ സബ് ഡിപ്പോ പദവിയിലേക്ക് താഴും. രാത്രി ഏഴരയ്ക്ക് ശേഷം നേരം പുലരും വരെ സ്വകാര്യ ബസുകൾ ഇല്ലാത്ത പാലാ മേഖല യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്ന നടപടിയാണ് ബസുകൾ ഇല്ലാതായതോടെ ഉണ്ടായിരിക്കുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം പറയുന്നു. ഡിപ്പോയിലെ ജീവനക്കാരെ ഇവിടെ നിന്നും കൂട്ടത്തോടെ മാറ്റിയിട്ടുണ്ടെന്നും ഇനി പരമാവധി നാൽപത്തി ആറ് സർവ്വീസുകൾ മാത്രം നടത്തുവാനുള്ള ജീവനക്കാർ മാത്രമെ ഇവിടെ അവശേഷിക്കുന്നുള്ളൂവെന്നും ശക്തമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടായാലേ ബസുകൾ തിരികെ ലഭിക്കൂവെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി ചോദിക്കാനും പറയാനും അന്വേഷിക്കാനും ആളില്ലാതെ വന്നതാണ് പാലാ ഡിപ്പോയ്ക്ക് ഈ ഗതി ഉണ്ടായത്. നിലവിലെ സ്ഥിതി അനുസരിച്ച് ഓർഡിനറി ബസുകൾ പാടെ നിലയ്ക്കും. കൊവിഡ് ശമിച്ച് പൊതുഗതാഗതം ആരംഭിക്കുമ്പോൾ പാലാ മേഖലയിലെ യാത്രക്കാർക്ക് പകരം ക്രമീകരണം എങ്ങനെ ലഭിക്കുമെന്നാണ് ജയ്സന്റെ ചോദ്യം. അതിനുള്ള ഉത്തരം ഇതുവരെ അധികൃതർ നൽകിയിട്ടുമില്ല.Kerala

Gulf


National

International